ദുരന്ത ഭൂമിയില്‍...

Sunday 20 November 2016 9:58 pm IST

അന്വേഷണം തുടങ്ങി; പാളത്തിന്റെ വീഡിയോ എടുത്തു ലക്‌നോ: ട്രെയിന്‍ ദുരന്തം സംബന്ധിച്ച് അന്വേഷണം തുടങ്ങി. പാളത്തിന്റെ തകരാറാണ് കാരണമെന്ന സംശയത്തെത്തുടര്‍ന്ന് കാണ്‍പൂര്‍ ഝാന്‍സി റൂട്ടിലെ, അപകടമുണ്ടായ റെയില്‍പാളം പൂര്‍ണ്ണമായും വീഡിയോയില്‍ ചിത്രീകരിച്ചുതുടങ്ങി.ഉത്തരമധ്യ റെയില്‍വേ ജനറല്‍ മാനേജര്‍ അരുണ്‍ സക്‌സേന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദുരന്തം റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ അന്വേഷിക്കും. ആരെങ്കിലും പാളം തകര്‍ത്തതാണോയെന്ന ചോദ്യത്തിന് ഇന്ന് സുരക്ഷാ കമ്മീഷണര്‍ വരുമ്പോള്‍ സംശയമുള്ളവര്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടാമെന്നും തെളിവു നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. 'സ്‌ഫോടന ശബ്ദം, കോച്ചുകള്‍ കീഴ്‌മേല്‍ മറിഞ്ഞു' ന്യൂദല്‍ഹി: ദുരന്തം വിവരിക്കുമ്പോള്‍ ഭയം വിട്ടുമാറിയിരുന്നില്ല ദീപിക ത്രിപാഠിക്ക്. നാല്‍പ്പത്തഞ്ചോളം ബന്ധുക്കള്‍ക്കൊപ്പമാണ് ദീപിക ഇന്‍ഡോര്‍-പാട്‌ന എക്‌സ്പ്രസ്സില്‍ യാത്ര ചെയതത്. ഉറങ്ങാന്‍ കിടന്ന് ഏതാനും മണിക്കൂറിന് ശേഷം സ്‌ഫോടന ശബ്ദത്തില്‍ നടുങ്ങി ദീപിക എഴുന്നേറ്റു. എല്ലാവരും കറങ്ങി വീഴുന്ന കാഴ്ച. തന്റെ കോച്ച് ഭാഗികമായി വായുവിലാണെന്ന് മനസിലാക്കി. അഞ്ച് ബന്ധുക്കളെക്കുറിച്ച് വിവരമില്ലെന്ന് ദീപിക പറയുന്നു. അച്ഛനും അമ്മയും മറ്റൊരു കോച്ചിലായതിനാല്‍ രക്ഷപ്പെട്ടു. ദൈവം രക്ഷിച്ചുവെന്നാണ് അറുപതുകാരനായ ബിന്ദ് കുമാര്‍ ത്രിപാഠി പ്രതികരിച്ചത്. എന്റെ സുഹൃത്തുക്കള്‍ ഒന്നും രണ്ടും കോച്ചുകളിലായിരുന്നു. അവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോള്‍ ഭൂരിഭാഗം കോച്ചുകളും ട്രാക്കിന് പുറത്തായിരുന്നു. ലഗേജുകള്‍ ചിതറിക്കിടന്നു. ബോഗികള്‍ പൊളിച്ചുനീക്കിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. അന്വേഷിക്കും: പ്രധാനമന്ത്രി ന്യൂദല്‍ഹി: കാണ്‍പൂരിലെ ട്രെയിന്‍ അപകടം അന്വേഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ''നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തു. സര്‍വ്വ സന്നാഹങ്ങളോടെ രക്ഷാപ്രവര്‍ത്തനം നടക്കുന്നു. അപകടം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കും''. ആഗ്രയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു. പാവപ്പെട്ടവര്‍ക്കുള്ള വീട് നിര്‍മാണ പദ്ധതിയുടെ ഉദ്ഘാടനവും മോദി നിര്‍വ്വഹിച്ചു. വാക്കുകള്‍ക്കപ്പുറമുള്ള വേദനയെന്ന് പ്രധാനമന്ത്രി നേരത്തെ ട്വിറ്ററില്‍ അനുശോചിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷവും പരിക്കേറ്റവര്‍ക്ക് അരലക്ഷം രൂപയും മോദി പ്രഖ്യാപിച്ചു. 