സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസിന് സമാപനം ജെല്ലി ഫിഷില്‍ നിന്ന് ജൈവ കീടനാശിനിക്ക് ഒന്നാംസ്ഥാനം

Sunday 20 November 2016 1:35 am IST

തിരുവനന്തപുരം: ചൊറിമീനില്‍ (ജെല്ലി ഫിഷ്) നിന്ന് പരിസ്ഥിതി സൗഹാര്‍ദ്ദ കീടനാശിനി നിര്‍മ്മിച്ചാണ് പൂവാര്‍ ജിഎച്ച്എസ്എസിലെ ഡി.എസ്. ഷീദുവും കൂട്ടരും 24-ാംമത് സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ സീനിയര്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനത്ത് എത്തിയത്. രാസകീടനാശിനികള്‍ മണ്ണിനെയും മനുഷ്യനെയും നശിപ്പിക്കുന്നുവെന്ന തിരിച്ചറിവില്‍ നിന്നാണ് പ്രകൃതിക്കിണങ്ങിയ കീടനാശിനി കണ്ടെത്താന്‍ ഈ പ്രതിഭകളെ പ്രേരിപ്പിച്ചത്. സപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെ മാസങ്ങളിലാണ് കൂടുതലായി ജെല്ലി ഫിഷുകള്‍ കണ്ടുവരുന്നത്. മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങുന്ന ഇവയെ തൊട്ടാല്‍ ചൊറിയാന്‍ തുടങ്ങും. ഇത്തരം മീനുകളെ അലക്ഷ്യമായി തീരപ്രദേശങ്ങളില്‍ വലിച്ചെറിയുന്നത് തീരത്ത് മലിനീകരണവും ഉണ്ടാക്കും. ഒരു കിലോ ഭാരമുള്ള ജെല്ലി ഫിഷിനെ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചൂടാക്കി 1/3 ആക്കിയെടുത്താല്‍ കീടനാശിനിയായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഇവരുടെ പഠനം വ്യക്തമാക്കുന്നു. പച്ചക്കറികളില്‍ ബാധിക്കുന്ന മുഞ്ഞ, വെള്ളീച്ച തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാമെന്നും വിദ്യാര്‍ഥികള്‍ തെളിവു സഹിതം അവതരിപ്പിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഷീദക്കൊപ്പം 10-ാംക്ലാസുകാരായ അല്‍ഫിന, സാനിഷ, അപ്പൂസ്, മേഴ്‌സി എന്നിവരും പ്രോജക്ടില്‍ പങ്കാളികളായിട്ടുണ്ട്. ബയോളജി അധ്യാപിക ഷീബ കൃഷ്ണന്‍ ആണ് പഠനത്തിന് മേല്‍നോട്ടം നല്‍കിയത്. നിലവില്‍ ചൊറിമീനില്‍ അടങ്ങിയിരിക്കുന്ന എന്ത് പദാര്‍ഥമാണ് കീടനാശിയാകുന്നതെന്ന് കുട്ടികള്‍ക്ക് കണ്ടെത്താനായിട്ടില്ല. ഇത് മനസിലാക്കുന്നതിനായി വെള്ളായണി കാര്‍ഷിക കോളജിനെ സമീപിച്ചെങ്കിലും ഇത് തിരിച്ചറിയാനുള്ള സാങ്കേതിക ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ഹൈദ്രാബാദിലെ കാര്‍ഷിക ലബോര്‍ട്ടറിയെ സമീപിക്കണമെന്നാണ് ഇവര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം. മാറനല്ലൂര്‍ പഞ്ചായത്തിലെ ചായക്കടകളിലെ ഊര്‍ജ സംരക്ഷണത്തെക്കുറിച്ച് പഠിച്ച മാറനല്ലൂര്‍ ഡിവിഎം എന്‍എന്‍എം എച്ച്എസ്എസിലെ വിദ്യാര്‍ഥികളുടെ പഠനത്തിനാണ് രണ്ടാം സ്ഥാനം. കാസര്‍കോട് ദുര്‍ഗ എച്ച്എസ്എസ് കാഞ്ഞങ്ങാട്, ദ്വാരക സെക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വയനാട്, പാലക്കാട് പികെഎച്ച്എസ് മഞ്ഞപ്പാറ, ജിഎംഎച്ച്എസ്എസ് കാലികറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്, ബാലുശ്ശേരി ജിഎച്ച്എസ്എസ് കോക്കല്ലൂര്‍, എറണാകുളം എസ്എന്‍എച്ച്എസ്എസ് നോര്‍ത്ത് പറവൂര്‍, കോട്ടയം എസ്എംവിഎച്ച്എസ്എസ് പൂഞ്ഞാര്‍, പെരുമ്പാവൂര്‍ സെന്റ് തോമസ് ഗേള്‍സ് എച്ച്എസ്എസ് എന്നിവയാണ് സീനിയര്‍ വിഭാഗത്തില്‍ നിന്ന് ദേശീയ ബാല കോണ്‍ഗ്രസിന് യോഗ്യത നേടിയ മറ്റ് സ്‌കൂളുകള്‍. കറുത്ത പനിയുടെ അനന്തരഫലും അതിനുള്ള പ്രതിരോധമാര്‍ഗവും അവതരിപ്പിച്ച പയ്യന്നൂര്‍ ഏറ്റുകുടുക്ക എയുപിഎസിനാണ് ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം, തെങ്ങോലകളിലൂടെ പാഴാകുന്ന വൈദ്യുതിയെക്കുറിച്ച് പഠനം നടത്തിയ കണ്ണൂരിലെ ജിയുപിഎസ് തവിടിശ്ശേരിയിലെ വിദ്യാര്‍ഥികള്‍ക്കാണ് രണ്ടാം സ്ഥാനം. കൊല്ലം ജിഎച്ച്എസ് പൂയപ്പള്ളി, കണ്ണൂര്‍ കെപിസിഎച്ച്എസ് പട്ടന്നൂര്‍, കോഴിക്കോട് ജിജിഎംജിഎച്ച്എസ്എസ് ചാലപ്പുറം, കൊട്ടാരക്കര ജിവിഎച്ച്എസ്എസ് കുളക്കട എന്നിവരാണ് ജൂനിയര്‍ വിഭാഗത്തില്‍ ദേശീയതലത്തിലേക്ക് യോഗ്യത നേടിയ മറ്റ് സ്‌കൂളുകള്‍. ഇവര്‍ക്ക് ഡിസംബര്‍ 27 മുതല്‍ 31 വരെ മഹാരാഷ്ട്രയിലെ ബാരമതിയില്‍ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാം. ജൂനിയര്‍ സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥികള്‍ക്ക് തിരുപത്തിയില്‍ നടക്കുന്ന ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാനും അവസരം ലഭിക്കും. വിജയികള്‍ക്ക് സര്‍വ ശിക്ഷ അഭിയാന്‍ ഡയറക്ടര്‍ പ്രൊഫ. എ.പി. കുട്ടികൃഷ്ണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ്, മെമ്പര്‍ സെക്രട്ടറി ഡോ.എസ്. പ്രദീപ് കുമാര്‍, പ്രൊഫ.ആര്‍.വി.ജി മേനോന്‍, പ്രൊഫ.കെ.പി. ത്രിവിക്രംജി, ഡോ. കമലാക്ഷന്‍ കൊക്കാല്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.