കുടുബശ്രീയുമായി സഹകരിച്ച് നെല്‍വയലുകളുടെ വീണ്ടെടുപ്പിന് പദ്ധതി : മന്ത്രി

Monday 21 November 2016 7:04 pm IST

കല്‍പ്പറ്റ : വയനാട് ജില്ലയിലെ നെല്‍ വയലുകളുടെ വീണ്ടെടുപ്പിന് കുടുംബശ്രീയെ സഹകരിപ്പിച്ച് കൃഷി വകുപ്പ് പദ്ധതി തയ്യാറാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ സംഗമവും ആനുകൂല്യ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നതിനും ന്യായവില ഉറപ്പാക്കുന്നതിനും ഹോര്‍ട്ടികോര്‍പ്പ് സംഭരണ ശാലകള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു. ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലയിലെ പ്രവര്‍ത്തനോദ്ഘാടനവും കുടുംബശ്രീ പട്ടിക വര്‍ഗ്ഗ സംരംഭയൂണിറ്റുകളുടെ പ്രവര്‍ത്തനനോദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. സ്‌നേഹിത പദ്ധതിയുടെ വാര്‍ഷികാഘോഷപരിപാടികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. അഗതി ആശ്രയ ചലഞ്ച് ഫണ്ട്, പലിശ സബ്‌സിഡി തുടങ്ങിയവയുടെ വിതരണം ബത്തേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. സഹദേവനും കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പിന്റെ പരിശീലനോദ്ഘാടനം മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.ആര്‍.പ്രവീജും നിര്‍വ്വഹിച്ചു. കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍.ശോഭ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സജേഷ്, അനില സുരേന്ദ്രന്‍, മാനന്തവാടി ഫാ.ബിജോകറുകപ്പിള്ളി, കല്‍പ്പറ്റ നഗരസഭ സിഡി എസ് ചെയര്‍പേഴ്‌സണ്‍ വനിത തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ കെ.പി.ജയചന്ദ്രന്‍ സ്വാഗതവും അസി.കോര്‍ഡിനേറ്റര്‍ കെ.എ.ഹാരിസ് നന്ദിയും പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ വിവിധ പദ്ധതികളിലുള്‍പ്പെടുത്തി അയല്‍കൂട്ടങ്ങള്‍ക്കും കൂട്ടുത്തരവാദിത്ത സംഘങ്ങള്‍ക്കും 1.65 കോടി രൂപയുടെ ധന സഹായം വിതരണം ചെയ്തു. കല്‍പ്പറ്റ നഗരസഭ ടൗണ്‍ ഹാളില്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ ആനുകൂല്യ വിതരണം ഉദ്ഘാടനം ചെയ്തു. സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് ഏരിയ ഇന്‍സെന്റീവ് ഇനത്തില്‍ 69 ലക്ഷം രൂപയും പലിശ സബ്‌സിഡിയിനത്തില്‍ 3.5 ലക്ഷം രൂപയും നല്‍കി. ആശ്രയ ചലഞ്ച് ഫണ്ട് 56 ലക്ഷം, സമഗ്ര സബ്‌സിഡി 11.50 ലക്ഷം, എ.എച്ച്.ടി ഫണ്ട് ഇനത്തില്‍ 29.66 ലക്ഷം എന്നീ തുകകളും ചടങ്ങില്‍ വിതരണം ചെയ്തു. രണ്ട് വര്‍ഷമായി കുടിശ്ശികയായിരുന്ന തുകയാണ് ഇന്നലെ വിതരണം ചെയ്തത്. വയനാട് ജില്ലക്ക് സംസ്ഥാന മിഷനില്‍ നിന്നും അഞ്ച് കോടി രൂപ വിവിധ പദ്ധതികളുടെ കുടിശ്ശിക തീര്‍ക്കുന്നതിന് അനുവദിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.