124 പേര്‍ക്ക് ഇന്‍ഷ്വറന്‍സ് ലക്‌നോ: ദുരന്തത്തില്‍ പെട്ട ട്രെയിനില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ 694 പേര്‍. എന്നാല്‍ അവരില്‍ വെറും 124 പേര്‍ മാത്രമാണ് ട്രെയിന്‍ ബുക്ക് ചെയ്ത സമയത്ത് ഇന്‍ഷ്വറന്‍സ് വേണമെന്ന് നിര്‍ദ്ദേശിച്ച് 92 പൈസ കൂടുതലായി അടച്ചത്. മോദി സര്‍ക്കാര്‍ വന്ന ശേഷം കൊണ്ടുവന്ന ഈ സൗകര്യം പലരും ഉപയോഗിച്ചില്ല. മരിച്ചരില്‍ ആരെങ്കിലും ഇന്‍ഷ്വറന്‍സ് എടുത്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പത്തു ലക്ഷം രൂപ ലഭിക്കും. പരിക്കേറ്റവര്‍ക്ക് അതിന്റെ അവസ്ഥ അനുസരിച്ച് ഏഴര ലക്ഷം വരെ ലഭിക്കും. കോച്ചുകള്‍ ഇടിച്ചുകയറി ലക്‌നോ: ഇന്‍ഡോര്‍ പാട്‌ന എക്‌സ്പ്രസിന്റെ പാളം തെറ്റിയ പല കോച്ചുകളും പരസ്പരം ഇടിച്ചുകയറിയ നിലയില്‍. എസ്ഒന്ന്, എസ്‌രണ്ട് കോച്ചുകള്‍ കൂട്ടിയിടിച്ച മട്ടിലാണ് കിടക്കുന്നത്. ഈ രണ്ടു കോച്ചുകളിലെ ടിടിഇമാര്‍, മറ്റു ജീവനക്കാര്‍ എന്നിവരെപ്പറ്റി വിവരമൊന്നുമില്ല. തേഡ് എസിക്കും വലിയ കേടുപറ്റിയിട്ടുണ്ട്. പാളം ശരിയാക്കാന്‍ കുറഞ്ഞത് 36 മണിക്കൂര്‍ എടുക്കും.300 എന്‍ജിനിയര്‍മാരെയും മറ്റു ജീവനക്കാരെയും ഇതിന് നിയോഗിച്ചിട്ടുണ്ട്. അപകടത്തില്‍ പെട്ട് കുടുങ്ങിപ്പോയവരെയും ചെറിയ പരിക്കേറ്റവരെയും മലേസ സ്‌റ്റേഷനില്‍ എത്തിച്ച് പ്രത്യേക ട്രെയിനില്‍ കയറ്റിവിട്ടു. ഇതുകൂടാതെ കുടുങ്ങിയവരെ കൊണ്ടുപോകാന്‍ നിരവധി ബസുകളും ഏര്‍പ്പെടുത്തി. അമ്മ മരിച്ചു; തകര്‍ന്ന കോച്ചില്‍ നിന്ന് ജീവനോടെ കുരുന്നുകള്‍ ലക്‌നോ: തകര്‍ന്നടിഞ്ഞ കോച്ചുകളില്‍ നിന്ന് രണ്ടു കുട്ടികളെ രക്ഷിച്ചു. ആറും ഏഴും വയസുള്ള കുട്ടികളെയാണ് എസ് മൂന്നില്‍ നിന്ന് നിസാര പരിക്കുകളോടെ പുറത്തെടുത്തത്. കോച്ച് പൊളിച്ച് കുട്ടികളെ പുറത്തെടുത്തപ്പേഴാണ് രക്ഷാ പ്രവര്‍ത്തകര്‍ അതു കണ്ടത്. കുട്ടികളുടെ സമീപത്ത് അവരുടെ അമ്മയുടെ മൃതദേഹം. ഈ കോച്ചില്‍ നിന്ന് രണ്ടു പെണ്‍കുട്ടികളെയും രക്ഷിച്ചു. ദേശീയ ദുരന്ത നിവാരണ സേനാകമാന്‍ഡര്‍ എകെ സിങ്ങ് പറഞ്ഞു. എല്ലാ കോച്ചുകളും ക്രെയിനുപയോഗിച്ച് പൊക്കാന്‍ കഴിയില്ല. അവയിലും അവക്കടിയിലും ജീവനോടെയാള്‍ക്കാര്‍ ഉണ്ടാകാം. റെയില്‍വേ വന്‍തോതില്‍ നവീകരിച്ചുവരുന്ന സമയത്താണ് ദുരന്തമെന്നതാണ് ഖേദകരം. റെയില്‍വേയുടെ പ്രവര്‍ത്തനം, സുരക്ഷ തുടങ്ങിയവയെല്ലാം മെച്ചപ്പെടുത്താനുള്ള വന്‍പദ്ധതിക്കാണ് മോദി സര്‍ക്കാര്‍ തുടക്കമിട്ടിരുന്നത്. കരള്‍ പിളര്‍ക്കും കാഴ്ച കാണ്‍പൂര്‍: ട്രെയിന്‍ ദുരന്തമുണ്ടായ സ്ഥലത്ത് വേദനാജനകമായ കാഴ്ചകളാണ്. പൊട്ടിത്തകര്‍ന്നും ചുളുങ്ങി മടങ്ങിയും മറിഞ്ഞുകിടക്കുന്ന കോച്ചുകളില്‍ ചോരപ്പാടുകള്‍ കാണാം. ചിതറിത്തെറിച്ച ചെരുപ്പുകള്‍, കീറിയ വസ്ത്രങ്ങള്‍, ബാഗുകള്‍.. രക്ഷപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും നിലവിളികളും ഞരക്കങ്ങളും കേള്‍ക്കാമായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ബോഗികള്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങളും അകത്തുകുടുങ്ങിയവരെയും പുറത്തെടുത്തത്. ബോഗികള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ ചതഞ്ഞും ചോരയില്‍ കുളിച്ചും കിടക്കുന്ന ഭയാനകമായ ദൃശ്യങ്ങള്‍ പലരെയും വേട്ടയാടുന്നുണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം വികൃതമായി ലക്‌നോ: കാണ്‍പൂര്‍ ട്രെയിനപകടത്തില്‍ പെട്ടവരുടെ മൃതദേഹങ്ങള്‍ മിക്കവയും തിരിച്ചറിയാന്‍ സാധിക്കാത്ത വിധം വികൃതമായതായി ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ പറഞ്ഞു. അഞ്ച് എന്‍ഡിആര്‍എഫ് സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് അവര്‍ തകര്‍ന്ന കോച്ചുകള്‍ മുറച്ചുമാറ്റിയത്. ചക്രങ്ങളില്‍ നിന്ന് അസാധാരണമായ ശബ്ദം: യാത്രക്കാരന്‍ ലക്‌നോ: ദുരന്തത്തില്‍പെടും മുന്‍പ് ട്രെയിനിന്റെ ചക്രങ്ങളില്‍ നിന്ന് അസാധാരണമായ ശബ്ദം കേട്ടതായി യാത്രക്കാരന്‍. രാത്രി രണ്ടുമണിയോടെയാണ് ഞാന്‍ ഇന്‍ഡോറില്‍ നിന്ന് എസ്2 കോച്ചില്‍ കയറിയത്. ഒരു മണിക്കൂറിനു ശേഷം ഞാന്‍ ഉജൈനില്‍ ഇറങ്ങി. ചക്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ ശബ്ദം കേട്ടതായി ഞാന്‍ റെയില്‍വേ യൂണിഫോം അണിഞ്ഞ ഒരാളോട് പറഞ്ഞിരുന്നു. പക്ഷെ അദ്ദേഹം അത് ഗൗരവത്തില്‍ എടുത്തതായി തോന്നുന്നില്ല. മധ്യപ്രദേശിലെ മന്‍സൗര്‍ ജില്ലയിലെ ഖേര്‍ദേഡ സ്വദേശിയായ പ്രകാശ് ശര്‍മ്മ പറഞ്ഞു. ആരോടാണ് പറഞ്ഞതെന്ന് അറിയില്ല. ആ ഉദ്യോഗസ്ഥന്റെ പേരുമറിയില്ല. അപകടത്തിനു മുന്‍പ് വലിയൊരു ശബ്ദം കേട്ടു. ജീവന്‍ ലഭിച്ചതില്‍ സന്തോഷം. ഒരു യാത്രക്കാരന്‍ പറഞ്ഞു. കണ്ടത് മരണ താണ്ഡവമെന്ന് യാത്രക്കാര്‍ പുഖ്‌റയന്‍: മരണം ഞങ്ങളെ മറികടന്നു പോകുന്നതു കണ്ടു. ട്രെയിന്‍ ദുരന്തത്തില്‍ പെട്ട മിക്കവരും ഭയത്തോടെ പറഞ്ഞതാണിത്. ബോഗികള്‍ കണ്ടാല്‍ മതി അത് എത്രമാത്രം ശരിയെന്നറിയാന്‍. ബെഡ് ഷീറ്റുകള്‍, പുതപ്പുകള്‍, തലയണകള്‍, പാതി കഴിച്ച ഭക്ഷണം, സ്യൂട്ട്‌കേസുകള്‍, ബാഗുകള്‍ എല്ലാം ചിതറിക്കിടക്കുന്നു. തകര്‍ന്ന ഒരു കോച്ചിനരികില്‍ കരഞ്ഞുകൊണ്ട് തന്റെ സഹോദരനെ തെരയുകയാണ് ഒരു പെണ്‍കുട്ടി. ഭോപ്പാലിലെ നീന്തല്‍മല്‍സരം കഴിഞ്ഞ് ഇരുവരും പാട്‌നയിലേക്ക് മടങ്ങുകയായിരുന്നു. ഭയാനകമായ കാഴ്ചക്കിടയിലും ജീവന്‍ രക്ഷിച്ച രക്ഷാ പ്രവര്‍ത്തകരുടെ ധീരോദാത്തമായ കഥകളാണ് ആശ്വാസം പകര്‍ന്നത്. തകര്‍ന്ന കോച്ചില്‍ നിന്ന് ശക്തിസിങ്ങ് അഞ്ചു പേരെയാണ് രക്ഷിച്ചത്. അവരില്‍ വൃദ്ധയായ ഒരാളുടെ കാല്‍ മുറിഞ്ഞുവീണിരുന്നു.കാല്‍ മരവിച്ചതിനാല്‍ അവര്‍ അത് അറിഞ്ഞിരുന്നുപോലുമില്ല. ഒരാളുടെ വായില്‍ നിന്ന് ചോര ഒഴുകുന്നുണ്ടായിരുന്നു. രക്തത്തില്‍ കുളിച്ച മൃതദേഹങ്ങളാണ് ബോഗിയിലുണ്ടായിരുന്നത്. അപകടമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ക്ക് യാത്രക്കാര്‍ നന്ദി പറഞ്ഞു. ജീവനുള്ളവരെയെല്ലാം രക്ഷിച്ചു.90 പേരെയാണ് കരസേന നിയോഗിച്ചത്. പുറമേ 50 അംഗ മെഡിക്കല്‍ ടീമിനെയും അയച്ചു. ഇന്നലെ വൈകിട്ട് ഏഴരയോടെ രക്ഷാ പ്രവര്‍ത്തനം ഏറെക്കുറെ അവസാനിച്ചു. 97 പേര്‍ മരിച്ചെന്നും 91 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് റെയില്‍വേയുടെ ഔദ്യോഗിക വിശദീകരണം. മൃതദേഹങ്ങളില്‍ 47 എണ്ണം രാത്രി ഏഴുമണിയോടെ തിരിച്ചറിഞ്ഞു. അട്ടിമറി സാധ്യത അന്വേഷിക്കും ന്യൂദല്‍ഹി: കാണ്‍പൂര്‍ ട്രെയിന്‍ ദുരന്തത്തിന് കാരണം പാളത്തിലെ വിള്ളലെന്ന് പ്രാഥമിക നിഗമനം. റെയില്‍വേ ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല. അട്ടിമറി സാധ്യതയും പരിശോധിക്കുന്നുണ്ട്. ദുരന്തം അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ നിലയിലുള്ള ചെറിയ പൊട്ടലുകള്‍ ഇത്രയും വലിയ ദുരന്തത്തിന് കാരണമാകില്ലെന്നാണ് കരുതുന്നത്. ട്രാക്കില്‍ വലിയ വിള്ളലുണ്ടായതിന് പിന്നില്‍ ബാഹ്യ ഇടപെടലുണ്ടോയെന്ന് അന്വേഷിക്കും. നൂറിലേറെ ട്രെയിന്‍ ദുരന്തങ്ങള്‍; പൊലിഞ്ഞത് ആയിരങ്ങള്‍ ന്യൂദല്‍ഹി: ഇന്ത്യയില്‍ ട്രെയിനപകടങ്ങളില്‍ പൊലിയുന്നത് ആയിരങ്ങളുടെ ജീവനുകള്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പാളങ്ങള്‍ മെച്ചപ്പെടുത്താനും സുരക്ഷ കര്‍ക്കശമാക്കാനും സിഗ്‌നലുകള്‍ നവീകരിക്കാനും വന്‍ പദ്ധതികള്‍ നടപ്പാക്കിവരികയാണ്. അതിനിടെയാണ് കാണ്‍പൂര്‍ ദുരന്തം. 