കേരളം കുലുങ്ങി; ജനങ്ങള്‍ പരിഭ്രാന്തരായി

Wednesday 11 April 2012 9:53 pm IST

കൊച്ചി: ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ ഭൂചലനത്തിനു പിന്നാലെ കേരളത്തിലെ പല ഭാഗങ്ങളിലും ഭൂമി കുലുങ്ങി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍ എന്നീ ജില്ലകളിലെ പലഭാഗങ്ങളിലും ഭൂമികുലുക്കം അനുഭവപ്പെട്ടു. തീരദേശ വില്ലേജ്‌ ഓഫീസര്‍മാരോട്‌ ജാഗ്രത പുലര്‍ത്താനും കൊല്ലം ബീച്ച്‌, ആലപ്പാട്‌ എന്നിവിടങ്ങളിലെ തീരവാസികളോട്‌ ജാഗ്രത പാലിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ട്‌ ഫിഷറീസ്‌ വകുപ്പും രംഗത്തെത്തി. 2004ല്‍ സുനാമി ദുരന്തം വിതച്ച കരുനാഗപ്പള്ളിയിലെ ആലപ്പാട്ടും മറ്റും ജനങ്ങള്‍ പരിഭ്രാന്തരായി.
കൊല്ലം ജില്ലയുടെ പലപ്രദേശങ്ങളിലും ചെറിയതോതില്‍ ഭൂചലനം ഉണ്ടായി. ചിന്നക്കടയിലെ ഉയര്‍ന്ന കെട്ടിടങ്ങളായ വരിഞ്ഞം ടവേഴ്സ്‌, ബെന്‍സിഗര്‍ ആശുപത്രി എന്നിവയ്ക്ക്‌ ഭൂചലനത്തിന്റെ തീവ്രത അനുഭവപ്പെട്ടു. നാശനഷ്ടങ്ങളില്ല. ബെന്‍സിഗര്‍ ആശുപത്രിയിലെ ഒരു ബ്ലോക്കില്‍ നേരിയ വിള്ളലുണ്ടായി. കോട്ടയം നഗരത്തിലും പരിസരപ്രദേശത്തും ഭൂചലനം ഉണ്ടായി. രണ്ടു മിനിറ്റോളം ഭൂചലനം നീണ്ടുനിന്നു. വലിയ കെട്ടിടങ്ങള്‍ ഭൂചലനത്തില്‍ കുലുങ്ങി. നഗരത്തിലെ താലൂക്ക്‌ ആഫീസിന്റെ നാലാം നിലയില്‍ ഭൂചലനത്തെ തുടര്‍ന്ന്‌ കസേരകള്‍ ഇളകി. കോട്ടയം നഗരത്തില്‍ ബേക്കര്‍ ജംഗ്ഷനിലും ഭൂചലനം നടുക്കം സൃഷ്ടിച്ചു. ചങ്ങനാശ്ശേരി, പാമ്പാടി, വൈക്കം ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. വേമ്പനാട്ടുകായലില്‍ ജലനിരപ്പ്‌ ക്രമാതിതമായി ഉയര്‍ന്നു. മുവാറ്റുപുഴയാറില്‍ വടയാര്‍ ഭാഗത്ത്‌ തിരയിളക്കം അനുഭവപ്പെട്ടു.
