ഭൂചലനം: ജില്ലയില്‍ ജനം പരിഭ്രാന്തരായി

Wednesday 11 April 2012 10:18 pm IST

കൊച്ചി: ജില്ലയില്‍ ഇന്നലെ അനുഭവപ്പെട്ട ഭൂചലനം ജനങ്ങളെ പരിഭ്രന്തരാക്കി. ഉച്ചക്ക്‌ 2.10നും, രണ്ടരക്കുമാണ്‌ ഭൂചലനം അനുഭവപ്പെട്ടത്‌. ഭൂചലനത്തില്‍ ജില്ലയില്‍ എട്ടോളം വീടുകള്‍ക്ക്‌ കേടുപാടുകള്‍ പറ്റി. ചില സ്ഥലങ്ങളില്‍ ആളുകള്‍ വീട്ടില്‍ നിന്നും പുറത്തേക്ക്‌ ഓടി. ചെറായി ബീച്ചില്‍ നിന്നും പോലീസ്‌ ആളുകളെ ഒഴിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്‌ അനുഭവപ്പെട്ട ഭൂചലനത്തെ തുടര്‍ന്ന്‌ മരടില്‍ 8 വീടുകള്‍ക്ക്‌ കേടുപാടുകള്‍ സംഭവിച്ചു. മരട്‌ ഇരുപതാം ഡിവിഷനിലെ വെള്ളാടത്തറ പ്രകാശന്‍, പ്രാണിപറമ്പ്‌ കുഞ്ഞപ്പന്‍, ഇടച്ചിറപ്പിള്ളി രവീന്ദ്രന്‍, തെക്കേനീരാട്ട്‌ മനോജ്‌, കുളങ്ങര ഡെഫ്സി, തെക്കേടത്ത്‌ ആശ, ആലിക്ഷന്‍ തുങ്ങിയില്‍ വള്ളി, മനകോടത്തറ ജോസഫ്‌ എന്നിവരുടെ വീടുകള്‍ക്കാണ്‌ കേട്‌ പാടുകള്‍ സംഭവിച്ചത്‌. വിടിന്റെ പലഭാഗത്തും ഭിത്തി രണ്ടായി പിളര്‍ന്നതായി കാണാം. കട്ടിലില്‍ കിടക്കുന്നതിനിടെ അസാധാരണമായ കുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ മരട്‌ ഇരുപതാം ഡിവിഷനിലെ വെളാടത്തറവിട്ടില്‍ പ്രകാശന്റെ ഭാര്യ ബിന്ദുവും, സത്യന്റെ ഭാര്യ കുമാരിയും വിട്ടില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നത്രെ. അല്‍പം കഴിഞ്ഞ്‌ സമിപ വാസികള്‍ പറഞ്ഞപ്പോഴാണ്‌ ഭൂമികുലുക്കമാണ്‌ കാരണമെന്ന്‌ ഇവര്‍ അറിഞ്ഞത്‌. ഇവരുടെ വിടിന്റെ പലഭാഗത്ത്‌ വിടിന്‌ വിള്ളല്‍ കാണാം.
കുണ്ടന്നൂര്‍ പെട്രോള്‍ പമ്പിന്‌ സമീപത്തെ സ്വകാര്യ ഫ്ലാറ്റില്‍ നിന്നും താമസക്കാര്‍ പലരും പുറത്തേക്കിറങ്ങി ഓടി. ഫ്ലാറ്റിന്‌ കുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്‌.
മരട്‌, നെട്ടൂര്‍, കുമ്പളം, പനങ്ങാട്‌ തുടങ്ങിയ പ്രദേശങ്ങളിലെ കായല്‍ തിരങ്ങളില്‍ ആസാധാരണമായ നിലയില്‍ ജലനിരപ്പ്‌ ഉയര്‍ന്നതായി സമീപവാസികള്‍ പറയുന്നു. ഇത്‌ മത്സ്യതൊഴിലാളി കുടുംബങ്ങളെ ഉള്‍പ്പെടെ ആശങ്കയിലാഴ്ത്തി.
