കാണ്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റി: 120 മരണം

Sunday 20 November 2016 10:51 pm IST

  ലക്‌നോ: യുപിയിലെ കാണ്‍പൂരിനടുത്ത് പുഖ്‌റയന്‍ ഇന്‍ഡോര്‍-പാട്‌ന എക്‌സ്പ്രസ് പാളം തെറ്റി 120 പേര്‍ മരിച്ചു. ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റു. പലരുടേയേും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കാം. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ദുരന്തം. പാളം പൊട്ടിയകന്നതാണ് കാരണമെന്ന് സംശയമുണ്ട്. അട്ടിമറി സാധ്യതയും തള്ളിയിട്ടില്ല. സംഭവത്തെപ്പറ്റി ഉന്നതല അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്രം മൂന്നര ലക്ഷം വീതവും യുപി സര്‍ക്കാര്‍ അഞ്ചു ലക്ഷം വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമാണിത്. ട്രെയിനിന്റെ 14 കോച്ചുകളാണ് മറിഞ്ഞത്. അതില്‍ എസ്1, എസ്2, എസ്3, എസ്4 എന്നീ കോച്ചുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. യാത്രക്കാര്‍ ഉറക്കത്തിലായിരുന്നതാണ് മരണ സംഖ്യകൂടാന്‍ കാരണം. ശബ്ദം കേട്ടെത്തിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും ഫയര്‍ഫോഴ്‌സും റെയില്‍വേ അധികൃതരും അധികം വൈകാതെ രക്ഷാ പ്രവര്‍ത്തനം തുടങ്ങി. വൈകിട്ടും രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. ബോഗികള്‍ വെട്ടിപ്പൊളിച്ചും മറ്റുമാണ് അകത്തു കുടുങ്ങിയവരെ പുറത്തെടുത്തതും മൃതദേഹങ്ങള്‍ നീക്കിയതും. മറിഞ്ഞുകിടക്കുന്ന ബോഗികള്‍ക്കിടയില്‍ ഇനിയും മൃതദേഹങ്ങള്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് ആശങ്കയുണ്ട്. രാത്രി എട്ട് മണി വരെയായി 120 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഐജി സാക്കി അഹമ്മദ് പറഞ്ഞു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും മുപ്പതിലേറെ ആംബുലന്‍സുകളാണ് രക്ഷാ പ്രവര്‍ത്തനത്തിന് അയച്ചിട്ടുള്ളതെന്നും കാണ്‍പൂര്‍ എസ്പി പ്രഭാകര്‍ ചൗധരിയും ഐജി സാക്കി അഹമ്മദും പറഞ്ഞു. സൈനിക ഡോക്ടര്‍മാര്‍ അടക്കം വലിയൊരു സംഘം സ്ഥലത്തുണ്ട്. ദുരന്തത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ദൂരന്തസ്ഥലത്ത് എത്തിയിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മൂന്നരലക്ഷവും പരിക്കേറ്റവര്‍ക്ക് അരലക്ഷവും അദ്ദേഹം പ്രഖ്യാപിച്ചു. സംഭവം സുരക്ഷാ കമ്മീഷണര്‍ അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.അനവധി സുരക്ഷാ ക്രമീകരണങ്ങള്‍ കൈക്കൊണ്ടതിനാല്‍ അപകടങ്ങള്‍ കുറഞ്ഞുവരികയായിരുന്നു, ഇത് സമീപകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തമാണ്. പാളത്തിലുണ്ടായ തകരാറാകാം 14 ബോഗികളും പാളം തെറ്റാന്‍ കാരണം. നിരന്തരം പാളങ്ങള്‍ പരിശോധിച്ചിട്ടും ഇത്തരം ദുരന്തമുണ്ടായത് ദൗര്‍ഭാഗ്യകരമാണ്.കുറ്റക്കാരെ വെറുതേവിടില്ല. ശക്തമായ നടപടയുണ്ടാകും. അദ്ദേഹം തുടര്‍ന്നു. സംഭവത്തെത്തുടര്‍ന്ന് രപ്തിസാഗര്‍ എക്‌സ്പ്രസ് അടക്കം പതിനഞ്ചോളം ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. അപകടം സംബന്ധിച്ച വിവരങ്ങളും സഹായവും നല്‍കാന്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.