പ്രൊഫ. എം.ജി.കെ മേനോന്‍ അന്തരിച്ചു

Tuesday 22 November 2016 11:33 pm IST

ന്യൂദല്‍ഹി: ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും കേന്ദ്ര സഹമന്ത്രിയുമായിരുന്ന പ്രൊഫ.എം.ജി.കെ. മേനോന്‍ (88) അന്തരിച്ചു. പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനായിരുന്ന മേനോന്‍ വി.പി. സിംഗ് മന്ത്രിസഭയില്‍ ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ സഹമന്ത്രിയായാണ് പ്രവര്‍ത്തിച്ചത്. ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. പത്മശ്രീ (1961), പദ്മഭൂഷണ്‍ (1968), പദ്മവിഭൂഷണ്‍ (1985) എന്നീ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചു. 1972 ജനവരി മുതല്‍ സെപ്തംബര്‍ വരെ ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്ന മേനോന്‍ ആസൂത്രണ കമ്മീഷന്‍ അംഗം, പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്, കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്, രാജ്യസഭാംഗം എന്നീ ചുമതലകളും വഹിച്ചു. 1928 ആഗസ്ത് 28ന് മംഗലാപുരത്താണ് മാമ്പിള്ളിക്കളത്തില്‍ ഗോവിന്ദ കുമാര്‍ മേനോന്‍ ജനിച്ചത്. ജോധ്പൂരിലെ ജസ്വന്ത് കോളേജ്, മുംബൈയിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം ബ്രിസ്റ്റള്‍ സര്‍വ്വകലാശാലയില്‍ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി. തുടര്‍ന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ ജോലി ആരംഭിച്ചു. എട്ട് വര്‍ഷത്തിന് ശേഷം മുപ്പത്തഞ്ചാം വയസ്സില്‍ ഇതിന്റെ ഡയറക്ടറായി. ഗുജറാത്ത് സ്വദേശിനിയായ ഇന്ദുമതിയാണ് ഭാര്യ. മക്കള്‍: ആനന്ദകുമാര്‍, പ്രീതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.