കള്ളപ്പണ ശാസ്ത്രജ്ഞന്‍

Saturday 19 November 2016 8:54 pm IST

നവംബര്‍ എട്ടിന് രാത്രി എട്ട് മണി കഴിയുമ്പോഴാണ് തട്ടിപ്പുകാര്‍ക്കും വെട്ടിപ്പുകാര്‍ക്കും എട്ടിന്റെ പണിയുമായി പ്രധാനമന്ത്രി ടിവി സ്‌ക്രീനുകളില്‍ നിറയുന്നത്. അവിടെ നിന്ന് കോടാനുകോടി ജനങ്ങളുടെ ഹൃദയത്തിലേക്കും ദിവസങ്ങള്‍ നീളുന്ന ചര്‍ച്ചകളിലേക്കും മോദി കത്തിക്കയറുന്നതിന്റെ അനുഭവത്തിന് ഇപ്പോഴും ചൂടാറിയിട്ടില്ല. നോട്ടിരട്ടിപ്പുകാര്‍ക്കും കള്ളപ്പണക്കാര്‍ക്കും ഇരിക്കപ്പൊറുതി ഇല്ലാതായ ആ അര്‍ധരാത്രിയിലാണ് ആലപ്പുഴക്കാരന്‍ സഖാവ് ഹിസ്റ്റീരിയ ബാധിച്ചവനെപ്പോലെ ഉറഞ്ഞുതുള്ളിയത്. ഭാവഹാവാദികള്‍ കൊണ്ട് ആ രാത്രി അദ്ദേഹം സാക്ഷാല്‍ ചെമ്പന്‍കുഞ്ഞിനെപ്പോലെ തോന്നിച്ചു. കാത്തുവെച്ച പണമത്രയും പൂഴിയായി മാറിയതറിഞ്ഞ് വട്ട് പിടിച്ച ചെമ്മീനിലെ ചെമ്പന്‍കുഞ്ഞ് കടാപ്പുറത്തുകൂടി ''എന്റെ വല, എന്റെ വള്ളം, എന്റെ പണം'' എന്ന് അലമുറയിട്ട് പാഞ്ഞു. കാണുന്നവരോടൊക്കെ മുതലാളി ചമഞ്ഞു. ''വള്ളം വാങ്ങാന്‍ പണം തരാമെടാ'' എന്ന് ആക്രോശിച്ചു. തോമസ് ഐസക്കിന്റെ ചെമ്പന്‍കുഞ്ഞ് കളിക്കുമുമ്പ് ഇമ്മാതിരി ഒരു പ്രകടനം നമ്മള്‍ കണ്ടത് തൊടുപുഴയിലെ വിശുദ്ധ കറവക്കാരനിലൂടെയായിരുന്നു. മുല്ലപ്പെരിയാര്‍ പൊട്ടാന്‍ പോകുന്നു എന്ന് അന്നത്തെ ആ ജലവിതരണക്കാരന്‍ മന്ത്രി അലറി വിളിച്ചത് പകുതിക്കപ്പുറം പൊങ്ങില്ലെന്ന് കര്‍ത്താവിനെ പിടിച്ച് പുള്ളിക്കാരന്‍ തന്നെ ആണയിട്ട കൈകള്‍ രണ്ടും ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിച്ചായിരുന്നുവെന്ന് ഓര്‍ക്കണം. പത്തുമുപ്പത് ലക്ഷം ആളുകള്‍ ഒലിച്ചുപോകുന്നത് ഓര്‍ത്തിട്ട് തനിക്ക് ഇരിക്കാനും നടക്കാനും കിടക്കാനും വയ്യെന്നായിരുന്നു അച്ചായന്റെ നിലവിളി. ഉറക്കം നഷ്ടപ്പെട്ട നാളുകളെക്കുറിച്ചുള്ള പുള്ളിക്കാരന്റെ ഓരിയിടല്‍ അന്ന് മധ്യകേരളത്തിലെ ജനങ്ങളെയാകെ പരിഭ്രാന്തരാക്കി. അവര്‍ തെരുവിലിറങ്ങി. സമരങ്ങള്‍ നടത്തി. വര്‍ഷം പലത് കഴിഞ്ഞു. മഴ വന്നു, വേനല്‍ വന്നു, കസേരകള്‍ മാറിമറിഞ്ഞു. കറവക്കാരന്‍ പണി മതിയാക്കി മാണിക്കസേരയ്ക്കുചുറ്റും മണ്ടിനടക്കുന്നു. മണ്ഡലകാലത്ത് മാത്രം അണപൊട്ടുന്ന മുല്ലപ്പെരിയാര്‍ഭീതി