ശാന്തയ്ക്ക് സേവാഭാരതിയുടെ അമ്മക്കൂട്

Saturday 19 November 2016 5:14 pm IST

ചേര്‍ത്തല: ബിജുവിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. അമ്മക്കൂടൊരുക്കി സേവാഭാരതിയുടെ സ്‌നേഹത്തണല്‍. പാമ്പുകടിയേറ്റ് മരിച്ച നഗരസഭ രണ്ടാം വാര്‍ഡ് വട്ടത്തറവീട്ടില്‍ ബിജു(33)ന്റെ സ്വപ്നമാണ് സേവാഭാരതി പ്രവര്‍ത്തകരിലൂടെ പൂവണിയുന്നത്. കഴിഞ്ഞ ഫെബ്രുവരി 24 ന് വീടിന് സമീപത്താണ് ബിജുവിന് പാമ്പിന്റെ കടിയേറ്റത്. നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് താലൂക്കാശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അച്ഛന്‍ വിജയന്റെ മരണത്തിന് ശേഷം കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ബിജു. വീടിന്റെ നിര്‍മാണം നടക്കുന്നതിനിടയിലായിരുന്നു യുവാവിന്റെ ദാരുണ അന്ത്യം. താല്‍ക്കാലികമായി നിര്‍മിച്ച ഷെഡിലായിരുന്നു ബിജുവും അമ്മ ശാന്തയും താമസിച്ചിരുന്നത്. മകന്റെ മരണത്തോടെ ഏകയായ ശാന്തയ്ക്കാണ് സേവാഭാരതി പ്രവര്‍ത്തകര്‍ കൈത്താങ്ങാകുന്നത്. രണ്ട് മുറിയും അടുക്കളയുമുള്ള കൊച്ചുവീടിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. സിമന്റ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സുമനസുകളുടെ സഹായത്തോടെ വാങ്ങിയാണ് നിര്‍മാണം പുരോഗമിക്കുന്നത്. വീടിന്റെ തേപ്പ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. വീട് പണി പൂര്‍ത്തിയാക്കണമെങ്കില്‍ ഇനിയും പണം കണ്ടെത്തേണ്ടതുണ്ട്. സഹായത്തിനായി ആരെങ്കിലും മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് സേവാഭാരതി പ്രവര്‍ത്തകര്‍. ആര്‍എസ്എസ് മുന്‍ മണ്ഡല്‍ കാര്യവാഹ് കൂടിയായിരുന്ന ബിജു വീട് പണിക്കായി ബാങ്കില്‍ നിന്ന് ഒരുലക്ഷം രൂപ വായ്പയും എടുത്തിരുന്നു. മൂലയില്‍ ശാഖയിലെ സ്വയംസേവകര്‍ ചേര്‍ന്ന് മാസം തോറും വായ്പയടക്കുന്നതിനുള്ള പണം കണ്ടെത്തുന്നുണ്ട്. മഴ ശക്തമായാല്‍ വട്ടത്തറ വീടും പരിസരവും വെള്ളത്തിലാകും. അതിനു മുന്‍പ് അമ്മ ശാന്തയ്ക്ക് സുരക്ഷിതമായി തല ചായ്ക്കാന്‍ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള പരിശ്രമത്തിലാണ് സേവാഭാരതിയെന്ന സ്‌നേഹക്കൂട്ടായ്മ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.