ഗാന്ധിനഗര്‍: ചെറുമകന്റെ മര്‍ദ്ദനമേറ്റ് ഗുരുതര പരിക്കുകളോടെ വൃദ്ധ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. കുമാരനല്ലൂര്‍ എസ്.എച്ച്. മൗണ്ട് റെയില്‍വേ ഗേറ്റിന് സമീപം പാലപ്പറമ്പില്‍ ബീവിക്കുഞ്ഞ്(74)നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ മകന് റഹീം(54)കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ്. റഹീമിന്റെ മകന് വിനോഷ്(34)ആണ് പ്രമേഹ രോഗികൂടിയായ അമ്മൂമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് അവശനിലയിലാക്കിയത്.
കഴിഞ്ഞ ദിവസം രാത്രി 11മണിയോടെ മദ്യപിച്ചെത്തിയ വിനോഷ് കാരണമൊന്നും കൂടാതെ ബീവിക്കുഞ്ഞിനെ മര്‍ദ്ദിക്കുകയായിരുന്നു. അവശയായ വൃദ്ധ രാത്രി മുഴുവന്‍ സമീപ വീട്ടിലെ ശുചിമുറിയില്‍ കഴിച്ചുകൂട്ടിയതിന് ശേഷം ഇന്നലെ രാവിലെ 11മണിയോടെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തുകയായിരുന്നു. ചില്ലറ ജോലികള്‍ ചെയ്തും വീട്ടുജോലികള്‍ ചെയ്തും കഴിയുകയായിരുന്നു ഇവര്‍.
കുറേക്കാലം തിരുവഞ്ചൂരിലുള്ള വൃദ്ധസദനത്തിലെ അന്തേവാസിയുമായിരുന്നു. മകനും കൊച്ചുമക്കളും ഇവരുടെ ഭാര്യമാരുമെല്ലാം നിരന്തരം ദേഹോപദ്രവം ഏല്‍പ്പിക്കുമായിരുന്നുവെന്നും വൃദ്ധമാതാവ് പറഞ്ഞു. പരസഹായം കൂടാതെ നടക്കുവാന്പോലുമാകാത്ത അവസ്ഥയിലാണ് ഇവര്‍ ആശുപത്രിയില്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: