ശബരിമല തീര്‍ത്ഥാടകര്‍ ദുരിതത്തില്‍; പത്തനാപുരം ഡിപ്പോയില്‍ പമ്പക്ക് സര്‍വീസില്ല

Monday 21 November 2016 10:27 am IST

പത്തനാപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്കായി പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും പമ്പ ബസ് സര്‍വീസ് ആരംഭിച്ചില്ല. ഡിപ്പോയെ ആശ്രയിക്കുന്ന നൂറുകണക്കിന് തീര്‍ത്ഥാടകരാണ് ഇതുകാരണം ദുരിതത്തിലായിരിക്കുന്നത്. ഗ്രാമീണമേഖലകളില്‍ നിന്നും ആരംഭിക്കുന്ന പമ്പ സര്‍വ്വീസുകള്‍ വരെ വെട്ടി ചുരുക്കിയാണ് അധികൃതരുടെ അവഗണന. കഴിഞ്ഞ മണ്ഡലകാലം വരെ പത്തനാപുരം ഡിപ്പോയില്‍ നിന്നും അഞ്ചിലധികം സര്‍വീസുകളാണ് ഉണ്ടായിരുന്നത്. സീസണ്‍ ആരംഭിച്ചതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം നിരവധി ഭക്തരാണ് ഡിപ്പോയെ ആശ്രയിക്കുന്നത്. പട്ടാഴിയില്‍ നിന്നും ആരംഭിച്ചിരുന്ന സര്‍വ്വീസും വെട്ടിചുരുക്കി. വൈകിട്ട് ഏഴിന് പട്ടാഴിയില്‍ നിന്നും ആരംഭിച്ച് രാത്രിയോടെ പമ്പയിലെത്തുന്ന രീതിയിലാണ് ഷെഡ്യൂള്‍ ക്രമീകരിച്ചത്. പുനലൂര്‍, കുളത്തുപ്പുഴ, തെങ്കാശി, തിരുവനന്തപുരം തുടങ്ങി സ്ഥലങ്ങളില്‍ നിന്നെത്തുന്ന ബസുകളാണ് യാത്രക്കാര്‍ക്ക് ഇപ്പോഴുള്ള ആശ്രയം. എന്നാല്‍ തിരക്ക് കാരണം മിക്കപ്പോഴും ഈ ബസുകളില്‍ കയറാന്‍ പോലും കഴിയാറില്ല. പിന്നീട് പത്തനംതിട്ടയിലോ കോന്നിയിലോ എത്തി പമ്പക്ക് പോകേണ്ട അവസ്ഥയിലാണിവര്‍. രാത്രിയില്‍ പോകുന്ന തീര്‍ത്ഥാടകരാണ് ശരിക്കും ദുരിതത്തിലാകുന്നത്. സ്ഥലപരിമിതികാരണം രാത്രിയിലെ വാഹനങ്ങള്‍ സ്റ്റാന്റിനുള്ളില്‍ പ്രവേശിക്കാറില്ല. ഇവ മാര്‍ക്കറ്റ് ജംഗ്ഷനല്‍ നിര്‍ത്തിയാണ് തീര്‍ത്ഥാടകരെ കയറ്റുന്നത്. മാങ്കോട്, പാടം, വെള്ളംതെറ്റി, ആവണിപ്പാറ, തുറ, പൂങ്കുളഞ്ഞി, കമുംകംചേരി, പുന്നല തുടങ്ങിയ ഉള്‍നാടന്‍ഗ്രാമപ്രദേശങ്ങളില്‍ നിന്നും നിരവധിയാളുകളാണ് പത്തനാപുരം കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നത്. ബസുകളും ജീവനക്കാരും ഇല്ലെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ പത്തനാപുരം ഡിപ്പോയില്‍ നിന്നും നിരവധി ബസുകള്‍ സമീപത്തെ ഡിപ്പോകളിലേക്ക് പമ്പ സര്‍വ്വീസിനായി വിട്ടുകൊടുത്തതായി പരാതിയുണ്ട്. ശബരിമല ബൈപ്പാസും അന്തര്‍സംസ്ഥാനപാതയും കടന്നുപോകുന്ന പത്തനാപുരത്തേക്ക് എത്തുന്ന തീര്‍ത്ഥാടകരാണ് ശരിക്കും ദുരിതത്തിലാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.