അവര്‍ക്ക് തലചായ്ക്കാന്‍ സുരക്ഷിതമായ ഒരിടമായി

Tuesday 22 November 2016 12:49 pm IST

കോഴിക്കോട്: അമ്മയും രണ്ടു പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തിന് സുരക്ഷിതമായി കിടന്നുറങ്ങാന്‍ വീടായി. അകാലത്തില്‍ മരിച്ച ഭര്‍ത്താവിന്റെ വിയോഗം താങ്ങാനാവാതെ തളര്‍ന്നുപോയ ഉമ്മളത്തൂര്‍ നെല്ലൂളി താഴത്ത് ചന്ദ്രികയ്ക്ക് ആശ്വാസമായെത്തിയത് ശ്രീശങ്കര സേവാസമിതി, സേവാഭാരതി പ്രവര്‍ത്തകര്‍. പാതിയില്‍ നിലച്ചുപോയ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തകര്‍ മുന്‍കൈ എടുക്കുകയായിരുന്നു. ശ്രമദാനം കൂടാതെ മൂന്നു ലക്ഷത്തോളം രൂപ ചെലവഴിച്ച് വീടിന്റെ പണി പൂര്‍ത്തിയാക്കി ഇന്നലെ വീട്ടുമുറ്റത്ത് നടന്ന ലളിതമായ ചടങ്ങില്‍ വീടിന്റെ താക്കോല്‍ സേവാഭാരതി പ്രവര്‍ത്തകര്‍ ചന്ദ്രികയ്ക്ക് കൈമാറി. അധഃകൃതവര്‍ഗ കോണ്‍ഗ്രസിന്റെ നേതാവും ഡിസിസി അംഗവുമായ എന്‍.ടി. ദാമോദരന്‍ അകാലത്തില്‍ മരണമടഞ്ഞതോടെയാണ് ചന്ദ്രികയും രണ്ടു പെണ്‍മക്കളുമടങ്ങുന്ന കുടുംബം അനാഥമായത്. മെഡിക്കല്‍ കോളജില്‍ ഉണ്ടായിരുന്ന താല്‍ക്കാലിക ജോലിയും നഷ്ടപ്പെട്ടു. ഇപ്പോള്‍ ഒരു സ്വകാര്യ ദന്തല്‍ ക്ലിനിക്കില്‍ ഉള്ള താല്‍ക്കാലിക ജോലിയാണ് ഏക വരുമാനം. ബിടെകിന് പഠിക്കുന്ന അഞ്ജുകൃഷ്ണയും ഡിഗ്രി വിദ്യാര്‍ത്ഥിയായ അഞ്ജനകൃഷ്ണയുടെയും പഠനച്ചെലവ് കണ്ടെത്താനുള്ള നെട്ടോട്ടത്തില്‍ വീട് പണി പൂര്‍ത്തിയാക്കാനാവുമോ എന്ന ആധിയായിരുന്നു അമ്മയുടെ മനസ്സില്‍. ശ്രീ ശങ്കര സേവാസമിതിയും സേവാഭാരതിയും ചന്ദ്രികയ്ക്ക് കൈത്താങ്ങായി. ഇന്നലെ നടന്ന ലളിതമായ ചടങ്ങില്‍ ശ്രീശങ്കര സേവാസമിതി അധ്യക്ഷന്‍ വി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സേവാഭാരതി സെക്രട്ടറി സി. ഗംഗാധരന്‍ താക്കോല്‍ കൈമാറി. വി.പി. രത്‌നമണി, ജിതേഷ്, ശശിധരന്‍, ബൈജു.പി., സുനില്‍കുമാര്‍.പി.എന്‍. എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.