പ്ലാസ്റ്റിക്ക് കുപ്പികള്‍ മലയിറങ്ങി; ടിന്‍ ബോട്ടിലുകള്‍ മലകയറുന്നു

Tuesday 22 November 2016 10:46 pm IST

ശബരിമല: കുപ്പിവെള്ളം നിരോധിച്ചതിലൂടെ പ്ലാസ്റ്റിക് കുപ്പികള്‍ ശബരിമലയില്‍നിന്നും മലയിറക്കം തുടങ്ങിയതിന് തൊട്ടുപിന്നാലെ ടിന്‍ബോട്ടിലുകള്‍ മലകയറുന്നു. സന്നിധാനത്തും പരിസരപ്രദേശത്തും വിവിധതരം പാനീയങ്ങളുടെ ടിന്‍ബോട്ടിലുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. സന്നിധാനത്തെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റിന് സമീപം ആയിരക്കണക്കിന് ടിന്‍ബോട്ടിലുകളാണ് സംസ്‌കരിക്കാനാവാതെ കൂട്ടിയിട്ടിരിക്കുന്നത്. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായാണ് കുപ്പിവെള്ളം ഇവിടെ നിരോധിച്ചത്. എന്നാല്‍ കൊക്കോക്കോള, പെപ്‌സി, സ്പ്രിന്റ്, മൗണ്‍ടെയ്ന്‍ഡ്യു, സെവനപ്പ് തുടങ്ങിയ ശീതള പാനീയങ്ങളുടെ വിപണനത്തിന് സന്നിധാനവും പരിസരങ്ങളും തുറന്ന് കൊടുത്ത ദേവസ്വം ബോര്‍ഡ് നടപടിയാണ് ടിന്‍ബോട്ടിലുകള്‍ പെരുകാന്‍ ഇടയാക്കിയിട്ടുള്ളത്. പ്ലാസ്റ്റിക് കുപ്പികളേക്കാള്‍ വിപത്തേറിയതാണ് ടിന്‍ ബോട്ടിലുകള്‍. ഇവ പരിസ്ഥിതിക്ക് കനത്ത ആഘാതമാണ് നല്‍കുക. വനമേഖലയില്‍ വലിച്ചെറിയുന്ന ബോട്ടിലുകള്‍ തുരുമ്പെടുത്ത് അപകടകാരികളായി മാറും. ശബരിമലയില്‍ ഇപ്പോഴുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇവ സംസ്‌കരിക്കാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പ്ലാസ്റ്റിക് കുപ്പികള്‍ ഇന്‍സിനേറ്ററിന് ഉള്ളിലിട്ടാല്‍ ഇവ ഉരുകി കട്ടപിടിക്കുമെന്നതായിരുന്നു സംസ്‌കരണത്തിന് തടസ്സമായിരുന്നത്. എന്നാല്‍ ടിന്‍ബോട്ടിലുകള്‍ ഉരുകിയിറങ്ങി ഇന്‍സിനേറ്ററിന്റെ പ്രവര്‍ത്തനത്തെ തന്നെ അവതാളത്തിലാക്കുമെന്നതാണ് സ്ഥിതി. ഇത്തരം ശീതളപാനീയങ്ങളുടെ വിപണനത്തിന് അനുമതി നല്‍കരുതെന്ന് വിവിധ പരിസ്ഥിതി സംഘടനകളുടെ അഭിപ്രായത്തെ മാനിക്കാതെയാണ് ദേവസ്വം ബോര്‍ഡ് വിപണനാനുമതി നല്‍കിയത്. ബോട്ടിലുകള്‍ ഉപയോഗിക്കില്ലെന്നും വെന്‍ഡിംഗ് മെഷീന്‍ ഉപയോഗിച്ച് പേപ്പര്‍ ഗ്ലാസ്സുകളിലാണ് പാനീയങ്ങള്‍ നല്‍കുന്നതെന്നുമായിരുന്നു വിശദീകരണം. ഇതിനായി ഒട്ടുമിക്ക ഹോട്ടലുകളിലും ബേക്കറികളിലും കോള വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ഈ കടകളിലെല്ലാം കോള ബോട്ടിലുകള്‍ വിപണിയിലുണ്ട്. പരിസ്ഥിതിക്കും അയ്യപ്പഭക്തന്റെ ആരോഗ്യത്തിനും ഹാനികരമാവുന്ന ഈ പാനീയവിപണനം നിരോധിക്കമെന്നാണ് പരിസ്ഥിതി സ്‌നേഹികളുടെയും ഭക്തജനങ്ങളുടെയും ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.