ഫസല്‍ വധം: ഭരണ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സിപിഎം ആര്‍എസ്എസ് പ്രവര്‍ത്തകനെ മൂന്നാം മുറക്ക് വിധേയനാക്കി

Tuesday 22 November 2016 12:15 am IST

കണ്ണൂര്‍: എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ തലശ്ശേരിയിലെ ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് ഭരണ സ്വാധീനമുപയോഗിച്ച് അട്ടിമറിക്കാനും ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാനും സിപിഎം. ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്ന് സിപിഎം പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷ് മൊഴി നല്‍കിയെന്നാണ് പോലീസ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് ഡിജിപിക്കും മുഖ്യമന്ത്രിക്കും വിശദീകരണം നല്‍കുകയും ചെയ്തു. നേരത്തെ ലോക്കല്‍ പോലീസും ക്രൈബ്രഞ്ചും തുടര്‍ന്ന് സിബിഐയും വിശദമായി അന്വേഷിച്ച് കേസില്‍ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കേസ് കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് ഇപ്പോള്‍ പുതിയ തെളിവുമായി ലോക്കല്‍ പോലീസ് രംഗത്ത് വരുന്നത്. 2006 ഒക്‌ടോബര്‍ 22 ന് പുലര്‍ച്ചെയാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിനെ സിപിഎം സംഘം ആസൂത്രിതമായി വെട്ടിക്കൊന്നത്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്തായിരുന്നു കൊലപാതകം നടന്നത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം കൊലക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന കോടിയേരിയുടെ പ്രസ്ഥാവന ഏറെ വിവാദമായിരുന്നു. എന്നാല്‍ ഫസല്‍ വധത്തില്‍ അന്വേഷണം നേരായ വഴിക്കല്ല നീങ്ങുന്നതെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടപ്പോഴാണ് കേസില്‍ നിര്‍ണ്ണായകമായ വഴിത്തിരിവുണ്ടായതും യഥാര്‍ത്ഥ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമുള്‍പ്പടെയുള്ള സിപിഎം നേതാക്കന്‍മാര്‍ അകത്തായതും. മറ്റ് പ്രതികളെ ലോക്കല്‍ പോലീസ് നേരത്തെ അറസ്റ്റ് ചെതിരുന്നു. ജില്ലയില്‍ വ്യാപകമായി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് ഫസലിന്റെ കൊലപാതകം സിപിഎം ആസൂത്രണം ചെയത് നടപ്പിലാക്കിയതെന്ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ പ്രത്യേകമായി പരാമര്‍ശിച്ചിരുന്നു. എന്നാല്‍ പിണറായി ആഭ്യന്തര മന്ത്രിയായോടെ പോലീസിനെ ഉപയോഗിച്ച് കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതിയാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടന്നത്. കൂത്തുപറമ്പ് വാളാങ്കിചാലില്‍ സിപിഎമ്മുകാരന്റെ മരണവുമായി ബന്ധപ്പെട്ട് മാഹി ചെമ്പ്ര സ്വദേശി സുബീഷിനെ 17 ന് രാത്രി ഒന്‍പത് മണിയോടെയാണ് വടകരക്കടുത്ത മൂരാട് പാലത്തിനടുത്ത് വെച്ച് വാഹനം തടഞ്ഞ് മഫ്തിയിലെത്തിയ പോലീസ് കസ്റ്റഡിയിലെടുത്തത്. മോഹനന്‍ കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ സഹായിച്ചുവെന്ന് ആരോപിച്ചായിരുന്നു കസ്റ്റഡി. തുടര്‍ന്ന് അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ട് പോയ സുബീഷനെ കുറിച്ച് ബന്ധുക്കള്‍ക്ക് പോലും അറിവുണ്ടായിരുന്നില്ല. തുടര്‍ന്ന് സുബീഷിനെ പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്തുവെന്നാരോപിച്ച് സഹോദരന്‍ അജേഷ് തലശ്ശേരി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ചെയ്തു. തുടര്‍ന്ന് കോടതി സെര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ചതിന് ശേഷമാണ് സുബീഷീഷിനെ 19 ന് രാത്രിയില്‍ കോടതിയില്‍ ഹാജരാക്കിയത്. അജ്ഞാത കേന്ദ്രത്തിലെത്തിച്ച സുബീഷിനെ പോലീസ് ക്രൂരമായി മര്‍ദ്ധിച്ച് മൊഴികൊടുപ്പിക്കുകയായിരുന്നു. ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നേതാക്കന്‍മാരുടെ പേര് പറയണമെന്നുമാവശ്യപ്പെട്ടായിരുന്നു മര്‍ദ്ധനം. ക്രൂരമായി മര്‍ദ്ധിച്ച് അവശനാക്കിയ ശേഷമാണ് സബീഷിനെ പോലീസ് കോടതിയില്‍ ഹാജരാക്കിയത്. ഫസല്‍ വധക്കേസിന്റെ തുടക്കംതൊട്ടേ സിപിഎം സുബീഷിനെതിരെ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇപ്പോള്‍ സിപിഎം അധികാരത്തിലെത്തിയതിന് ശേഷം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ സുബീഷിനെയും ആര്‍എസ്എസ് നേതാക്കളെയും ഉള്‍പ്പെടുത്തി ഫസല്‍ വധവുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പരാമര്‍ശങ്ങള്‍ സിപിഎം നടത്തിവരികയായിരുന്നു. ഇതിനെതിരെ സുബീഷ് പോണ്ടിച്ചേരി ഡിവൈഎസ്പിക്ക് കഴിഞ്ഞ ദിവസം പരാതിയും നല്‍കുകയുണ്ടായി. ഈ പരാതി നിലനില്‍ക്കെയാണ് സുബീഷിനെ കേരള പോലീസ് കസ്റ്റഡിയിലെടുത്ത് മോഹനന്‍ കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ച് ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട കള്ളക്കഥകള്‍ മെനഞ്ഞിരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പ്രതികാര ബുദ്ധിയാണ് പോലീസ് ഉദ്യോഗസ്ഥരുടെ നടപടിക്ക് പിന്നിലെന്ന് തെളിയുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.