അഷ്ടമി: വൈക്കത്ത് വന്‍ ഭക്തജനത്തിരക്ക്

Tuesday 13 December 2016 11:57 pm IST

വൈക്കം: പഞ്ചാക്ഷരീമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ സര്‍വ്വാഭരണ വിഭൂഷിതനായ വൈക്കത്തപ്പന്റെ മോഹനരൂപം ദര്‍ശിച്ച് ദര്‍ശനപുണ്യം നേടാന്‍ പതിനായിരങ്ങള്‍ ഇന്നലെ തിരുസന്നിധിയിലെത്തി. ഉഷപൂജയ്ക്കും എതൃത്ത പൂജയ്ക്കും ശേഷം അഷ്ടമി ദര്‍ശനത്തിന് ഇന്നലെ രാവിലെ നടതുറന്നപ്പോള്‍ വന്‍ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. രണ്ട് ദിവസം മുമ്പുതന്നെ ഭക്തര്‍ ക്ഷേത്രത്തിലെത്തി നാമജപത്തില്‍ മുഴുകിയിരുന്നു. ക്ഷേത്രത്തിന്റെ കിഴക്കു വശത്തുള്ള ആല്‍ച്ചുവട്ടില്‍ തപസ് അനുഷ്ഠിച്ച വ്യാഘ്രപാദ മഹര്‍ഷിക്കു ശ്രീപരമേശ്വരന്‍, പാര്‍വ്വതി സമേതനായി ദര്‍ശനം നല്‍കിയ കാര്‍ത്തിക മാസത്തിലെ കൃഷ്ണാഷ്ടമി മുഹൂര്‍ത്തത്തിലാണ് അഷ്ടമിദര്‍ശനം. അന്നദാന പ്രഭുവിന്റെ സന്നിധിയിലെ പ്രാതല്‍ വഴിപാടിലും ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുത്തു. 151 പറയുടെ പ്രാതലാണ് നടത്തിയത്. താരകാസുരനെയും ശൂരപത്മനേയും നിഗ്രഹിച്ച ശേഷം വരുന്ന ഉദയനാപുരത്തപ്പന് വന്‍വരവേല്‍പ്പാണ് ഭക്തര്‍ നല്‍കിയത്. കൂട്ടുമ്മേല്‍ ഭഗവതിയോടും ശ്രീനാരായണപുരം ദേവനോടും ഒപ്പം ചേര്‍ന്ന് എഴുന്നള്ളിയ ഉദയനാപുരത്തപ്പനെ വഴിയില്‍ പുഷ്പങ്ങള്‍ വിതറിയും നിലവിളക്ക് തെളിച്ചും സ്വീകരണം നല്‍കി. വൈക്കം മഹാദേവക്ഷേത്ര സന്നിധിയില്‍ പ്രവേശിച്ച എഴുന്നള്ളിപ്പുകള്‍ ഒരുമിച്ച് വൈക്കത്തപ്പന്റെ സമീപത്തെത്തി. അവകാശി കൈമള്‍ പല്ലക്കിലെത്തി ആദ്യ കാണിക്ക അര്‍പ്പിച്ചു. തുടര്‍ന്ന് ഭക്തജനങ്ങള്‍ കാണിക്ക അര്‍പ്പിച്ചു. ആദ്യ പ്രദക്ഷിണത്തിന് ശേഷം ദേവീദേവന്മാരും പിന്നീട് ഉദയനാപുരത്തപ്പനും യാത്ര പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.