തേവര-പേരണ്ടൂര്‍ കനാല്‍ ശുചീകരണം: മോണിറ്ററിംഗ്‌ കമ്മറ്റി രൂപീകരിക്കും

Thursday 12 April 2012 11:15 pm IST

കൊച്ചി: തേവര - പേരണ്ടൂര്‍ കനാല്‍ ശുചീകരണ ജോലികള്‍ വിലയിരുത്തുന്നതിനു മോണിറ്ററിങ്‌ കമ്മിറ്റി രൂപീകരിക്കുമെന്നു മേയര്‍ ടോണി ചമ്മിണി. നഗരത്തിലെ ചെറുതും വലുതുമായ തോടുകളുടെ ശുചീകരണ ജോലികള്‍ ഈ മാസം തന്നെ ആരംഭിക്കാന്‍ സോണല്‍ ഓഫിസുകളില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു.
ചങ്ങാടംപോക്ക്‌ തോട്‌ അടക്കം നഗരത്തിലെ വലുതും ചെറുതുമായ തോടുകള്‍ വൃത്തിയാക്കാന്‍ ഇതേവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും വെള്ളക്കെട്ടു നിവാരണത്തിനു മഴക്കാല പൂര്‍വ പദ്ധതികളായി കോര്‍പ്പറേഷന്‍ എന്തുചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്നു കൗണ്‍സിലില്‍ വ്യക്തമാക്കണമെന്നും പ്രതിപക്ഷ കൗണ്‍സിലര്‍ അഡ്വ. എന്‍. അനില്‍കുമാര്‍ ചര്‍ച്ചയ്ക്കിടെ ആവശ്യപ്പെട്ടിരുന്നു. കരാറുകാരുടെ കുടിശിക നല്‍കാത്തതുമൂലം ബജറ്റ്‌ ജോലികള്‍ നടക്കുന്നില്ലെന്നും, ഡിവിഷന്‍തലത്തിലുള്ള കാന ശുചീകരണം പോലും നടത്താന്‍ കഴിയുന്നില്ലെന്നും കെ.വി. മനോജും ആക്ഷേപം ഉന്നയിച്ചു. ഇതിനു മറുപടിയായാണു വെള്ളക്കെട്ടു നിവാരണ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നു മേയര്‍ ഉറപ്പു }നല്‍കിയത്‌.
തേവര - പേരണ്ടൂര്‍ കനാല്‍ ശുചീകരണ മോണിറ്ററിങ്‌ കമ്മിറ്റി രൂപീകരിക്കുന്നതിനു 16നു യോഗം വിളിച്ചുചേര്‍ക്കുമെന്ന്‌ അദ്ദേഹം അറിയിച്ചു. കൊച്ചി മെട്രൊ റെയ്‌ല്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌(കെഎംആര്‍എല്‍), കേരള സ്റ്റേറ്റ്‌ ഇന്‍ലാന്‍ഡ്‌ നാവിഗേഷന്‍ കോര്‍പ്പറേഷന്‍(കെഎസ്‌ഐഎന്‍സി), ശുചീകരണ ജോലി ഏറ്റെടുത്തിരിക്കുന്ന കോണ്‍ട്രാക്റ്റര്‍, കനാല്‍ കടന്നുപോകുന്ന ഡിവിഷനുകളിലെ കൗണ്‍സിലര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാകും കമ്മിറ്റി രൂപീകരിക്കുക.
നഗരത്തിലെ മുഴുവന്‍ കനാലുകളും ചെളിനീക്കംചെയ്തു ശുചീകരിക്കാന്‍ 30 കോടിയില്‍പ്പരം രൂപ ആവശ്യമായിട്ടുണ്ട്‌. എന്നാല്‍, അഞ്ചു കോടി രൂപയാണ്‌ ഇതിനായി നീക്കിവയ്ക്കാന്‍ കഴിയുന്നത്‌. ഇതിന്റെ പരിധിയില്‍നിന്നു പരമാവധി ശ്രമങ്ങള്‍ നടത്തും. ഇടപ്പള്ളി തോട്‌ }ബാര്‍ഡ്‌ സഹായത്തോടെ ഇറിഗേഷന്‍ വകുപ്പ്‌ ശുചിയാക്കുന്നുനെന്നും മേയര്‍ അറിയിച്ചു.
