വടക്കന്‍ കൊറിയ മിസൈല്‍ പരീക്ഷിച്ചു

Friday 13 April 2012 12:28 pm IST

പ്യോങ്യാങ്: വടക്കന്‍ കൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. ദീര്‍ഘ ദൂര മിസൈലുകളാണു പരീക്ഷിച്ചത്. എന്നാല്‍ വിക്ഷേപണം നടത്തി നിമിഷങ്ങള്‍ക്കകം തന്നെ കടലില്‍ പതിച്ചു. പാശ്ചാത്യ രാജ്യങ്ങളുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു വടക്കന്‍ കൊറിയ മിസൈല്‍ പരീക്ഷിച്ചത്. വെളളിയാഴ്ച രാവിലെ വിക്ഷേപിച്ച മിസൈല്‍ 120 കിലോമീറ്റര്‍ പിന്നിട്ട ശേഷം നാലു കഷണങ്ങളായി പൊട്ടിത്തെറിക്കുകയായിരുന്നു. കൊറിയയിലെ പടിഞ്ഞാറന്‍ തീരത്താണു മിസൈല്‍ തകര്‍ന്നു വീണതെന്നു ജാപ്പനീസ് ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ കൊറിയയും യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയും ജാപ്പനീസ് അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കന്‍ കൊറിയ മിസൈല്‍ പരീക്ഷിച്ച സാഹചര്യത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്‍റണ്‍ ജി എട്ട് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തു. മിസൈല്‍ വിക്ഷേപണവുമായി ബന്ധപ്പെട്ട കരാറുകള്‍ വടക്കന്‍ കൊറിയ ലംഘിച്ചതായി ഹിലരി പറഞ്ഞു. അതേസമയം കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിക്കുന്നതിനു വേണ്ടിയാണു മിസൈല്‍ വിക്ഷേപിച്ചതെന്നാണ് വടക്കന്‍ കൊറിയയുടെ വിശദീകരണം. രാജ്യത്തിന്റെ സ്ഥാപക നേതാവായ കിം ഇല്‍ സങ്ങിന്റെ നൂറാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായിട്ടായിരുന്നു വിക്ഷേപണം. അന്താരാഷ്ട്ര രാജ്യങ്ങള്‍ ഇത് ആണവായുധം നിറച്ച മിസൈലായി തെറ്റിദ്ധരിച്ചതാണെന്നും വടക്കന്‍ കൊറിയ പറഞ്ഞു. എന്നാല്‍ വടക്കന്‍ കൊറിയ വിക്ഷേപിച്ചതു ബാലസ്റ്റിക് മിസൈല്‍ ടെക്നോളജി ഉപയോഗിച്ചുളള ദീര്‍ഘദൂര മിസൈലുകളാണെന്നു ഹിലരി ആവര്‍ത്തിച്ചു. യുഎന്‍ സുരക്ഷ കൗണ്‍സില്‍ ഇതിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.