കേന്ദ്ര നിര്‍ദ്ദേശം: സന്നിധാനത്ത് സുരക്ഷാ ഓഡിറ്റിങ് നടത്തി

Sunday 20 November 2016 7:58 pm IST

ശബരിമല: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സന്നിധാനത്ത് സുരക്ഷാ ഓഡിറ്റിങ് നടത്തി. ഭീകരഭീഷണി ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ജില്ലാപോലീസ് മേധാവി ഹരിശങ്കര്‍, ജില്ലാ ഇന്റലിജന്‍സ് മേധാവി എ. നസീം, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി. കെ. ജഗദീഷ് എന്നിവരുടെ നേത്യത്വത്തിലായിരുന്നു സുരക്ഷാഓഡിറ്റിങ് നടത്തിയത്. സംഘം മാളികപ്പുറത്തിന് സമീപം ഗ്യാസ്‌സിലിണ്ടര്‍ സൂക്ഷിക്കാന്‍ നിര്‍മ്മിച്ച ഗോഡൗണ്‍ സന്ദര്‍ശിച്ചു. സന്നിധാനത്ത് സ്‌ഫോടനമോ ആക്രമണമോ ഉണ്ടായാല്‍ അപകടം കൂടാതെ ഭക്തരെ ഒഴിപ്പിക്കേണ്ട സ്ഥലങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍ തീരുമാനമായി. അങ്ങനെ സംഭവിച്ചാല്‍ ഭക്തരെ പാണ്ടിത്താവളം, ഉരല്‍ക്കുഴി, ജീപ്പ് റോഡിന് മുകള്‍വശം മററ് തുറസായ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്ക് മാറ്റാനാണ് തീരുമാനം. സന്നിധാനത്തിന് സമീപത്തെ പാചകവാതക ഗോഡൗണിന് ചുറ്റും പൂര്‍ണ്ണമായി മതില്‍ നിര്‍മ്മിക്കാത്തതിനാല്‍ സുരക്ഷാ ഭീഷണി ഉള്ളതായി കണ്ടെത്തി. ഈ ഗോഡൗണിന് ഇതുവരെ ഫയര്‍ഫോഴ്‌സ് എന്‍ഒസി നല്‍കിയിരുന്നില്ല. അതിനാല്‍ ഗോഡൗണിന് പുറത്ത് മതിലിനുളളിലാണ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ഗോഡൗണിന് താല്കാലിക അനുമതി നല്കാന്‍ ഫയര്‍ഫോഴ്‌സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഗോഡൗണില്‍ സായുധകാവല്‍ ഏര്‍പ്പെടുത്തും. ചാലക്കയം, ത്രിവേണിഭാഗങ്ങളിലും ജില്ലാ പോലീസ് മേധാവി പരിശോധന നടത്തി. കേന്ദ്ര ദ്രുതകര്‍മ്മസേന, ദുരന്ത നിവാരണസേന, വനംവകുപ്പ്, അഗ്‌നിശമനസേന, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സന്നിധാനം ഫയര്‍ഫോഴ്‌സ് സ്‌പെഷ്യല്‍ ഓഫീസര്‍ ദിലീപിന്റെ നേത്യത്വത്തിലുളള അഗ്‌നി ശമനസേനയും സന്നിധാനം എസ്‌ഐ അശ്വിത്ത് കാരായ്മയിലും പരിശോധനയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.