സുനാമി മുന്നറിയിപ്പിനെത്തുടര്‍ന്ന്‌ തീരദേശ മേഖലയായ കണ്ണമാലി, ചെല്ലാനം പ്രദേശത്തെ കടലിനോടു ചേര്‍ന്ന താമസിക്കുന്ന നൂറോളം കുടുംബങ്ങള്‍ ഇവിടെനിന്നും സ്വയം ഒഴിഞ്ഞുപോയി. ടിവിയില്‍ ഫ്ലാഷ്‌ ന്യൂസുകള്‍ മിന്നിമായുമ്പോള്‍ ആദ്യ സുനാമിയുടെ ഭീതിവിട്ടൊഴിയാത്ത കുടുംബങ്ങളാണ്‌ വീടും പൂട്ടി ബന്ധുഗൃഹങ്ങളിലേക്ക്‌ മാറിയത്‌. ജനം സ്വയം ഒഴിഞ്ഞതിനു ശേഷമാണ്‌ പോലീസ്‌ ജാഗ്രതാ നിര്‍ദ്ദേശവുമായി ഇവിടെയെത്തിയത്‌. അതിനിടെ വൈകിട്ട്‌ 4 മണിയോടെ ചെല്ലാനം, ഫോര്‍ട്ടുകൊച്ചി ഭാഗങ്ങളില്‍ ശക്തമായി കടല്‍ കരയിലേക്ക്‌ കയറിയതും ജനത്തിന്റെ ഭീതി ഇരട്ടിപ്പിച്ചു.
ഫോര്‍ട്ടുകൊച്ചി ബീച്ചില്‍നിന്നും പോലീസ്‌ നാട്ടുകാരെ പറഞ്ഞുവിടുന്നുണ്ടായിരുന്നു. ഇതൊന്നുമറിയാതെ നിന്ന വിദേശികള്‍ സുനാമിയുടെ പ്രതിരോധ നടപടികളാണ്‌ നടക്കുന്നതറിഞ്ഞ്‌ കൂട്ടത്തോടെ ഇവിടുത്തെ മുറികള്‍ ഒഴിഞ്ഞ്‌ മറ്റു പ്രദേശങ്ങളിലേക്ക്‌ മാറി. തീരദേശ മേഖലയില്‍ പോലീസ്‌ പ്രഖ്യാപിച്ചിട്ടുള്ള ജാഗ്രതാ നിര്‍ദ്ദേശം വളരെവൈകിയും പിന്‍വലിച്ചിട്ടില്ല. ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചിവരെ അടിയന്തര ആവശ്യങ്ങള്‍ക്കായി വാഹനങ്ങള്‍ സജ്ജമാക്കി.
ഫയര്‍ഫോഴ്സിന്റെ എട്ടു യൂണിറ്റുകള്‍ തീരദേശത്ത്‌ നിലയുറപ്പിച്ചു. ജനറേറ്റര്‍, ലൈറ്റുകള്‍ ജെസിബി തുടങ്ങിയവ സ്കൂള്‍ കോമ്പണ്ടുകളില്‍ എത്തിച്ചു. പ്രദേശത്തെ സ്കൂളുകളുടെ താക്കോലുകള്‍ പോലീസ്‌ അധികൃതര്‍ക്ക്‌ കൈമാറി. അടിയന്തര ആവശ്യങ്ങള്‍ വന്നാല്‍ നേരിടുന്നതിനായി ഉന്നത ഉദ്യോഗസ്ഥ, പോലീസ്‌ സേനയുടെ യോഗം ചേര്‍ന്നു. അറിയിപ്പുണ്ടാവുന്നതുവരെ ജാഗ്രതാനിര്‍ദ്ദേശം നല്‍കാന്‍ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
ഉദയംപേരൂര്‍ കായലോരങ്ങളില്‍ താമസിക്കുന്നവരോടും പ്രത്യേകിച്ച്‌ മത്സ്യത്തൊഴിലാളികളോടും അതീവജാഗ്രത പാലിയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്തെങ്കിലും സംഭവ വികാസങ്ങളുണ്ടായതായി അറിവുകിട്ടിയാല്‍ പോലീസ്‌ സ്റ്റേഷനിലോ പോലീസ്‌ കണ്‍ട്രോള്‍ റൂമിലോ വിവരം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പോലീസ്‌ എസ്‌ഐ നസുറുദ്ദീന്‍ ബന്ധപ്പെട്ടവരോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.