ഒന്നിടവിട്ടുള്ള വര്‍ഷങ്ങളില്‍ ചെറിയ തോടുകള്‍ ശുചിയാക്കുകയെന്നാണു കോര്‍പ്പറേഷന്റെ നിലപാടെന്നു മേയര്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇതു ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്ന്‌ അഡ്വ. എം. അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. ചെറിയ കനാലുകള്‍ എല്ലാ വര്‍ഷവും വൃത്തിയാക്കണമെന്നും ഈ ജോലി നടന്നില്ലെങ്കില്‍ നഗരം മുന്‍പ്‌ ഉണ്ടായിട്ടില്ലാത്തവിധം വലിയ വെള്ളക്കെട്ടു നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ശുദ്ധജല ക്ഷാമത്തിനു പരിഹാരം കാണാന്‍ ജലവിഭവ മന്ത്രിയുടെ അധ്യക്ഷതയില്‍ 21ന്‌ ഉന്നതല യോഗം ചേരുമെന്നു മേയര്‍ ടോണി ചമ്മിണി. നിര്‍ദിഷ്ട പാഴൂര്‍ പദ്ധതി, പശ്ചിമകൊച്ചിയിലെ കുടിവെള്ള വിതരണത്തിലെ അപാകത തുടങ്ങിയ വിഷയങ്ങളില്‍ യോഗം തീരുമാനമെടുക്കുമെന്ന്‌ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ അറിയിച്ചു. കുടിവെള്ള പ്രശ്നത്തിന്‌ അടിയന്തര പരിഹാരമുണ്ടാക്കമെന്നു സംസ്ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി.
ജലവിതരണക്കാര്യത്തില്‍ നേരിട്ട്‌ ഇടപെടുന്നില്ലെങ്കിലും }ഗരവാസികള്‍ അനുഭവിക്കുന്ന പ്രശ്നത്തിനു പരിഹാരം കാണേണ്ടതു കോര്‍പ്പറേഷന്റെ ചുമതലയാണെന്നു മറുപടി പ്രസംഗത്തില്‍ മേയര്‍ ചൂണ്ടിക്കാട്ടി. കൊച്ചിയിലെ ശുദ്ധജല വിതരണം കാര്യക്ഷമമാക്കുന്നതിനു സംസ്ഥാ} സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്‌. ജലക്ഷാമം പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന പാഴൂര്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന്‌ റവന്യൂ അടക്കം വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം ആവശ്യമാണ്‌.
വരുന്ന ഫെബ്രുവരിയില്‍ പദ്ധതി കമ്മിഷന്‍ ചെയ്യാന്‍ കഴിയുമെന്നാണു കഴിഞ്ഞദിവസം തലസ്ഥാനത്തു ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തലുനായത്‌. പൈപ്പ്‌ സ്ഥാപിക്കുന്നതിനു പിറവത്തുനിന്നു മുളന്തുരുത്തി വരെയുള്ള 9.5 കിലോമീറ്റര്‍ റോഡ്‌ കുഴിക്കല്‍, ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയവയാണു പാഴൂര്‍ പദ്ധതിയുടെ മുന്നോട്ടുപോക്കിലെ തടസങ്ങള്‍.
ജലമന്ത്രി വിളിച്ചുചേര്‍ത്തിരിക്കുന്ന യോഗത്തില്‍ ഇക്കാര്യങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്നാണു പ്രതീക്ഷ. 21ന്‌ ഉച്ചകഴിഞ്ഞു രണ്ടിന്‌ എറണാകുളം ഗസ്റ്റ്‌ ഹൗസിലാണു യോഗം.
വാട്ടര്‍ അഥോറിറ്റിയുടെ മെയ്ന്റനന്‍സ്‌ കോണ്‍ട്രാക്റ്റ്‌ ജോലികള്‍ കാര്യക്ഷമമല്ലെന്നു ബോധ്യപ്പെട്ടിട്ടുണ്ടെന്നു മേയര്‍ സഭയെ അറിയിച്ചു. ഫണ്ടിന്റെ പോരായ്മയാണു മുഖ്യ പ്രശ്നം. ഉന്നതല യോഗത്തില്‍ ഇക്കാര്യവും ചൂണ്ടിക്കാട്ടും. പശ്ചിമകൊച്ചിയിലെ കാലഹരണപ്പെട്ട മുഴുവന്‍ കുടിവെള്ള പൈപ്പുകളും മാറ്റി സ്ഥാപിക്കാന്‍ എസ്റ്റിമേറ്റ്‌ തയാറാക്കിയിട്ടുണ്ടെങ്കിലും, പഴയ പൈപ്പുകളിലുള്ള ലീക്കുകള്‍ അറ്റകുറ്റപ്പണി നടത്തി പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടി വൈകിക്കരുതെന്നും മേയര്‍ നിര്‍ദേശിച്ചു.