ഇന്നലെയുണ്ടായ ഭൂചലനങ്ങളുടെ പ്രകമ്പനങ്ങള്‍ അണക്കെട്ടുകളുടെ ജില്ലയായ ഇടുക്കിയെ ഞെട്ടിച്ചു. മൂലമറ്റം, മാങ്കുളം, പനങ്കുട്ടി, കുളമാവ്‌, കുയിലിമല എന്നീ പ്രദേശങ്ങളില്‍ ചലനമനുഭവപ്പെട്ടു. കെഎസ്‌ഇബി ഇടുക്കി അണക്കെട്ടിന്‌ സമീപം സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രോണിക്‌ സിസ്മിക്‌ സ്റ്റേഷന്‍ 22 വര്‍ഷമായി പ്രവര്‍ത്തനരഹിതമായതിനാല്‍ ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട ചലനതീവ്രത കൃത്യമായി തിട്ടപ്പെടുത്താനാവില്ലെന്ന്‌ കെഎസ്‌ഇബി റിസര്‍ച്ച്‌ വിഭാഗം മേധാവികള്‍ പറഞ്ഞു. ഭൂകമ്പത്തെ തുടര്‍ന്ന്‌ ജലാശയത്തില്‍ തിരയിളക്കം അനുഭവപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വേലിയേറ്റ, വേലിയിറക്കത്തിന്റെ സ്വഭാവത്തിലാണ്‌ ഇത്‌ അനുഭവപ്പെട്ടത്‌. കെഎസ്‌ഇബി റിസര്‍ച്ച്‌ വിഭാഗം മേധാവികള്‍ ഇക്കാര്യം രഹസ്യമാക്കി വച്ചിരിക്കുകയാണ്‌. പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. തിരുവല്ലയിലാണ്‌ ഭൂചലനം പ്രകടമായി അനുഭവപ്പെട്ടത്‌. ഇന്നലെ ഉച്ചയ്ക്ക്‌ 2.10 ഓടെ തിരുവല്ല റവന്യു ടവര്‍ , ബി എസ്‌ എന്‍ എല്‍ കെട്ടിടം എന്നിവിടങ്ങളിലുള്‍പ്പെടെ നഗരത്തിലെ ബഹുനില കെട്ടിടങ്ങളില്‍ മുപ്പത്‌ സെക്കന്റോളം ഭൂചലനം അനുഭവപ്പെട്ടു.
പത്തനംതിട്ട നഗരത്തിലും ചെറിയതോതില്‍ ചലനം അനുഭവപ്പെട്ടു.നഗരത്തില്‍ ഒരു പത്ര ഓഫീസ്‌ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഭിത്തിയ്ക്ക്‌ വിള്ളല്‍ വീണിട്ടുണ്ട്‌.
ജില്ലയിലെ കുളങ്ങളിലേയും പാറമടകളിലേയും വെള്ളം തിരയടിക്കുകയും ചിലയിടങ്ങളില്‍ ജലനിരപ്പ്‌ ഉയരുകയും ചെയ്തതായും പറയപ്പെടുന്നു. പന്തളം മാന്തുക ക്ഷേത്രക്കുളത്തിലെയും അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രക്കുളത്തിലേയും ജലനിരപ്പ്‌ ഉയര്‍ന്ന്‌ താണത്രെ. അടൂര്‍ കൈമല പാറമടക്കുളത്തിലെ വെള്ളം ഉയര്‍ന്ന്‌ പുറത്തേക്ക്‌ കവിഞ്ഞൊഴുകിയതായി നാട്ടുകാര്‍ പറഞ്ഞു. ഭൂചലന സമയത്ത്‌ അച്ചന്‍ കോവിലാറ്റിലെ വെള്ളം പെട്ടെന്ന്‌ ഉയര്‍ന്നതായി സൂചനയുണ്ട്‌.
ഭൂചലനം കൊച്ചിയിലും പരിഭ്രാന്തി പടര്‍ത്തി. എറണാകുളം സിറ്റി, കളമശ്ശേരി, പനമ്പിള്ളിനഗര്‍ എന്നിവിടങ്ങളിലെ ഫ്ലാറ്റുകളില്‍നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. പനമ്പിള്ളിനഗറില്‍ വീടുകള്‍ക്ക്‌ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്‌.
തീരദേശങ്ങളില്‍ സുരക്ഷാ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. കൊച്ചി കായലിലെ ഫോര്‍ട്ടുകൊച്ചി, വൈപ്പിന്‍, ഫോര്‍ട്ടുകൊച്ചി-എറണാകുളം ബോട്ട്‌, ജങ്കാര്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ചെറായി ബീച്ചില്‍നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. ഇന്‍ഫോപാര്‍ക്കിലും സുരക്ഷാ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.
തൃശൂര്‍ ജില്ലയില്‍ ഇന്നലെ വിവിധ സ്ഥലങ്ങളിലുണ്ടായ ഭൂചലനം ജനത്തെ പരിഭ്രാന്തരാക്കി. കൊടുങ്ങല്ലൂര്‍, മാള, പെരിഞ്ഞനമുള്‍പ്പടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്‌.
