കള്ളപ്പണക്കാരുടെ സംരക്ഷകരോട് സഹകരണമില്ല: രാജഗോപാല്‍

Tuesday 22 November 2016 9:40 pm IST

തിരുവനന്തപുരം: കള്ളപ്പണക്കാരെ സംരക്ഷിക്കുന്നവരോടൊപ്പം സഹകരിക്കാനില്ലെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. സഹകരണ സംഘങ്ങളിലെ പ്രതിസന്ധി സംബന്ധിച്ച് രാഷ്ട്രീയ പ്രേരിതമായാണ് നിയമസഭ പ്രമേയം പാസാക്കുന്നത്. കള്ളപ്പണം പുറത്ത് കൊണ്ടുവരാനുള്ള സംവിധാനത്തിന്റെ ഭാഗമാണ് നോട്ട് അസാധുവാക്കലെന്നും രാജഗോപാല്‍ പറഞ്ഞു. സഹകരണ ബാങ്കുകളുടെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജഗോപാല്‍. സാമ്പത്തിക രംഗത്ത് ചികിത്സ ആവശ്യമായിരുന്നു. കഴിഞ്ഞ 60 കൊല്ലമായി നടക്കുന്ന അഴിമതിയാണ് പുറത്തു വന്നത്. മാന്യന്മാരായി നടിക്കുന്നവരുടെ കാര്യങ്ങള്‍ പുറത്തു വരണം. സഹകരണ മേഖലയില്‍ മാത്രമല്ല രാഷ്ട്രീയ രംഗത്തെയും ഇതിലൂടെ ശുദ്ധീകരിക്കണം. നേതാക്കള്‍ കോടികള്‍ സമ്പാദിച്ച ശേഷം മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും കൊണ്ടുപോയി നിക്ഷേപിക്കുന്നു. ബിജെപി സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് എതിരല്ല. സഹകരണ മേഖലയുള്‍പ്പെടെയുള്ളവയെ ശുദ്ധീകരിക്കാന്‍ ആര്‍ബിഐ നിയമം കൊണ്ടുവന്നിരുന്നു. അപ്പോള്‍ കേരളം എതിര്‍ത്ത് തോല്‍പ്പിച്ചു. ഒരു സമാന്തര സാമ്പത്തിക സംവിധാനം പ്രവര്‍ത്തിക്കുന്നതായി കേന്ദ്ര സര്‍ക്കാരിനു വിവരം ലഭിച്ചിരുന്നു. കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപ സഹകരണസ്ഥാപനങ്ങളില്‍ എത്തിച്ചേരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ടിന് ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷം സഹകരണ മേഖലയിലെ പ്രശ്‌നത്തില്‍ വാക്കൗട്ട് നടത്തി. ജില്ലാ സഹകരണ ബാങ്കുകളില്‍ പ്രത്യേക പരിശോധന നടത്തി ഭരണസമിതി പിരിച്ചുവിടാനുള്ള നീക്കമെന്ന് ആരോപിച്ചായിരുന്നു വാക്കൗട്ട്. വിഷയത്തില്‍ ഇടപെട്ട് സംസാരിച്ച മന്ത്രി എ.സി. മെയ്തീന്‍ അന്നു പറഞ്ഞത് സഹകരണ മേഖലയിലെ കുറ്റങ്ങളും കുറവുകളും തിരുത്താന്‍ വേണ്ടി എന്നായിരുന്നു. കുറവുകള്‍ ഉണ്ടെന്ന് മന്ത്രി തന്നെ സമ്മതിച്ച സാഹചര്യത്തില്‍ ഒരു ശുദ്ധീകരണം ആവശ്യമാണ്. ആ ശുദ്ധീകരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും രാജഗോപാല്‍ പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.