ഭൂചലനം കോതമംഗലം താലൂക്കിലെ വാരപ്പെട്ടി, കക്കാട്ടൂര്‍, കാലാമ്പൂര്‍ എന്നിവിടങ്ങളിലും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ഉച്ചക്ക്‌ 2 മണിക്ക്‌ ശേഷം ശക്മായ മുഴക്കത്തോടുകൂടിയാണ്‌ ഭൂചലനം ഉണ്ടായതെന്നും, ഇതിനെ തുടര്‍ന്ന്‌ ആളുകള്‍ പരിഭ്രാന്തരായെന്നും നാട്ടുകാര്‍ പറഞ്ഞു. മട്ടാഞ്ചേരി വേനല്‍ വറുതിയുടെ ദുരിതദിനങ്ങള്‍ക്കിടെ സുനാമിവാര്‍ത്ത ഭീതി പരത്തിയപ്പോള്‍ തീരദേശമേഖല ആഘാതത്തിന്റെ ആശങ്കയിലായി.
ഇന്ത്യോനേഷ്യന്‍ ഭൂകമ്പത്തെ തുടര്‍ന്ന്‌ കേരളത്തിലെ തുടര്‍ ഭൂകമ്പത്തെ തുടര്‍ന്നും ബുധനാഴ്ച ഉച്ചയോടെയാണ്‌ കൊച്ചിയുടെ തീരദേശ മേഖലയില്‍ സുനാമി ആശങ്ക പരന്നത്‌. തെക്ക്‌ ചെല്ലാനം മുതല്‍ കണ്ണമാലി ഫോര്‍ട്ടുകൊച്ചി, വൈപ്പിന്‍, ഞാറയ്ക്കല്‍ മേഖലയിലെ തീരദേശ വാസികള്‍ നിമിഷങ്ങള്‍ക്കകം വീട്‌ വിട്ട്‌ സുരക്ഷാ കേന്ദ്രത്തിലേയ്ക്ക്‌ നീങ്ങി. കടലില്‍ മത്സ്യബന്ധനത്തിന്‌ പോയ ഉറ്റവരെ കുറിച്ചോര്‍ത്ത്‌ ചിലര്‍ തീരദേശത്ത്‌ പ്രാര്‍ത്ഥനയുമായി കഴിഞ്ഞു. ചിലര്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ സുരക്ഷാ കേന്ദ്രങ്ങളിലേയ്ക്ക്‌ നീക്കി. 2004-ലെ സുനാമി ദുരന്ത വേളയില്‍ ചെല്ലാനം മേഖലയിലുണ്ടായ കടല്‍ കയറ്റവും, ഫോര്‍ട്ടുകൊച്ചിയില്‍ വള്ളങ്ങള്‍ ഒഴുകിയതും, ഞാറയ്ക്കല്‍ വെപ്പിന്‍ മേഖലയിലെ കടല്‍ കയറ്റവും അനുഭവിച്ചറിഞ്ഞവര്‍ മറ്റൊരു സുനാമിയുടെ തീവ്രതയുടെ അപകടാവസ്ഥനേരിടാനുള്ള മാനസികാവസ്ഥയിലായിരുന്നു.