കോഴിക്കോട്ടും സെക്കന്റുകള്‍ നീണ്ടുനിന്ന ഭൂചലനം ഉണ്ടായത്‌ ജനങ്ങളെ പരിഭ്രാന്തരാക്കി. തുടര്‍ ചലനമുണ്ടായേക്കാമെന്ന ഭീതി കാരണം നഗരത്തിലെ ഉയര്‍ന്ന കെട്ടിടങ്ങളിലും ഫ്ലാറ്റുകളിലും ഉണ്ടായിരുന്നവര്‍ ഇറങ്ങിയോടി. സുനാമി ഭീതി ഉയര്‍ന്നതോടെ കോഴിക്കോട്‌ ബീച്ചില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു.
നാലുമണിയോടെ തിരകള്‍ക്ക്‌ ശക്തിയേറിയിരുന്നതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ബീച്ചിലേക്ക്‌ ജനങ്ങള്‍ പ്രവേശിക്കാതിരിക്കാന്‍ തീരത്ത്‌ പോലീസിനെ വിന്യസിച്ചിരുന്നു.
മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പരപ്പനങ്ങാടി അചാലിപ്പാടത്ത്‌ കടലോരമേഖലയിലും ഉള്ളണത്ത്‌ കടലുണ്ടിപ്പുഴയോരത്തുമാണ്‌ ഭൂചലനം അനുഭവപ്പെട്ടത്‌. ചാലിപ്പാടത്ത്‌ ഭൂചലനത്തില്‍ 20 വീടുകളില്‍ ആഘാതം അനുഭവപ്പെട്ടു. ചില വീടികളിലെ ടി വിയും പാത്രങ്ങളും താഴെ തെറിച്ചുവീണു.
ചാലിപ്പാടത്ത്‌ ഭൂചലനം ഉണ്ടായസമയത്തു തന്നെയാണ്‌ കടലുണ്ടിപ്പുഴയില്‍ തിരയിളക്കവും അനുഭവപ്പെട്ടതെന്നും പറയുന്നു.
മഞ്ചേരി നഗരത്തിലെ കൂത്രാട്ട്‌ ടവര്‍, ഷോപ്പേഴ്സ്‌ ആര്‍ക്കേഡ്‌ എന്നീ കെട്ടിടങ്ങളിലുള്ളവര്‍ക്കാണ്‌ പകല്‍ 2.10 ഓടെ നേരിയ ഭൂചലനം അനുഭവപ്പെട്ടത്‌. എടക്കരയിലും കരുവാരകുണ്ടിലും ഭൂചലനത്തിെ‍ന്‍റ നേരിയ പ്രതിഫലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. എടക്കര ടൗണിലെ സബ്‌ രജിസ്ട്രാര്‍ ഓഫീസ്‌ പ്രവര്‍ത്തിക്കുന്ന മെട്രോ ടവറിലാണ്‌ ഇന്നലെ ഉച്ചക്ക്‌ 2.13 ഓടെ ചലനം അനുഭവപ്പെട്ടത്‌. റവന്യൂ, പൊലീസ്‌ വിഭാഗങ്ങള്‍ കടലോരത്ത്‌ സന്ദര്‍ശനം നടത്തി. പൊലീസ്‌ ഇവിടങ്ങളില്‍ പട്രോള്‍ നടത്തുന്നുണ്ട്‌.
കണ്ണൂര്‍ നഗരത്തിലെ ഫോര്‍ട്ട്‌ റോഡിലുള്ള ധനലക്ഷ്മി ആശുപത്രി പരിസരത്തും കാസര്‍കോഡ്‌ തൃക്കരിപ്പൂരിലും നേരിയ തോതില്‍ ചലനങ്ങള്‍ ഉണ്ടായി. വയനാട്‌ ജില്ലയില്‍ വൈത്തിരി, മാനന്തവാടി, ചുള്ളിയോട്‌ തുടങ്ങിയ പ്രദേശങ്ങളില്‍ നേരിയ തോതില്‍ ഭൂകമ്പം ഉണ്ടായി. വൈത്തിരിക്കടുത്ത്‌ തളിമലയില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടതിനെതുടര്‍ന്ന്‌ ജനങ്ങള്‍ ഭയവിഹ്വലരായി കടക്ക്‌ പുറത്തേക്കോടി.
സ്വന്തം ലേഖകന്മാര്‍പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.