കുറച്ചുകാലമായി വിറ്റുപോകുന്നില്ല. റാട്ടിന്റെ ഒച്ച നിലയ്ക്കുകയും എണ്ണമറ്റ തൊഴിലാളികള്‍ പട്ടിണിയിലാവുകയും ചെയ്തിട്ടും ഐസക്കും കൂട്ടരും നട്ടുനനച്ചുവളര്‍ത്തിയ പാര്‍ട്ടി ഒരു ചുക്കും ചുണ്ണാമ്പും അവര്‍ക്കായി ചെയ്തില്ല. തൊണ്ടുതല്ലിയും കയര്‍പിരിച്ചും കഴിഞ്ഞ തൊഴിലാളിയില്‍നിന്ന് ലാപ്‌ടോപ്പില്‍ കനവുമായിരിക്കുന്ന വന്‍കിട തൊഴിലാളികള്‍ പാര്‍ട്ടിയില്‍ പടര്‍ന്നുകയറി. ജെഎന്‍യു, സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ്, പിന്നെ വലിയ കീശയുള്ള ജുബ്ബ, പകുതി നരച്ച താടിരോമങ്ങള്‍, ആകാശത്തിനുകീഴെ എന്തിനെക്കുറിച്ചും അഭിപ്രായം പറയാന്‍ താന്‍ കഴിഞ്ഞേ മറ്റാരുമുള്ളൂ എന്ന മുഖഭാവം... ഇമ്മാതിരി യോഗ്യതയുള്ളവര്‍ക്ക് പാര്‍ട്ടിയിലെ മാര്‍ക്‌സാവാന്‍ അവസരം ഒരുങ്ങി. അങ്ങനെയാണ് കൊടുങ്ങല്ലൂരുകാരന്‍ ടി.പി. മാത്യുവിന്റെയും സാറാമ്മയുടെയും മകന്‍ കമ്മ്യൂണിസ്റ്റായത്. അദ്ദേഹമാണ് മോദിണോമിക്‌സിന്റെ പ്രഭാവലയം കണ്ട് പേടിച്ചരണ്ട് ''എന്റെ ലോട്ടറി, എന്റെ ട്രഷറി, എന്റെ സഹകരണസംഘങ്ങള്‍'' എന്ന് രാത്രിക്കുരാത്രിക്ക് പിച്ചുംപേയും പറഞ്ഞ് ആളുകളെ ഭയപ്പെടുത്തുന്നത്. ഐസക്ക് മുഖ്യകാര്‍മ്മികനായി നടപ്പാക്കിയ ജനകീയാസൂത്രണം എന്ന അധികാരവികേന്ദ്രീകരണ ആഭിചാരമാണ് അദ്ദേഹത്തെ പണറായി പാര്‍ട്ടിയിലെ ആഗോള പണശാസ്ത്രവിശാരദനാക്കിയത്. നാലാംലോകവുമായി പടിയിറങ്ങിയപ്പോയ എം.പി. പരമേശ്വരനെപ്പോലുള്ളവരുടെ ഒഴിവിലേക്ക് നുഴഞ്ഞുകയറിയ സൂത്രശാലിയാണ് ഐസക്ക് എന്ന് കരുതുന്നവരും ധാരാളമുണ്ട്. അധികാരികളില്‍ മാത്രം കുടിയിരുന്ന ഭരണകൂട അഴിമതിയെ ജനങ്ങളിലേക്കും വ്യാപിപ്പിക്കുക എന്ന സൂത്രവിദ്യയാണ് ഫലത്തില്‍ ജനകീയാസൂത്രണം എന്ന് ഇപ്പോള്‍ മലയാളിക്ക് അറിയാം. മുഖ്യമന്ത്രിക്ക് കക്കാമെങ്കില്‍ തങ്ങള്‍ക്കും ആകാം എന്ന ലളിതമായ സിദ്ധാന്തമാണ് പഞ്ചായത്തുകള്‍, വാര്‍ഡുകള്‍, ഗുണഭോക്തൃസമിതികള്‍ തുടങ്ങി പാര്‍ട്ടി വകയാക്കി പടുത്തുയര്‍ത്തിയ സകലമാനസംവിധാനങ്ങളിലൂടെയും ഐസക്കും അദ്ദേഹം ഇറക്കുമതിചെയ്ത റിച്ചാര്‍ഡ് ഫ്രാങ്കിയും കേരളത്തില്‍ തെളിയിച്ചത്. കേരളത്തിന്റെ പണവകുപ്പ് ഐസക്ക് ഭരിച്ച കാലത്താണല്ലോ കേരളം വികസനത്തിന്റെ മോഡലാണെന്ന വായ്ത്താരി