ആന എഴുന്നള്ളിപ്പിന് കൂച്ചുവിലങ്ങ്

Saturday 19 November 2016 5:13 pm IST

ആലപ്പുഴ: ആന എഴുന്നള്ളിപ്പിന്റെ വിവരങ്ങള്‍ 72 മണിക്കൂര്‍ മുമ്പായി ആഘോഷക്കമ്മറ്റി ബന്ധപ്പെട്ട ഫോറസ്റ്റ് റേഞ്ചറെയും പൊലീസ് സ്റ്റേഷനിലും വിവരം അറിയിക്കണമെന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നാട്ടാന പരിപാലന ജില്ലാതല സമിതിയുടെ അവലോകനയോഗം കര്‍ശനമായ നിര്‍ദ്ദേശം നല്‍കി. ആലപ്പുഴയില്‍ ഇതുവരെ 242 ഉത്സവങ്ങള്‍ റജിസ്റ്റര്‍ ചെയ്തതായി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ യോഗത്തെ അറിയിച്ചു. കൂടാതെ ഉത്സവങ്ങള്‍ക്കും മറ്റ് പൊതുപരിപാടികള്‍ക്കും നാട്ടാനകളെ എഴുന്നള്ളിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളുടെ പ്രസക്ത ഭാഗങ്ങള്‍ പുസ്തക രൂപത്തിലാക്കി ബന്ധപ്പെട്ട എല്ലാവര്‍ക്കും നല്‍കി. എഴുന്നള്ളത്ത് സമയത്ത് ആനകള്‍ തമ്മില്‍ മതിയായ അകലം പാലിക്കണം. മദപ്പാടുള്ളതും മദം ഒലിക്കുന്നതുമായ ആനകളെ ഒരു കാരണവശാലും എഴുന്നള്ളിപ്പിന് ഉപയോഗിക്കാന്‍ പാടുള്ളതല്ല. അസുഖമുള്ളതോ പരിക്കേറ്റതോ ക്ഷീണിതനോ ഗര്‍ഭിണിയോ ആയ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത് എന്ന് നിര്‍ദ്ദേശിച്ചു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന വെറ്റിനറി ഡോക്ടര്‍മാര്‍ ഇത് ശ്രദ്ധിക്കണം. ആനകളെ എഴുന്നള്ളിക്കുന്ന സ്ഥലങ്ങളില്‍ നിര്‍ബന്ധമായും ആന സ്‌ക്വാഡിലോ വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനമോ ഉത്സവക്കമ്മറ്റി ഉറപ്പു വരുത്തണം. അഞ്ചോ അതില്‍ കൂടുതലോ ആനകളെ എഴുന്നള്ളിക്കുമ്പോള്‍ പബ്ലിക് ലെയബിലിറ്റി ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും ഉത്സവക്കമ്മറ്റി എടുക്കണം.കുട്ടിയാനകളെ (1.5 മീറ്ററില്‍ താഴെ പൊക്കമുള്ളവ) ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കുവാന്‍ പാടില്ല.പറ എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന ആനകള്‍ക്ക് മതിയായ വിശ്രമം നല്‍കണം. പറ എഴുന്നള്ളിപ്പ് കാലത്ത് ആറുമണി മുതല്‍ പതിനൊന്ന് മണി വരേയും വൈകിട്ട് മൂന്നു മണി മുതല്‍ ആറു മണിവരേയും മാത്രമേ നടത്തുവാന്‍ പാടുള്ളു. ഉത്സവ എഴുന്നള്ളിപ്പ് സമയത്ത് ആനയുടെ ഒന്നാം പാപ്പാന്‍ ആനയുടെ അടുത്തു തന്നെ ഉണ്ടായിരിക്കണം. നാട്ടാനകളുടെ ഡേറ്റാബുക്കിന്റെ അസ്സലും ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, മൈക്രോച്ചിപ്പ് സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് (അനുവദിച്ചിട്ടുണ്ടെങ്കില്‍) എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് (15 ദിവസത്തെ കാലാവധിക്കുള്ളിലുള്ളത്) എന്നിവ ഉത്സവ സമയത്ത് പാപ്പാന്റെ കൈവശം ഉണ്ടായിരിക്കണം. എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന ആനകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് രണ്ട് ആഴ്ച കൂടുമ്പോള്‍ പുതുക്കണം. ആനകളെ ഉപയോഗിച്ചുള്ള പുതിയ പൂരങ്ങള്‍ക്ക് അനുവാദം ഇല്ല. 2012ല്‍ ഉണ്ടായിരുന്ന പൂരങ്ങളില്‍ മാത്രമേ തുടര്‍വര്‍ഷങ്ങളില്‍ ആനയെ ഉപയോഗിക്കാന്‍ അനുവാദം നല്‍കാവു. ആനകളുടെ എണ്ണത്തിലും വര്‍ധനവ് പാടില്ല. ആനകളില്‍ നിന്നും നിശ്ചിത ദൂരെ മാത്രമേ (മൂന്ന് മീറ്റര്‍) ആളുകള്‍ നില്‍ക്കാനും സഞ്ചരിക്കാനും പാടുള്ളു. ആനപാപ്പാ•ാര്‍ അല്ലാതെ മറ്റാരും ആനകളെ സ്പര്‍ശിക്കാന്‍ പാടുള്ളതല്ല. പാപ്പാ•ാര്‍ മദ്യപിച്ച് ജോലി ചെയ്യുവാന്‍ അനുവദിക്കരുത്. പൊലീസ് ഉദ്യോഗസ്ഥര്‍ ബ്രത്ത് അനലൈസര്‍ ഉപോയഗിച്ച് പാപ്പാന്മാരെ നിര്‍ബന്ധമായും പരിശോധിക്കണം. പാപ്പാ•ാര്‍ മദ്യപിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ പാപ്പാനെതിരെ നിയമപരമായ നടപടി എടുക്കണം. ആ പാപ്പാനേയും ആനയേയും എഴുന്നള്ളിപ്പില്‍ നിന്ന് നിര്‍ബന്ധമായും മാറ്റിയിരിക്കണം. എഴുന്നള്ളിക്കുന്ന ആനകളുടെ പുറത്ത് മൂന്നില്‍ കൂടുതല്‍ ആളുകളെ കയറ്റുവാന്‍ പാടുള്ളതല്ല. തിടമ്പേറ്റിയ ആനയുടെ പുറത്തുമാത്രം നാലു ആളുകളെ കയറ്റാം. നിബന്ധനകള്‍ അനുസരിക്കാത്ത ആനകളെ ജില്ലയില്‍ എഴുന്നള്ളിക്കുന്നത് വിലക്കുന്നതുള്‍പ്പടെയുള്ള നടപടി സ്വീകരിക്കും. ആനകളെ എഴുന്നള്ളിക്കുമ്പോള്‍ കൊല്ലം, കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ള ആന സ്‌ക്വാഡകളെയാണ് വിവരം അറിയിക്കേണ്ടത്. കൊല്ലത്തെ സ്‌ക്വഡിലുള്ള ഡോ. അലോഷ്യസ്(ഫോണ്‍:9497281880), കോട്ടയം സ്‌ക്വാഡിലുള്ള ഡോ.സുരേന്ദ്രദേവ്(ഫോണ്‍:9745452441) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.