സുനാമി മുന്നറിയിപ്പ്‌ വാര്‍ത്ത പരന്നതോടെ മത്സ്യതൊഴിലാളികേന്ദ്രങ്ങളില്‍ നിന്ന്‌ കടലിലേയ്ക്ക്‌ പോയ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും വാര്‍ത്ത കൈമാറി. മണിക്കുറുകള്‍ക്കകം ഓട്ടേറെ വള്ളങ്ങള്‍ തീരത്തടുപ്പിച്ച്‌ ആശ്വാസം കൊണ്ടു. ചെല്ലാനം മേഖലയില്‍ പലരും വീടുകള്‍വീട്ട്‌ അത്യാവശ്യസാധനങ്ങളുമായി ബന്ധുവീടുകളിലേയ്ക്ക്‌ നീങ്ങി. ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത്‌ എത്തിയ വിദേശികളെയും, വിനോദസഞ്ചാരികളേയും അവിടെനിന്നും, പോലീസ്‌ സ്ഥിതി അറിയിച്ച്‌ മടക്കി അയച്ചു. എന്നാല്‍ പ്രാദേശിക ജനങ്ങള്‍ കടല്‍കയറ്റം വീക്ഷിക്കുവാന്‍ തിരക്ക്‌ കാട്ടുകയാണ്‌ ചെയ്തത്‌. വൈപ്പിന്‍ മേഖലയില്‍ എല്‍എന്‍ജി ടെര്‍മിനല്‍ ലൈറ്റ്‌ ഹൗസ്‌ മേഖലയില്‍ കടല്‍ പ്രക്ഷുബ്ധാവസ്ഥയിലായി. തോപ്പും പടി ഫിഷറീസ്‌ ഹാര്‍ബറില്‍ നങ്കുരമിട്ട ബോട്ടുകളിലെ തൊഴിലാളികള്‍ കരയിലേയ്ക്ക്‌ കടന്നു നിന്നു. കൊച്ചി നഗരത്തിലുണ്ടായ ഭൂകമ്പ വാര്‍ത്തയെ തുടര്‍ന്ന്‌ പശ്ചിമകൊച്ചിയിലെ ഉന്നത കെട്ടിടങ്ങളിലുള്ളവര്‍ക്ക്‌ പോലീസ്‌ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കൊച്ചി തുറമുഖത്ത്‌ മുന്‍കാല സുനാമി തിരമാല സൃഷ്ടിച്ച അനുഭവം തിരിച്ചറിഞ്ഞവര്‍ കെട്ടിടങ്ങള്‍ക്ക്‌ വെളിയിലിറങ്ങിനിന്നും ഏതാനും മണിക്കൂര്‍ നേരം കൊച്ചി തുറമുഖത്തെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു.
സുനാമി- ഭൂകമ്പ തുടര്‍ മുന്നറിയിപ്പുകള്‍ മത്സ്യബന്ധന തൊഴിലാളി കുടുംബങ്ങളില്‍ വന്‍ ആഘാതമാണ്‌ ഉണ്ടാക്കിയത്‌. ഭരണകര്‍ത്താക്കളുടെയും, സുരക്ഷാ ഏജന്‍സി കളുടെയും മാറിമാറിയുള്ള ആശ്വാസ മുന്നറിയിപ്പുകള്‍ ഇവരില്‍ മനസ്സമാധാനമുണ്ടാക്കിയില്ല. വൈകിട്ട്‌ ആഞ്ഞ്‌ വീശിയ കാറ്റും- മഴയും പലരിലും മുന്‍കാല സുനാമി ദിനത്തിന്റെ ഓര്‍മകളാണുയര്‍ത്തിയത്‌.
ആലുവ ആലുവയിലും പരിസരത്തും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ ഫെഡറല്‍ ബാങ്ക്‌ ആലുവ ആസ്ഥാനമന്ദിരം ഉള്‍പ്പെടെയുള്ള വന്‍ കെട്ടിടങ്ങള്‍ക്കുണ്ടായ ചലനം ജനത്തെ പരിഭ്രാന്തരാക്കി. ഇന്നലെ ഉച്ചകഴിഞ്ഞ്‌ 2.15 ന്‌ വൈകിട്ട്‌ 4.30 നുമാണ്‌ ഏകദേശം അഞ്ച്‌ സെക്കന്റ്‌ നീണ്ട ചലനം അനുഭവപ്പെട്ടത്‌.
നഗരപ്രദേശങ്ങളിലെ രണ്ട്നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്കാണ്‌ ഇളക്കം അനുഭവപ്പെട്ടത്‌. ഫെഡറല്‍ ബാങ്ക്‌ ആസ്ഥാനത്ത്‌ ചലനം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ മാനേജിംഗ്‌ ഡയറക്ടര്‍ ശ്യാംശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ജീവനക്കാരും കെട്ടിടത്തില്‍നിന്ന്‌ പുറത്തിറങ്ങി. ബാങ്കിന്‌ മറ്റ്‌ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന്‌ ഉറപ്പ്‌വരുത്തി അര മണിക്കൂറിന്‌ ശേഷമാണ്‌ ജീവനക്കാര്‍ തിരികെ ഓഫീസിലേക്ക്‌ പ്രഗവശിച്ചത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.