കേട്ടത്. ഫാരിസ് അബൂബക്കര്‍, സാന്റിയാഗോ മാര്‍ട്ടിന്‍ തുടങ്ങി ടോട്ടല്‍ ഫോര്‍ യു ശബരിനാഥ് വരെ വെറുക്കപ്പെട്ടവരും വേണ്ടപ്പെട്ടവരുമായ നിരവധി ജനപ്രിയവ്യവസായികളുടെ പേര് അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്ന കാലമായിരുന്നു അതെന്ന് ഓര്‍ക്കണം. കാലണയ്ക്ക് പോക്കില്ലെങ്കിലും കടം വാങ്ങിയ പണവുമായി, പാര്‍ട്ടിയെ വളര്‍ത്തിയ തൊഴിലാളികള്‍ ആന, മയില്‍, ഒട്ടകം, കുയില്‍, ഭൂട്ടാന്‍, സിക്കിം ലോട്ടറികള്‍ക്കായി ക്യൂ നിന്ന കാലം. ആട്, തേക്ക്, മാഞ്ചിയം പദ്ധതികളുമായി പൊതുജനത്തിന്റെ സമ്പത്തത്രയും ഊറ്റിയെടുക്കാന്‍ അവസരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് തുറന്നുകൊടുത്ത കാലം. ഓണ്‍ലൈന്‍ ലോട്ടറികള്‍ക്ക് തലവെച്ച് ജീവിതം ഓഫ്‌ലൈന്‍ ആയ കേരളത്തെ എടുത്തുപൊക്കിയാണ് ഐസക്കിന്റ ജനകീയസൂത്രപ്പണികള്‍ തിടം വെച്ചത്. എന്നിട്ടും പുമാനാണ് മുന്തിയ പണ്ഡിതനെന്നാണ് വായ്ത്താരി. ഐസക്കിന്റെ വിവരക്കേടുകള്‍ കൃത്യമായി അറിയുന്നതുകൊണ്ടാണ് കോര്‍പ്പറേറ്റ് കമ്മ്യൂണിസ്റ്റ് ആയ പിണറായി വിജയന് ഗീതാ ഗോപിനാഥിനെപ്പോലെ ഒരാളെ ആശ്രയിക്കേണ്ടി വന്നത്. കേരളത്തിലെ ജനങ്ങളെ മുഴുവന്‍ പരിഭ്രാന്തിയിലാക്കി മോദിക്കെതിരെ തിരിക്കാമെന്ന കുടിലബുദ്ധിയാണ് പിണറായിയും കൂട്ടരും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. കള്ളപ്പണത്തിനെതിരെ ഈ സര്‍ക്കാര്‍ എന്തുചെയ്തുവെന്നായിരുന്നു കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പ് വരെ ഇവര്‍ ആക്രോശിച്ചത്. ഇപ്പോള്‍ കള്ളപ്പണക്കാര്‍ വെളിച്ചത്തെ ഭയന്ന് ഇരുട്ടിലൊളിക്കുമ്പോള്‍ പിണറായിയും ഐസക്കും അവര്‍ക്കുവേണ്ടി വാദിക്കുകയാണ്. കള്ളപ്പണക്കാര്‍ക്ക് വിവരം ചോര്‍ത്തിക്കൊടുത്തതിനുശേഷമാണ്‌പോലും മോദി നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം നടത്തിയത്. അത് സത്യമാണെങ്കില്‍ ഐസക്ക് അന്ന് രാത്രി ചെമ്പന്‍കുഞ്ഞിനെപ്പോലെ ഭ്രാന്ത് പുലമ്പുമായിരുന്നില്ല. പിണറായിയും കൂട്ടരും സഹകരണസംവിധാനം തകരുമെന്ന് അലമുറയിടുമായിരുന്നില്ല. കണ്ടെയ്‌നറില്‍ ഹവാലപ്പണം വന്നിറങ്ങി അപ്രത്യക്ഷമാകുന്ന നാടാണ് ഇത് എന്ന് അറിയാവുന്നവര്‍ തന്നെയാണ് ബിജെപി