അമ്മയ്ക്ക് പേരിട്ടത് ഗാന്ധിജി: നളിനി

Sunday 20 November 2016 8:42 pm IST

ചെന്നൈ: രാജീവ് ഗാന്ധിയുടെ കൊലയാളി നളിനി ശ്രീഹരന്‍ വീണ്ടും വാര്‍ത്തകളില്‍. ദീര്‍ഘ ജയില്‍വാസം അനുഭവിച്ച അവര്‍ സ്വന്തം ജീവിതം 500 താളുകളിലായി ക്രോഡീകരിച്ച് വായനക്കാരിലേക്ക് എത്തിക്കുകയാണ്. ഗാന്ധിജിയാണ് അമ്മയ്ക്ക് പത്മാവതി എന്ന പേര് നല്‍കിയതെന്ന് പുസ്തകത്തില്‍ പറയുന്നു. ചെന്നൈയിലെ നേഴ്‌സായി ജീവിച്ച അമ്മയെയും മകളെയും ലോകം അറിഞ്ഞത് രാജീവ് വധത്തോടെയാണ്. ശ്രീഹരന്‍ എന്ന മുരുകനെ വിവാഹം കഴിച്ചതോടെയാണ് തമിഴ് പെണ്‍കുട്ടിയുടെ ജീവിതം മാറി മറഞ്ഞത്. 1991 മെയ് 21ന്് നടന്ന രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുമ്പോള്‍ നളിനി രണ്ട് മാസം ഗര്‍ഭിണിയായിരുന്നു. വെല്ലൂരിലെ പ്രത്യേക ജയിലില്‍ ആറ് പേര്‍ക്കൊപ്പം ഇവര്‍ ആജീവനാന്ത തടവ് അനുഭവിക്കുകയാണ്. 2008മാര്‍ച്ച് 19ന് പ്രിയങ്കയുമായി നടത്തിയ കൂടിക്കാഴ്ചയാണ് പുസ്തകത്തിന്റെ ക്ലൈമാക്‌സ്. തൊണ്ണൂറ് മിനിറ്റോളം ജയിലില്‍ പ്രിയങ്കയുമായി സംസാരിച്ചു. തന്റെ അച്ഛനെ എന്തിനാണ് കൊന്നതെന്ന് പ്രിയങ്ക നളിനിയോട് നേരിട്ട് ചോദിച്ചു. കൊലപാതകത്തിന് പിറകില്‍ ആരായിരുന്നുവെന്നും അവര്‍ക്ക് അറിയണമായിരുന്നു. സാഹചര്യങ്ങള്‍ കൊണ്ടു തടവുകാരിയായതാണെന്ന കാര്യം പ്രിയങ്കയോട് വ്യക്തമാക്കി. കാര്യങ്ങള്‍ അവര്‍ക്ക് മനസിലായി. എന്നാല്‍ തീരുമാനമെടുക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. 2008 ഏപ്രില്‍ പതിനഞ്ചിനാണ് ചില മാധ്യമങ്ങള്‍ ഇവരുടെ കൂടിക്കാഴ്ചയെക്കുറിച്ച് വാര്‍ത്ത നല്‍കിയത്. പ്രിയങ്കയുടെ സന്ദര്‍ശനോദ്ദേശ്യം ഇന്നും അവ്യക്തമാണെന്നും നളിനി പറയുന്നു. ശ്രീലങ്കയുമായുളള ബന്ധം മെച്ചപ്പെടുത്താന്‍ വേണ്ടിയാകും . കൂടിക്കാഴ്ചാ റിപ്പോര്‍ട്ട് വന്നതിന് പിറ്റേന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്ഷെയുടെ സഹോദരന്‍ ഇന്ത്യയിലേക്ക് വന്നതായും മൂന്ന് ദിവസം ദല്‍ഹിയില്‍ തങ്ങി എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വാടകയ്ക്ക് വീട് അന്വേഷിച്ചാണ് ശ്രീഹരന്‍ തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. ശ്രീഹരന്‍ വാടകയ്ക്ക് എടുത്ത വീട്ടിലേക്ക് തനുവും ശോഭയുമെത്തി. രാജീവ് വധത്തില്‍ മനുഷ്യ ബോംബായി പ്രവര്‍ത്തിച്ചത് തനുവായിരുന്നു. തനിയ്‌ക്കോ ഭര്‍ത്താവിനോ വധത്തിന്റെ ആസൂത്രണവുമായി യാതൊരു ബന്ധവും ഇല്ലെന്നും പുസ്തകത്തില്‍ പറയുന്നു. താന്‍ എല്‍ടിടിഇ പ്രവര്‍ത്തകയായിരുന്നില്ല. ചെന്നൈയില്‍ ജനിച്ച താന്‍ ഇംഗ്ലീഷ് സാഹിത്യം പഠിച്ച് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. അമ്പത് ദിവസത്തെ കസ്റ്റഡികാലത്തെ കുറിച്ചുളള കുറിപ്പുകള്‍ കഠിന ഹൃദയര്‍ക്ക് പോലും സഹിക്കാനാകുന്നതല്ല. മകളുടെ ജനനമടക്കമുളളവ കണ്ണ് നിറയാതെ വായിക്കാനുമാകില്ല. ഭര്‍ത്താവിന്റെയും മറ്റുളളവരുടെയും മുന്നില്‍ വച്ച് പ്രണയാഭ്യര്‍ത്ഥന, കൂട്ട ബലാല്‍സംഗം, ചങ്ങലയ്ക്കിട്ട് കുടുസുമുറിയില്‍ ആഴ്ചകളോളം, ഇതിനെയെല്ലാം അതിജീവിക്കാന്‍ ഗര്‍ഭസ്ഥശിശുവിന് കഴിഞ്ഞു. കുറ്റസമ്മതക്കുറിപ്പില്‍ ഒപ്പിട്ട തന്നെ ഗര്‍ഭഛിദ്രത്തിനായി ഡോക്ടറുടെ അടുക്കല്‍ കൊണ്ടുപോയി. ഡോക്ടര്‍ തയാറായില്ല. അവരെ താന്‍ ദേവതയായാണ് കാണുന്നത്. മകള്‍ അരിത്ര ഇപ്പോള്‍ ലണ്ടനില്‍ ഡോക്ടറാണ്. ദിവസങ്ങളോളം ഭക്ഷണം പോലുമില്ലാതെയാണ് അവള്‍ വയറ്റില്‍ കഴിഞ്ഞത്. ചില ജയിലുദ്യോഗസ്ഥര്‍ കുഞ്ഞിന് വേണ്ടി ചില സഹായങ്ങളും പണവും നല്‍കി. പിന്നീട് കുട്ടിയെ കോയമ്പത്തൂരിലേക്കും ശ്രീലങ്കയിലേക്കും അയച്ചു. അവിടെ നിന്ന് അമ്മാവന്‍മാര്‍ക്കും അമ്മായിമാരുമൊത്ത് ലണ്ടനിലേക്ക് കുടിയേറി. കുട്ടിയ്ക്ക് വിദ്യാര്‍ത്ഥി വിസ പോലും നല്‍കാന്‍ ഇന്ത്യ വിസമ്മതിച്ചു. ഇപ്പോള്‍ ഡോക്ടര്‍ ആകാന്‍ പോലും കാരണം ബ്രിട്ടീഷ് സര്‍ക്കാരാണ്. ജയലളിത അധികാരത്തില്‍ വരുമ്പോള്‍ ജയില്‍ ജീവിതം അല്‍പ്പം മെച്ചപ്പെടാറുണ്ട്. മകള്‍ ശ്രീലങ്കയിലേക്ക് മടങ്ങി പോയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് 2006ല്‍ ഡിഎംകെ അധികാരത്തില്‍ വന്നപ്പോള്‍ ഭീഷണിപ്പടുത്തി. മകളോടും ഭര്‍ത്താവിനോടും ഒപ്പം ഒരു ദിവസമെങ്കിലും കഴിയണമെന്നാണ് തന്റെ ആഗ്രഹമെന്നും നളിനി പറയുന്നു. അനാഥയായി കാട്ടില്‍ കളയേണ്ടി വന്നതില്‍ മകളോട് മാപ്പ് പറയുന്നുമുണ്ട് ഈ അമ്മ. പല നേതാക്കളുടെയും പേര് ഇവര്‍ അനുഭാവ പൂര്‍വ്വം പുസ്തകത്തില്‍ പറയുന്നുണ്ട്. മുന്‍ ഹൈക്കോടതി ജ്ഡ്ജി ജസ്റ്റിസ് ഹരി പരന്തമണ്‍, എംഡിഎംകെ നേതാവ് വൈകോ, വിസികെ നേതാവ് തോല്‍ തിരുമാവളവന്‍, ചലച്ചിത്ര സംവിധായകനും രാഷ്ട്രീയക്കാരനുമായ സീമാന്‍, കൊളത്തൂര്‍ മണി,പി.പുകഴേന്തി തുടങ്ങിയവരുടെ പേരാണ് അവ. തമിഴില്‍ എഴുതിയ പുസ്തകം വ്യാഴാഴ്ച പുറത്തിറങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.