നോക്കുകൂലി നല്‍കിയില്ല: ലോറി ഡ്രൈവറെ സിഐടിയുക്കാര്‍ തല്ലിച്ചതച്ചു

Saturday 19 November 2016 11:09 pm IST

പള്ളുരുത്തി: നിര്‍മ്മാണ സൈറ്റിലേക്ക് കട്ടകളുമായെത്തിയ ടിപ്പര്‍ ലോറി ഡ്രൈവറെ സിഐടിയു യൂണിയനില്‍പ്പെട്ടവര്‍ തല്ലിച്ചതച്ചു. കുമ്പളങ്ങി കണ്ടത്തിപറമ്പ് ഭൂവനേശ്വരി ക്ഷേത്രത്തിനു് സമീപം ശനിയാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. പരിക്കേറ്റ ലോറി ഡ്രൈവര്‍ ആലുവ എടത്തല സ്വദേശി തതിയാപറമ്പില്‍ അനില്‍ (27) നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈറ്റിലേക്ക് കൊണ്ടുവന്ന സിമന്റ് കട്ടകള്‍ തൊഴിലാളികള്‍ എത്തുന്നതിനു മുന്‍പ് സൈറ്റില്‍ ഇറക്കിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. പതിനാറോളം വരുന്നവര്‍ സംഘത്തിലുണ്ടായിരുന്നു ഇതില്‍ പെട്ട രണ്ടു പേരാണ് മര്‍ദ്ദനം നടത്തിയത്. ഇയാളുടെ മുഖത്തും ദേഹത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്. ആക്രമണത്തില്‍ അനിലിന്റെ വലതു കണ്ണ് കലങ്ങിയിട്ടുണ്ട്. അസഭ്യം വിളിച്ച് എത്തിയ സംഘം ക്രൂര മര്‍ദ്ദനം നടത്തുകയായിരുന്നു. പണം നല്‍കാമെന്ന് പറഞ്ഞിട്ടും അനിലിനെ ഇവര്‍ വെറുതെ വിട്ടില്ല. കുമ്പളങ്ങി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രാഥമിക ചികിത്സ തേടിയ അനില്‍ കുമ്പളങ്ങി പോലീസില്‍ പരാതി നല്‍കി. അതേ സമയം പരാതി ഒത്തു തീര്‍ക്കാന്‍ നേതാക്കള്‍ പോലീസില്‍ നിരന്തരം ഇടപെടുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.