കരിങ്കടലില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കപ്പല്‍!

Monday 21 November 2016 11:38 pm IST

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കപ്പല്‍ യാതൊരു കേടുമില്ലാതെ കരിങ്കടലില്‍ നിന്ന് ഗവേഷകര്‍ കണ്ടെത്തി. പശ്ചിമ-പൂര്‍വ മേഖലകളെ തമ്മില്‍ പൗരാണിക കാലം മുതല്‍ ബന്ധിപ്പിച്ചിരുന്ന പ്രദേശമാണ് കരിങ്കടല്‍. രാജ്യാന്തര ശാസ്ത്രജ്ഞരുടെ സംഘം നടത്തിയ പര്യവേഷണത്തിലാണ് അവശിഷ്ടം കണ്ടെത്തിയത്. 41 കപ്പലുകളുടെ ഭാഗങ്ങളാണ് കേടുപാടില്ലാതെ ഇവിടെയുള്ളത്. നേരത്തെ തന്നെ പര്യവേഷകര്‍ ഇവിടെ നിന്ന് കപ്പലുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇവ നൂറ്റാണ്ടുകളായി കേടുപാടുണ്ടാകാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. 41 കപ്പലുകള്‍ ഒമ്പതാം നൂറ്റാണ്ട് മുതല്‍ 19ാം നൂറ്റാണ്ട് വരെയുളള കാലഘട്ടത്തില്‍ ഇവിടെ വച്ച് തകര്‍ന്നതാണ്. ഇവയുടെ തടികളും ഫലകങ്ങളുമെല്ലാം ഇപ്പോഴും യാതൊരു കേടുമില്ലാതെയിരിക്കുന്നു. ഇതിന് മുമ്പ് ഇവയുടെ കാലഘട്ടം സംബന്ധിച്ച തെളിവുകളൊന്നും ഗവേഷകര്‍ക്ക് ലഭിച്ചിരുന്നില്ല. ഇവയിലുള്ള നാണയങ്ങളും മണ്‍പാത്രങ്ങളും മറ്റുമാണ് കപ്പലിന്റെ പഴക്കം സംബന്ധിച്ച തെളിവുകള്‍ നല്‍കിയത്. കരിങ്കടലിന് ചുറ്റുമുണ്ടായിരുന്ന പൗരാണിക സമൂഹങ്ങളെക്കുറിച്ചുളള വിവരങ്ങളും നല്‍കാന്‍ ഇവയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍. കടലിന്റെ ആഴവും ഓക്‌സിജന്റെ അസാന്നിധ്യവുമാണ് കപ്പലിന്റെ ഭാഗങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ കാരണമെന്ന് വിലയിരുത്തുന്നു. മഞ്ഞുകാലത്ത് കരിങ്കടല്‍ മഞ്ഞ് മൂടിക്കിടക്കും. ചൂട് കൂടിയതോടെ മഞ്ഞുരുകാന്‍ തുടങ്ങി. മെഡിറ്ററേനിയന്‍ കടലില്‍ നിന്നുള്ള ഉപ്പുവെള്ളം കൂടി കയറിയതോടെ കരിങ്കടലില്‍ രണ്ട് പാളികളുള്ള വെള്ളം ഉണ്ടായി. ഉപരിതലത്തില്‍ ഓക്‌സിജനുള്ള ഉപ്പുവെള്ളവും താഴത്തെ പാളിയില്‍ ഓക്‌സിജന്‍ ഇല്ലാത്തതുമായി. 150 മീറ്റര്‍ താഴെ ഓക്‌സിജന്റെ അളവ് പൂജ്യമാണ്. ഇത് വസ്തുക്കള്‍ സംരക്ഷിക്കപ്പെടാന്‍ ഏറെ അനുയോജ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.