വാഹനാപകടം; നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു

Sunday 20 November 2016 9:59 pm IST

മരട്: ഇടപ്പളളി-അരൂര്‍ ദേശീയപാതയില്‍ വൈറ്റില തൈക്കൂടത്ത് നാലു കാറുകളും ഒരു സ്വകാര്യബസും കൂട്ടിയിച്ചു. അപകടത്തില്‍ ഒരാള്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എറണാകുളം സെമിത്തേരി മുക്കില്‍ മുംതാസ് വീട്ടില്‍ പരേതനായ അഡ്വ:എം.കെ. മുസ്തഫസമിര്‍ റാവുത്തറുടെ ഭാര്യ സൈനബ (77) യാണ് മരിച്ചത്. ഇവരുടെ മരുമകള്‍ മൈമൂണ്‍ ബീവി, പേരക്കുട്ടി മുഹമ്മദ് മുസ്തഫ കാഫി, ബസ് ഇടിച്ച് തെറിപ്പിച്ച കാറിലെ യാത്രക്കാരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തൈക്കൂടം യുടേണ്‍ ഭാഗത്തായിരുന്നു അപകടം. വൈറ്റിലയില്‍ നിന്നും വന്ന ശരണ്യ എന്ന സ്വകാര്യ ബസ് എറണാകുളത്തേക്ക് പോകുന്നതിനായി യുടേണ്‍ എടുത്തു. പിന്നിലൂടെ കുണ്ടന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ യുടേണ്‍ എടുക്കുന്നതിന് മുമ്പ് ബസിനെ മറിക്കടക്കാന്‍ ശ്രമിച്ചു. കാര്‍ മറികടക്കുന്നതിന് മുമ്പ് തന്നെ ബസ് കാറിനെ ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു പോയ കാര്‍ മറുഭാഗത്ത് കൂടെ വൈറ്റില ഭാഗത്തേക്ക് വരികയായിരുന്ന സൈനബയുടെ കാറിന് മുകളിലേക്ക് വീണു. അപകടത്തില്‍ രണ്ട് കാറുകളുംപൂര്‍ണ്ണമായി തകര്‍ന്നു. ഇതിനിടെ മറ്റ് രണ്ട് കാറുകളിലും അപകടത്തില്‍പ്പെട്ട കാറുകള്‍ തട്ടിയെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നാട്ടുകാരും, സ്ഥലത്തെത്തിയ പോലീസും ചേര്‍ന്ന് കാറിലുണ്ടായിരുന്നവരെ വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്. കോട്ടയത്ത് പോയശേഷം എറണാകുളത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സൈനബയും കുടുംബാംഗങ്ങളും. ഇതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. സ്ഥലത്ത് നിലവിലുള്ള ഗതാഗത പരിഷ്‌ക്കാരത്തെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡും ഉപരോധിച്ചു. ഉപരോധത്തെ തുടര്‍ന്ന് എംഎല്‍എ പി.ടി. തോമസ് സ്ഥലത്തെത്തുകയും അധികൃതരുമായി സംസാരിച്ച് 25ന് അടിയന്തര യോഗം വിളിച്ച് ഗതാഗത പരിഷ്‌ക്കരണ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.