സിപിഐയോടുള്ള വെല്ലുവിളി: വി. മുരളീധരന്‍

Monday 21 November 2016 10:55 pm IST

തിരുവനന്തപുരം: ഇടതു സര്‍ക്കാരിന് കണ്ണുതട്ടാതിരിക്കാന്‍ അണിയിച്ചൊരുക്കിയ ആറാട്ടുമുണ്ടനാണോ എം.എം. മണിയെന്നു ചോദിച്ച സിപിഐക്കുള്ള സിപിഎമ്മിന്റെ വ്യക്തമായ മറുപടിയാണ് മണിയുടെ മന്ത്രിസ്ഥാനമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്‍. സിപിഐ മന്ത്രിമാര്‍ക്ക് വിവരമില്ലെന്നു പറഞ്ഞയാളാണ് മണി. അദ്ദേഹത്തെ മന്ത്രിസ്ഥാനത്തേക്കു കൊണ്ടുവരുമ്പോള്‍ സിപിഐയുടെ അഭിപ്രായം അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്ന് മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു. മണ്ടത്തരത്തിന് അവാര്‍ഡ് പ്രഖ്യാപിച്ചാല്‍ അതിന് ഏറ്റവും കൂടുതല്‍ അര്‍ഹരായ രണ്ടുപേര്‍ സിപിഎമ്മിലെ എം.എം. മണിയും ഇ.പി. ജയരാജനുമാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍ പറഞ്ഞിരുന്നു. 'ഇടതുമുന്നണിക്ക് വേണമോ ഈ ആറാട്ടുമുണ്ടന്‍മാരെ' എന്ന തലക്കെട്ടില്‍ സിപിഐ മുഖപത്രത്തില്‍ വന്ന ലേഖനത്തില്‍ രാജഭരണക്കാലത്തെ ആറാട്ടുമുണ്ടന്‍മാരെപ്പോലെയാണ് എം.എം മണിയെന്ന് ആക്ഷേപിച്ചിരുന്നു. സി.പി.ഐയുടെ ഈ കടുത്ത വിമര്‍ശനങ്ങളെല്ലാം നിലനില്‍ക്കുമ്പോഴാണ് മണിയെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നിരിക്കുന്നത്. മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ പാര്‍ട്ടിയുടെ ശക്തമായ അതൃപ്തിക്കും ക്രൂരമായ വിമര്‍ശനത്തിനും പാത്രമായിരിക്കുന്ന അവസരത്തില്‍തന്നെ എം.എം. മണിയെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നതിലൂടെ സിപിഐ മന്ത്രിമാര്‍ക്കുനേരെ അദ്ദേഹം നടത്തിയ വിമര്‍ശനങ്ങളെ ശരിവയ്ക്കുകകൂടിയാണ് സിപിഎം ചെയ്തിരിക്കുന്നത്. ശൈലി മാറ്റില്ലെന്നു ഇതിനകംതന്നെ പ്രഖ്യാപിച്ചുകഴിഞ്ഞ മണി സിപിഐക്ക് നല്‍കുന്നത് വ്യക്തമായ സന്ദേശമാണ്. എം.എം.മണിക്കെതിരേ നടത്തിയ ആക്ഷേപങ്ങളില്‍ സിപിഐ ഉറച്ചു നില്‍ക്കുകയാണോയെന്നാണ് അറിയേണ്ടതെന്ന് മുരളീധരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.