1890 ല്‍ നാഗ്പൂരില്‍ ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് 10 പേര്‍ കൊല്ലപ്പെട്ടു, അതായിരുന്നു റെയില്‍വേ ചരിത്രത്തിലെ ആദ്യ ദുരന്തം, തുടര്‍ന്ന് ചെറുതും വലുതുമായ 100 ല്‍ പരം ദുരന്തങ്ങള്‍. 1. 1981 ജൂണ്‍ 6ന് ബീഹാറിലെ സഹര്‍ഷയില്‍ ട്രെയിനപകടത്തില്‍ 800 പേര്‍ മരിച്ചു. പാളം തെറ്റിയ ട്രെയിന്‍ ഭഗ്മതി നദിയിലേക്ക് മറിയുകയായിരുന്നു. 2. 1995 ആഗസ്റ്റ് 20 ന് ഉത്തര്‍ പ്രദേശിലെ ഫിറോസാബാദില്‍ അപകടത്തില്‍ 350 പേര്‍ മരിച്ചു. 3. 1999 ആഗസ്റ്റ് 2 ന് അവധ്-അസം എക്‌സ്പ്രസ് ബ്രഹ്മപുത്ര മെയിലുമായി കൂട്ടിയിടിച്ച് 268 പേര്‍ മരിച്ചു. ഇന്ത്യ കണ്ട ഭീകരമായ ട്രെയിന്‍ അപകടങ്ങളില്‍ ഒന്നാണിതും. 4. 1998 നവംബര്‍ 26 ന് പഞ്ചാബിലെ ഘന്നയില്‍ 212 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ജമ്മു താവി സിയല്‍ദാ എക്‌സ്പ്രസ്സിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റുകയായിരുന്നു. 5. 2010 മെയ് 28 ന് മാവോയിസ്റ്റ് ആക്രമണം മൂലമുണ്ടായ ട്രെയിനപകടത്തില്‍ 170 പേര്‍ കൊല്ലപ്പെട്ടു.ജ്ഞാനേശ്വരി എക്‌സ്പ്രസ്സാണ് ആക്രമണത്തിനിരയായത്. 6. 1964 ഡിസംബര്‍ 23 ന് പാമ്പന്‍-ധനുഷ്‌ക്കോടി എക്‌സ്പ്രസ്സ് കടലില്‍ ഒലിച്ചുപോയി 150 പേര്‍ മരിച്ചു. 7. 2002 സെപ്റ്റംബര്‍ 9 ന് ബീഹാറിലെ ഗയ-ദെഹ്‌രി സ്റ്റേഷനു സമീപം ഹൗറ-ന്യൂദല്‍ഹി എക്‌സ്പ്രസ്സ് പാളം തെറ്റി 140 പേര്‍ മരിച്ചു. 8. 1954 സെപ്റ്റംബര്‍ 28 ന് ഹൈദരാബാദില്‍ നദിയിലേക്ക് ട്രെയിന്‍ മറിഞ്ഞ് 139 പേര്‍ മരിച്ചു. 9. 1956 സെപ്റ്റംബര്‍ 2 ന് ഹൈദരാബാദിന് സമീപം മഹബൂബ് നഗറില്‍ പാലം തകര്‍ന്ന് ട്രയിന്‍ മറിഞ്ഞ് 125 മരിച്ചു. 10. 1937 ജൂലൈ 17-ന് പട്‌നയ്ക്ക് സമീപം ബിഹ്ത റെയിവേ സ്റ്റേഷനില്‍ ട്രെയിനപകടത്തില്‍ 19 പേര്‍ മരിച്ചു. പെരുമണ്‍, കടലുണ്ടി കേരളത്തെ നടുക്കിയ തീവണ്ടി ദുരന്തങ്ങള്‍ കൊല്ലത്തിനടുത്ത് പെരുമണ്ണിലും കോഴിക്കോട് കടലുണ്ടിയിലുമാണ് ഉണ്ടായത്. 1988 ജൂലൈ എട്ടിന് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമണ്‍ പാലത്തില്‍നിന്ന് ബാംഗ്ലൂര്‍കന്യാകുമാരി ഐലന്റ് എക്‌സ്പ്ര്സ്സ് പാളം തെറ്റി അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞ് 105 പേരാണ് മരിച്ചത്. 200 ലധികം പേര്‍ക്ക് പരിക്കേറ്റു. 2001 ജൂണ്‍ 22ന് കോഴിക്കോട് കടലുണ്ടിയില്‍ മദ്രാസ് മെയില്‍ എക്‌സ്പ്രസിന്റെ മൂന്ന് ബോഗികള്‍ കടലുണ്ടി പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 52 പേര്‍ മരിച്ചു. 222 പേര്‍ക്ക് പരിക്കേറ്റു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.