ഐഎന്‍എസ് ചെന്നൈ നാവികസേനയുടെ ഭാഗമായി

Monday 21 November 2016 11:46 pm IST

മുംബൈ: ഇന്ത്യയുടെ അത്യാധുനിക മിസൈല്‍വേധ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ചെന്നൈ നാവികസേനയുടെ ഭാഗമായി. മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറാണ് കപ്പല്‍ കമ്മീഷന്‍ ചെയ്തത്. നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ ചടങ്ങില്‍ പങ്കെടുത്തു തദ്ദേശീയമായി നിര്‍മ്മിച്ച മൂന്നാമത്തെ കപ്പലാണ് ഇത്. അത്യാധുനിക യുദ്ധസന്നാഹങ്ങളാണ് ഭീമന്‍ കപ്പലിലുള്ളത്. ബ്രഹ്മോസ് മിസൈലുകള്‍, ഉപരിതല, ദീര്‍ഘദൂര മിസൈലുകള്‍, മുങ്ങിക്കപ്പലുകള്‍ തകര്‍ക്കാവുന്ന മിസൈലുകള്‍, കടലില്‍ ശത്രുവിന്റെ സാന്നിധ്യം കണ്ടെത്താനുള്ള അത്യാധുനിക സെന്‍സറുകള്‍, ടോര്‍പ്പിഡോ ലോഞ്ചറുകള്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു. മുംബൈയിലെ മസഗോണ്‍ ഡോക്കിലാണ് കപ്പല്‍ നിര്‍മ്മിച്ചത്. പ്രൊജക്ട് 15എ പ്രകാരം നിര്‍മ്മിച്ച അവസാന കപ്പലാണ് ഇത്. ഐഎന്‍എസ് ചെന്നൈയുടെ ഭാരം 7,500 ടണ്‍ ആണ്. 2027ഓടെ 200 യുദ്ധകപ്പലുകള്‍ ശേഖരത്തിലുള്ള വന്‍ സമുദ്രശക്തിയാവുകയാണ് നേവിയുടെ ലക്ഷ്യം. പ്രത്യേകതകള്‍ മുംബൈ: 164 മീറ്റര്‍ നീളം, മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത, ഉപരിതല സൂപ്പര്‍സോണിക്ക് മിസൈലായ ബ്രഹ്മോസ്, ദീര്‍ഘദൂര ഉപരിതല ആകാശ മിസൈല്‍ ബരാക്ക് 8, സെന്‍സറുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങളുണ്ട് ഐഎന്‍എസ് ചെന്നൈയില്‍. മുങ്ങിക്കപ്പലുകളെ തകര്‍ക്കാന്‍ പോന്ന മിസൈലുകളും സമുദ്രത്തിലെ ശത്രുവിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ സഹായിക്കുന്ന സെന്‍സറുകളും ടോര്‍പ്പിഡോ ലോഞ്ചറുകളുമെല്ലാം യുദ്ധകപ്പലിന്റെ ശക്തി വര്‍ധിപ്പിക്കും. ശത്രുക്കളുടെ മിസൈല്‍ ആക്രമണം തടുക്കാന്‍ കെണിയായി ഒരുക്കിയ 'കവച്' മിസൈലുകളെ വഴിതിരിച്ച് വിടും. അന്തര്‍വാഹിനി ആക്രമണങ്ങളില്‍ നിന്നു സംരക്ഷണം നല്‍കാന്‍ 'മാരീച്' എന്നിവയും ഒരുക്കിയിട്ടുണ്ട്. യുദ്ധമുഖത്ത് 'ശത്രു സംഹാരം' എന്ന ലക്ഷ്യത്തോടെയാണ് ഐഎന്‍എസ് ചെന്നൈ എത്തുന്നത്. രണ്ട് വിവിധോദ്ദേശ യുദ്ധ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും വിധം നിര്‍മ്മാണം. നാല്‍പ്പത് ഓഫിസര്‍മാരെയും 330 സൈനികരെയും വഹിക്കാവുന്ന ചെന്നൈയ്ക്ക് 25 ദിവസം തുടര്‍ച്ചയായി യാത്ര ചെയ്യാനാകും. ഏറ്റവും വലിയ ഡിസ്‌ട്രോയര്‍ ടൈപ്പ് യുദ്ധക്കപ്പല്‍ കൂടിയാണിത്. കപ്പലിലെ ആയുധങ്ങളും സെന്‍സറുകളും റഷ്യന്‍, ഇസ്രയേല്‍ നിര്‍മിതം. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ കീഴിലാകും പ്രവര്‍ത്തനം. 4,000 കോടി രൂപയിലേറെ നിര്‍മാണച്ചെലവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.