ഭരണത്തണലില്‍ പത്തിയൂരില്‍ സിപിഎം തേര്‍വാഴ്ച

Monday 21 November 2016 9:11 pm IST

കായംകുളം: പത്തിയൂരിന്റെ വിവിധ ഭാഗങ്ങളില്‍ ഭരണത്തിന്റെ പിന്‍ബലത്തില്‍ സിപിഎം-ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ അക്രമം അഴിച്ചുവിടുന്നു. കഴിഞ്ഞദിവസം രാത്രി ഒരുമണിയോടുകൂടി വടശ്ശേരില്‍ ബിനുവിന്റെ വീട്ടുമുറ്റത്ത് കിടന്ന ടാറ്റാ ഇന്‍ഡികോ കാര്‍ സംഘം തകര്‍ത്തു. സിപിഎം നേതാവിന്റെ സ്ഥലത്തേക്ക് അനധികൃതമായി വഴിവെട്ടിയതുമായി ബന്ധപ്പെട്ട് സിപിഎമ്മുകാര്‍ അക്രമിച്ച് പരിക്കേല്‍പ്പിച്ച അമ്പാടിയില്‍ ഇന്ദിരാദേവിയുടെ കാറാണ് തകര്‍ത്തത്. സിപിഎമ്മുകാരുടെ അക്രമത്തില്‍ ഭയന്ന് കാര്‍ ബിനുവിന്റെ വീട്ടിലാണ് ഇട്ടിരുന്നത്. സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായ മനു ചെല്ലപ്പന്‍, നിരവധി കേസിലെ പ്രതിയായ മലയില്‍ വടക്ക് സുധീഷ് എന്നിവരുടെ നേതൃത്വത്തില്‍ ആറോളം വരുന്ന സിപിഎം-ഡിവൈഎഫ്‌ഐ ഗുണ്ടകളാണ് അക്രമം നടത്തിയത്. രാത്രിയില്‍ ശബ്ദം കേട്ട് വീട്ടുകാര്‍ ജനല്‍ തുറന്ന് ലൈറ്റ് ഇട്ടപ്പോള്‍ മനു, സുധീഷ് എന്നിവരെ വ്യക്തമായി കാണുകയും, തുടര്‍ന്ന് ബിനുവിനു നേരെ വധഭീഷണി മുഴക്കി ഇവര്‍ ഓടിപ്പോയി. ഉടന്‍തന്നെ പോലീസില്‍ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി മഹസര്‍ തയ്യാറാക്കി. കുറച്ചു നാളുകള്‍ക്കു മുന്‍പ് പത്തിയൂരിലെ ക്ഷേത്ര ആറാട്ടു കുളത്തിന്റെ വസ്തു കൈയ്യേറി റോഡ് വെട്ടാന്‍ സിപിഎം നേതൃത്വം ശ്രമിച്ചിരുന്നു. ഇതിനെ എതിര്‍ത്ത വടശ്ശേരി ബിനുവിനെതിരെ സിപിഎം വധഭീഷണി മുഴക്കിയിരുന്നു. കൂടാതെ ബിനുവും കുടുംബവും ബിജെപിയില്‍ ചേര്‍ന്നതോടെ വീണ്ടും ആക്രമവും, വധഭീഷണിയും തുടരുകയാണ്. സിപിഎമ്മിന്റെ ഭരണത്തിന്‍ കീഴില്‍ ജനങ്ങള്‍ പൊറുതിമുട്ടിയെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ബിജെപി കായംകുളം നിയോജകമണ്ഡലം പ്രസിഡന്റ് മഠത്തില്‍ ബിജു, സെക്രട്ടറി കൃഷ്ണകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഡി.അശ്വിനിദേവ് എന്നിവര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.