നഗരം നേരിടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തെക്കുറിച്ചു പ്രതിപക്ഷ കൗണ്‍സിലര്‍ പി. എസ്‌. പ്രകാശാണ്‌ ആദ്യം പ്രശ്നം ഉന്നയിച്ചത്‌. പശ്ചിമകൊച്ചിയില്‍ വിതരണത്തിനെത്തിക്കുന്ന ശുദ്ധജലത്തിന്റെ 25% അനധികൃതമായി ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകളിലേക്കു കൊണ്ടുപോകുന്നതായും അദ്ദേഹം ആക്ഷേപം ഉന്നയിച്ചു.
വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ സമീപനമാണു ശുദ്ധജല ക്ഷാമം രൂക്ഷമാക്കുന്നതെന്ന്‌ അഡ്വ. സുനില ശെല്‍വന്‍ ചൂണ്ടിക്കാട്ടി. കരുവേലിപ്പടി വാട്ടര്‍ അഥോറിറ്റി ഓഫിസില്‍ ആവശ്യത്തിനു ജീവ}ക്കാരില്ലെന്ന പരാതി മുംതാസ്‌ ടീച്ചറും ഉന്നയിച്ചു. പശ്ചിമകൊച്ചിയിലെ മറ്റു കൗണ്‍സിലര്‍മാരും സമാന പ്രശ്നം ചൂണ്ടിക്കാട്ടി.
നഗരത്തിലെ വിവിധ നെയിംബോര്‍ഡുകള്‍ പുതുക്കി സ്ഥാപിക്കുന്നതിനു തിരുവനന്തപുരം കോര്‍പ്പറേഷന്റെ മാതൃക സ്വീകരിക്കുമെന്നു മേയര്‍ അറിയിച്ചു. സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത രീതിയിലാകും ഇതു നടപ്പാക്കുക. കൗണ്‍സിലര്‍ ശ്യാമള എസ്‌. പ്രഭുവാണു ചര്‍ച്ചയ്ക്കിടെ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്‌.
പള്ളുരുത്തി 40 അടി റോഡിനു ബജറ്റില്‍ അനുവദിച്ച 5.76 കോടി രൂപയുടെ ഭരണാനുമതി നല്‍കുന്നതു സംബന്ധിച്ചു തദ്ദേശ സ്വയംഭരണ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു കത്തു }നല്‍കിയിട്ടുണ്ട്‌. ജനകീയാസൂത്രണ പദ്ധതികളുടെ പൂര്‍ത്തീകരണം സംബന്ധിച്ചു കൗണ്‍സിലര്‍മാരുടെ അനുമതിപത്രമില്ലാതെ ബില്ലുകള്‍ പാസാക്കുന്നുവെന്ന ആരോപണത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ കോര്‍പ്പറേഷന്‍ എന്‍ജിനീയര്‍ക്കു നിര്‍ദേശം നല്‍കും. മൈസൂര്‍ മുനിസിപ്പാലിറ്റിയില്‍ നടപ്പാക്കിയിട്ടുള്ള ദുര്‍ഗന്ധ രഹിത മാലിന്യ സംസ്കരണ സംവിധാനം നേരില്‍ക്കണ്ടു മനസിലാക്കാന്‍ കൗണ്‍സിലര്‍മാരുടെ സംഘം അവിടേയ്ക്കു പോകുമെന്നും മേയര്‍ അറിയിച്ചു.
കെ.വി. മനോജ്‌, ലിനോ ജേക്കബ്‌, സി.എ. ഷക്കീര്‍, തമ്പി സുബ്രഹ്മണ്യം, അഡ്വ. എന്‍.എ. ഷഫീഖ്‌, സോജന്‍ ആന്റണി, അഡ്വ. എം. അനില്‍കുമാര്‍, വി.കെ. മിനിമോള്‍, എം.പി. മഹേഷ്‌ കുമാര്‍, കെ.ആര്‍. പ്രേംകുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.