ജപ്പാനിലും ന്യൂസിലാന്‍ഡിലും ശക്തമായ ഭൂചലനം

Tuesday 22 November 2016 10:31 am IST

സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് ഫുക്കുഷിമയില്‍ അധികൃതര്‍ ജല നിരപ്പ് പരിശോധിക്കുന്നു

ടോക്യോ/ വെല്ലിംഗ്ടണ്‍: ജപ്പാനിലും ന്യൂസിലാന്‍ഡിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ജപ്പാനിലെ ഫുകുഷിമ മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ന്യൂസിലന്‍ഡില്‍ അനുഭവപ്പെട്ടത്.

ന്യൂസിലന്‍ഡ് തലസ്ഥാനമായ വെല്ലിംഗ്ടണിനു 200 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് പ്രാഥമിക വിവരങ്ങള്‍. ശക്തമായ ഭൂചലമുണ്ടായ ഇരുരാജ്യങ്ങളില്‍ നിന്നും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പ്രാദേശികസമയം വെളുപ്പിന് ആറു മണിക്കാണ് ജപ്പാനില്‍ ഭൂചലനമുണ്ടായതെന്നും തീര പ്രദേശങ്ങളില്‍ മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ സുനാമി ഉണ്ടാകാനുള്ള സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. 2011ല്‍ മേഖലയിലുണ്ടായ ഭൂകമ്പത്തില്‍ 15000ത്തിലധികമാളുകള്‍ മരിക്കുകയും 2500ലധികമാളുകളെ കാണാതാവുകയും ചെയ്തിരുന്നു.

ന്യൂസിലന്‍ഡില്‍ അനുഭവപ്പെട്ട ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ സുനാമി മുന്നറിയിപ്പ് ഉണ്ടായിട്ടില്ല. നവംബര്‍ 14ന് ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. അഞ്ചുവര്‍ഷം മുന്‍പ് ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന ഭൂചലനത്തില്‍ 185 പേര്‍ മരണമടഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.