ബസ്സുകള്‍ നിര്‍ത്തുന്നില്ല; യാത്രക്കാര്‍ ദുരിതത്തില്‍

Monday 21 November 2016 7:27 pm IST

അമ്പലപ്പുഴ:ബസ്സുകള്‍ സ്റ്റാന്‍ ഡില്‍ നിര്‍ത്തുന്നില്ല. യാത്രക്കാ ര്‍ ദുരിതത്തില്‍. അമ്പലപ്പുഴ കെഎസ്ആര്‍ ടിസി ബസ്സ് സ്റ്റാന്‍ഡിലാണ് ബസ്സുകള്‍ നിര്‍ത്താത്തതുമൂലം യാത്രക്കാര്‍ ദുരിതത്തിലായിരിക്കുന്നത്. ദേശീയപാതയും, തിരുവല്ല സംസ്ഥാന പാതയും കൂടിച്ചേരുന്ന കച്ചേരി മുക്കു ജങ്ഷന് പടിഞ്ഞാറു ഭാഗത്തായാണ് ബസ്സ് സ്റ്റാന്‍ഡ് സ്ഥിതി ചെയ്യുന്നത്. അമ്പലപ്പുഴയുടെ ഹൃദയഭാഗമായ ഈ ജങ്ഷനില്‍ സിഗ്‌നല്‍ സംവിധാനം നിലവില്‍ വന്നതിനു ശേഷമാണ് ഈ സ്ഥിതി ഉണ്ടായിരിക്കുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. ദേശീയപാതയില്‍ തെക്കു നിന്നു വരുന്ന വാഹനങ്ങള്‍ തെക്കോട്ടു മാറ്റിയും, വടക്കുനിന്നു വരുന്ന വാഹനങ്ങള്‍ വടക്കോട്ടു മാറ്റിയും, തകഴി തിരുവല്ല ഭാഗത്തു നിന്നു വരുന്ന ബസ്സുകള്‍ ദേശീയ പാതയില്‍ കയറി വടക്കോട്ടു മാറ്റിയുമാണ് നിര്‍ത്തുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. ഇതുമൂലം സ്റ്റാന്‍ഡില്‍ ബസ്സുകാത്ത് നില്‍ക്കുന്ന യാത്രക്കാര്‍ക്ക് വളരെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. വളരെ തിരക്കേറിയ ഈ ജങ്ഷനില്‍ തെക്കുവടക്ക് ഓടേണ്ട ഗതികേടാണുള്ളതെന്നും ഇവര്‍ പറയുന്നു. ആലപ്പുഴയില്‍ നിന്നും തകഴി, തിരുവല്ല ഭാഗത്തേക്കു പോകുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ സ്റ്റാന്‍ഡില്‍ കയറാതെ കച്ചേരി മുക്കിന് കിഴക്കു ഭാഗത്തുമാണ് നിര്‍ത്തുന്നത്. ഫലത്തില്‍ ഈ ബസ്സ് സ്റ്റാന്‍ഡ് നോക്കു കുത്തിയായി മാറിയിരിക്കുകയാണ്. എടത്വയില്‍ നിന്നു വരുന്ന ഒരു ബസ്സും ഹരിപ്പാടു നിന്നുമുള്ള ഒരു ബസ്സും മാത്രമെ സ്റ്റാന്‍ഡിലെത്തുന്നുള്ളു. വിവിധ ഗവ. ഓഫീസുകള്‍, കോടതി, അമ്പലപ്പുഴ ക്ഷേത്രം, വിവിധ വിദ്യാലയങ്ങള്‍ തുടങ്ങി നിരവധിയാത്രക്കാര്‍ ആശ്രയിക്കുന്ന ബസ്സ് സ്റ്റാന്‍ഡിനാണ് ഈ ഗതികേട്. കൂടാതെ സിഗ്‌നലില്‍ ബസ്സുകള്‍ നിര്‍ത്തി ആളെയിറക്കുന്നതിനാല്‍ ഗതാഗത കുരുക്കും, അപകടങ്ങളും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. എത്രയും വേഗം ബന്ധപ്പെട്ട അധികാരികള്‍ ഈ പ്രശ്‌നത്തിലിടപെടണമെന്നാണ് ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.