നേതാവ് രാംമാധവിനെതിരെ കേരളത്തെ അപമാനിച്ചു എന്ന് വാളോങ്ങുന്നത്. ഐസക്കിന്റെയും പിണറായിയുടെയും വിഷമത്തിന് ഇനി അറുതി ഉണ്ടാകുമെന്ന് തോന്നുന്നില്ല. ചരിത്രത്തിലാദ്യമായി ഭാരതം ഒരു പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യം അറിയുകയാണ്. അവരുടെ ദൈനംദിനജീവിതത്തിലേക്ക്, അവരുടെ മനോവിചാരങ്ങളിലേക്ക് അദ്ദേഹത്തിന്റെ ഹൃദയഭാഷണങ്ങള്‍ എത്തുന്നു. മോദി വളരെ മുമ്പേ രാജ്യത്തെ നയിക്കാന്‍ എത്തേണ്ടിയിരുന്നുവെന്ന് മാര്‍ക്‌സിസ്റ്റ് സഖാക്കള്‍ പോലും അടക്കം പറയുന്നു. മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന് വിഷമിക്കുമ്പോഴും നല്ല നാളേയ്ക്കുവേണ്ടിയെന്ന സഹനഭാവം പൊതുജനം കൈവരിച്ചിരിക്കുന്നു. രാജ്യത്തിനുവേണ്ടി അവര്‍ ബുദ്ധിമുട്ടുകളെ കടമയെന്ന് കാണാന്‍ തയ്യാറാകുന്നു. എല്ലാം വൈകിമാത്രം മനസ്സിലാവുന്ന ഒരു പണശാസ്ത്രജ്ഞന് ഇതൊന്നും തിരിച്ചറിയാന്‍ കഴിഞ്ഞെന്നുവരില്ല. ഏത് പ്രഖ്യാപനം വന്നാലും ഐസക്ക് ആദ്യം അത് നടത്തിയ ആളെ നോക്കി പച്ചയായി എതിര്‍ക്കും. പണ്ട് കമ്മ്യൂണിസ്റ്റുകാരന്‍ കമ്പ്യൂട്ടറിനെ എതിര്‍ത്തതുപോലെ. ജിഎസ്ടി ബില്ലിനെതിരെയും ഐസക്ക് ഇങ്ങനെ കുറേ നിലവിളിച്ചതാണ്. എല്ലാംകഴിഞ്ഞിപ്പോള്‍ ആര്‍ബിഐയുടെ മുന്നില്‍ മുഖ്യനും പരിവാരങ്ങളും കുത്തിയിരിപ്പ് നടത്തി മോദിയെ പേടിപ്പിക്കുന്നു. സഹകരിച്ചുണ്ടാക്കുന്ന കള്ളപ്പണത്തിന്റെ കഴുത്തിന് പിടിവീഴുമ്പോള്‍ ഇടതിനും വലതിനും സഹകരിക്കാതെ തരമില്ല. ഗ്രാമീണകര്‍ഷകന്റെ അത്താണിയാണത്രെ സഹകരണബാങ്കുകള്‍. ആ കര്‍ഷകനിപ്പോള്‍ ആറ് ലക്ഷത്തിനുമേലാണ് പ്രതിശീര്‍ഷ കടം. കടക്കെണിയില്‍പെട്ട കര്‍ഷകനാണോ നോട്ട് റദ്ദാക്കിയതിന് ശേഷമുള്ള രാത്രികളില്‍ 2800 കോടിയിലധികം സഹകരണബാങ്കുകളിലേക്ക് ഒഴുക്കിവിട്ടതെന്ന ലളിതമായ ചോദ്യമാണ് പണറായിയെ വിറളിപിടിപ്പിക്കുന്നത്. പട്ടിണിക്കാരന്‍ നോട്ടുമാറാന്‍ ക്യൂ നിന്ന് ബുദ്ധിമുട്ടിയപ്പോള്‍ കാണാത്ത സമരശൗര്യം സഹകരിച്ചുണ്ടാക്കിയതൊക്കെ കൈവിട്ടുപോകുമ്പോള്‍ ഉണ്ടാകുന്നതിന്റെ കാരണം വ്യക്തമാണ്....കാര്യങ്ങളുടെ പോക്ക് ഇത്തരത്തിലാണെങ്കില്‍ ഐസക്കിന് പണപ്പെട്ടിയുമായി 'ആ നിലവിളി ശബ്ദമിടോയ്...' എന്ന് അലമുറയിടാനേ നേരമുണ്ടാവുകയുള്ളൂ.