ആത്മഹത്യാപരം: വെള്ളാപ്പള്ളി

Thursday 12 April 2012 10:31 pm IST

ആലപ്പുഴ: യുഡിഎഫ്‌ സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനത്തിനെതിരായുള്ള ഭൂരിപക്ഷ വികാരം നെയ്യാറ്റിന്‍കരയില്‍ പ്രതിഫലിക്കുമെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാണക്കാട്‌ തങ്ങള്‍ കല്‍പിക്കുന്നത്‌ അനുസരണയോടെ ചെയ്യുന്ന മുഖ്യമന്ത്രിയാണ്‌ ഉമ്മന്‍ചാണ്ടി. പൊതുജനം കഴുതയാണെന്ന്‌ കരുതേണ്ട. ലീഗിന്‌ അഞ്ചാം മന്ത്രിയെ അനുവദിച്ചത്‌ ഭൂരിപക്ഷ സമുദായത്തിന്‌ മാത്രമല്ല, മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ പോലും അഭിപ്രായ വ്യത്യാസമുണ്ട്‌. ലീഗിന്‌ അഞ്ചാം മന്ത്രിയെ നല്‍കിയത്‌ ആത്മഹത്യാപരമാണ്‌. ലീഗ്‌ പ്രതിനിധികള്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചത്‌ അവരുടെ മാത്രം സമുദായ വോട്ട്‌ കൊണ്ടല്ല. സംസ്ഥാനത്ത്‌ ഒരു എംഎല്‍എ പോലും സ്വന്തം സമുദായ വോട്ടുകള്‍ കൊണ്ട്‌ ജയിച്ചിട്ടില്ല. സര്‍ക്കാരിനെ താഴെയിടില്ലെന്ന പിണറായിയുടെ പ്രസ്താവനയാണ്‌ എന്തും കാണിക്കാനുള്ള ധൈര്യം യുഡിഎഫിന്‌ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മച്ചിപ്പശുവിനെ തൊഴുത്തുമാറ്റി കെട്ടുന്നതു പോലെയാണ്‌ മന്ത്രിസഭയിലെ വകുപ്പ്‌ മാറ്റം. അതിനായി ഇത്രയും കാലം അനൂപ്‌ ജേക്കബിനെ വെള്ളം കുടിപ്പിക്കേണ്ടിയിരുന്നില്ല. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന്‌ കെപിസിസി പ്രസിഡന്റിനെ ഒഴിവാക്കി എന്‍എസ്‌എസ്‌ നടത്തുന്ന കുറ്റപ്പെടുത്തലുകളോട്‌ യോജിപ്പില്ല. നായരീഴവ ഐക്യത്തിന്‌ ഇനി എസ്‌എന്‍ഡിപി യോഗമില്ല. ആദിവാസി മുതല്‍ നമ്പൂതിരിവരെയുള്ളവരുടെ ഐക്യമാണ്‌ യോഗത്തിന്റെ ലക്ഷ്യം. എന്‍എസ്‌എസിന്റെ വൈകിവന്ന വിവേകത്തിന്‌ നന്ദിയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.