അഷ്ടമി ദര്‍ശനത്തിനായി ആയിരങ്ങള്‍ ഒഴുകിയെത്തും

Sunday 20 November 2016 9:29 pm IST

വൈക്കം: വൃശ്ചികപ്പുലരിയുടെ കുളിരില്‍ പഞ്ചാക്ഷരമന്ത്രങ്ങളുരുവിട്ട് ഭക്തിയുടെ നിറവില്‍ വൈക്കത്തഷ്ടമി തൊഴാന്‍ ഇന്ന് മഹാദേവക്ഷേത്രത്തിലേക്ക് പതിനായിരങ്ങള്‍ ഒഴുകിയെത്തും. ഇന്ന് പുലര്‍ച്ചെ 4.30നാണ് അഷ്ടമി ദര്‍ശനം ആരംഭിക്കുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ ആല്‍ച്ചുവട്ടില്‍ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹര്‍ഷിക്ക് പത്‌നീസമേതനായി പരമേശ്വരന്‍ ദര്‍ശനം നല്‍കി അനുഗ്രഹിച്ച കാര്‍ത്തിക മാസത്തിലെ കൃഷ്ണാഷ്ടമി മൂഹൂര്‍ത്തത്തിലാണ് അഷ്ടമി ദര്‍ശനം. അഷ്ടമി ദിനത്തില്‍ പ്രഭാതംമുതല്‍ പ്രദോഷംവരെ വൈക്കത്തപ്പനെ ദര്‍ശിക്കുന്നവര്‍ക്ക് അനുഗ്രഹമുണ്ടാകുമെന്നാണു വിശ്വാസം. ഉച്ചയക്ക് 151 പറ അരിയുടെ പ്രാതല്‍ വഴിപാട് നടക്കും. പതിനായിരക്കണക്കിന് ഭക്തര്‍ പ്രാതല്‍ വഴിപാട് ഭുജിക്കാനെത്തും.അഷ്ടമി വിളക്കിനായി വൈക്കത്തപ്പനും രാത്രി 10 ന് കിവക്കേ ആനക്കൊട്ടിലിലേക്ക് എഴുന്നെള്ളിയെത്തും. വാദ്യഘോഷങ്ങള്‍ ഒന്നുമില്ലാതെയാണ് വൈക്കത്തപ്പന്റെ എഴുന്നള്ളിപ്പ്. താരകാസുനിഗ്രഹത്തിന് പോയ പുത്രനായ ഉദയാനാാപുരത്തപ്പനെ കാണാതിരുന്ന് ദുഖിതനായ വൈക്കത്തപ്പന്‍ തന്ത്രിയുടെ ആവശ്യപ്രകാരം മുടങ്ങിയ രാവിലെ പൂജയ്ക്കായി കിഴക്കേ ആനക്കൊട്ടിലില്‍ എഴുന്നെള്ളുന്നുവെന്നാണ് ഐതീഹ്യം. ഉദയനാപുരത്തപ്പന്റെ വരവാണ് അഷ്ടമി വിളക്കിലെ പ്രധാന ചടങ്ങ്. താരാസുരനെയും ശൂരപത്മനെയും നിഗ്രഹിച്ച് ആര്‍ഭാടസമേതം വരുന്ന ഉദയനാപുരത്തപ്പനു, കൂട്ടുമ്മേല്‍ ഭഗവതിക്കും,ശ്രീനാരായണപുരം ദേവനും വലിയകവല,കൊച്ചാലുംചുവട്,വടക്കേകൊട്ടാരം എന്നിവിടങ്ങലില്‍ നിറപറ, നിലവിളക്ക്, മുത്തുക്കുടകള്‍, വര്‍ണക്കുടകള്‍, പുഷ്പമാല്യങ്ങള്‍ എന്നിവകൊണ്ട് അലങ്കരിച്ച് ഭക്ത ജനങ്ങല്‍ വരവേല്‍പ്പ നല്‍കും. ഈ സമയത്ത് തൃണയംകുടത്തപ്പന്റെ എഴുന്നള്ളത്ത് പടിഞ്ഞാറെനട വഴി വടക്കേ ഗോപുരത്തിലെത്തി, എല്ലാവരും ചേര്‍ന്ന് ക്ഷേത്രത്തില്‍ പ്രവേശിക്കും. മൂത്തേടത്തുകാവ് ഭഗവതി, ഇണ്ടംതുരുത്തി ദേവി എന്നിവരുടെ എഴുന്നള്ളത്തിന് തെക്കേ നടയിലും വരവേല്‍പ്പ് നല്‍കും. ഈ സമയത്ത് അവിടെ പുഴവായിക്കുളങ്ങര മഹാവിഷ്ണു, കിഴക്കുംകാവ് ദുര്‍ഗാദേവി എന്നിവരുടെ എഴുന്നള്ളത്തും എത്തി, തെക്കേ ഗോപുരം വഴി ക്ഷേത്രമതില്‍ക്കകത്ത് കയറും. എല്ലാ ദേവീദേവന്മാരും വൈക്കത്തപ്പനുമൊത്ത് ഒന്നാം പ്രദക്ഷിണം വെയ്ക്കുമ്പോഴാണ് പ്രസിദ്ധമായ അഷ്ടമി വിളക്ക് തെളിയുന്നത്. ഇത് അഷ്ടമിയുടെ മുഴുവന്‍ പ്രൗഢിയും വിളിച്ചോതുന്ന ചടങ്ങാണ്. തുടര്‍ന്ന്് വലിയകാണിക്ക ആദ്യ അവകാശി കറുകയില്‍ കൈമള്‍പല്ലക്കിലേറി വന്ന് സമര്‍പ്പിക്കും തുടര്‍ന്ന് യാത്രയപ്പ് നടക്കും.വെടിക്കെട്ടിനും ദേവീ ദേവന്മാരും അവസാനം ഉദയനാപുരത്തപ്പനും വൈക്കത്തപ്പനോട് യാത്ര പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.