വീട് വാടകയ്‌ക്കെടുത്ത് വിദേശമദ്യനിര്‍മാണം:ഒരാള്‍ കൂടി അറസ്റ്റില്‍

Monday 21 November 2016 8:28 pm IST

ഇരിങ്ങാലക്കുട : വെള്ളാങ്കല്ലൂര്‍ വെളയനാട് വീട് വാടകയ്‌ക്കെടുത്ത് വിദേശമദ്യം ഉണ്ടാക്കി വിറ്റ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അന്തര്‍ സംസ്ഥാന സ്പിരിറ്റ് കടത്ത് സംഘത്തിലെ പ്രധാനിയായ ചാലക്കുടി ചൗക്ക സ്വദേശി ചിതലന്‍ വീട്ടില്‍ സോജന്‍ (39) എന്ന ചിതലന്‍ സോജനെയാണ് ഇരിങ്ങാലക്കുട സി.ഐ സുരേഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. വിദേശ മദ്യം ഉണ്ടാക്കി വിറ്റ കേസില്‍ ആറുപേരെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ പോയ ഇയാള്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. പിടിയിലായ സോജന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. വെള്ളിക്കുളങ്ങര, കൊരട്ടി, ചാലക്കുടി, കൊടുങ്ങല്ലൂര്‍, മാള, ഇരിങ്ങാലക്കുട തുടങ്ങി ജില്ലക്ക് അകത്തുംപുറത്തും ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. അബ്ക്കാരി കേസുകള്‍ക്ക് പുറമെ പിടിച്ചുപറി, കുഴല്‍പണം തട്ടിപ്പ്, വധശ്രമ കേസുകള്‍ എന്നിവ നിലവിലുണ്ട്. ചാലക്കുടി പോലിസ് സ്‌റ്റേഷനില്‍ 2008 ല്‍ വ്യാജ പാസ്‌പോര്‍ട്ട് നിര്‍മ്മിച്ച കേസില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ചാലക്കുടിയില്‍ അബ്കാരി കേസില്‍ കസ്റ്റഡിയിലിരിക്കെ പോലിസിനെ ആക്രമിച്ച് രക്ഷപ്പെട്ട കേസിലും ഇയാളെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിട്ടുണ്ട്. ചാലക്കുടി പോലിസ് സ്‌റ്റേഷനിലെ കുപ്രസിദ്ധ റൗഡിയാണ് ഇയാളെന്ന് പോലിസ് വ്യക്തമാക്കി. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ഗുണ്ടാ സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. സംസ്ഥാനത്ത് എത്തുന്ന സ്പിരിറ്റില്‍ ഭൂരിഭാഗവും സോജന്‍ വഴിയാണ് എത്തുന്നത്. വളരെ ലളിതമായി വസ്ത്രധാരണം നടത്തി ജനങ്ങളെ പറഞ്ഞ് വിശദീകരിച്ച് കൂടെ നിര്‍ത്താന്‍ കഴിവുള്ളയാളാണ് ഇയാളെന്ന് പോലിസ് പറയുന്നു. കുഴല്‍പണ മാഫിയയിലെ പ്രധാനിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഇരിങ്ങാലക്കുട സബ്ബ് ജയിലിലാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.