ഓപ്പറേഷന്‍ തീയറ്റര്‍ പൂട്ടി രോഗികള്‍ ദുരിതത്തില്‍

Wednesday 23 November 2016 7:36 pm IST

ചേര്‍ത്തല: ദേശീയ നിലവാരമുള്ള ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്റര്‍ പൂട്ടിയ നിലയില്‍. രോഗികള്‍ ദുരിതത്തില്‍. ഗവ. താലൂക്ക് ആശുപത്രിയില്‍ അറ്റകുറ്റപണിക്കായി രണ്ടുദിവസത്തേക്ക് എന്നപേരില്‍ അടച്ചിട്ട ഓപ്പറേഷന്‍ തിയേറ്ററാണ് ഒന്നരമാസമായിട്ടും പൂട്ടിക്കിടക്കുന്നത്. നിശ്ചയിച്ച ശസ്ത്രക്രിയ നടത്താനായി കോട്ടയം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികള്‍. മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതിനായാണ് താലൂക്ക് ആശുപത്രി പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ പരാതിയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് 17 ലക്ഷം രൂപ മുടക്കി നവീകരിച്ച തിയേറ്ററാണ് തറയോടുകള്‍ മാറ്റുന്നതിന്റെ പേരില്‍ അടച്ചിട്ടത്. ദേശീയ അംഗീകാരം ലഭിക്കുന്നതിന്റെ ഭാഗമായി കേന്ദ്രീകൃത ശീതീകരണ സംവിധാനം ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച് തിയേറ്റര്‍ ആണിത്. ശസ്ത്രക്രീയ കാത്ത് സര്‍ജറി വാര്‍ഡിലും മറ്റുമായി നിരവധി രോഗികളാണ് കഴിയുന്നത്. ആശുപത്രിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് നിരവധി പരാതികളാണ് ഉയരുന്നത്. ആയിരത്തിലധികം രോഗികള്‍ പ്രതിദിനം ചികിത്സ തേടിയെത്തിയിരുന്ന ഒപിയില്‍ ഇപ്പോള്‍ എത്തുന്നത് നാനൂറില്‍ താഴെ രോഗികളാണ്. 160 ഓളം രോഗികളാണ് കിടത്തിചികില്‍സയിലുള്ളത്. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യം രോഗികള്‍ക്ക് കിട്ടുന്നില്ലെന്നും ആക്ഷേപമുണ്ട്. കിടത്തി ചികില്‍സയിലുള്ള രോഗികള്‍ക്ക് പ്രതിദിനം 500 രൂപ വീതം ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്നുണ്ടെങ്കിലും ആവശ്യമായ മരുന്നുകള്‍ പോലും ലഭിക്കുന്നില്ലെന്നാണ് പരാതി. ഡോക്ടര്‍ കുറിച്ചുകൊടുക്കുന്ന ചീട്ടുമായി ആശുപത്രിയിലെ കാരുണ്യ, മെഡി ബാങ്ക് എന്നിവിടങ്ങളില്‍ എത്തിയാല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുള്ളവര്‍ക്ക് മരുന്നില്ലെന്ന മറുപടിയാണ് ലഭിക്കുന്നതത്രേ. മരുന്ന് പുറത്തു നിന്ന് വാങ്ങിയാല്‍ പണം മടക്കിനല്‍കിയിരുന്ന സംവിധാനമാണ് നേരത്തെ ഉണ്ടായിരുന്നത്. ഇത്തരത്തിലുള്ള ആനുകൂല്യങ്ങളും ഇപ്പോള്‍ ലഭിക്കുന്നില്ലെന്നാണ് രോഗികളുടെ പരാതി. അടിയന്തര ശസ്ത്രക്രിയകള്‍ക്കായി അത്യാഹിത വിഭാഗത്തിന് സമീപം താല്‍ക്കാലിക ഓപ്പറേഷന്‍ തിയേറ്റര്‍ സജ്ജമാക്കിയിട്ടുണ്ടെന്നും ഒപ്പറേഷന്‍ തീയേറ്റര്‍ ഉടന്‍ തന്നെ പ്രവര്‍ത്തനക്ഷമമാകുമെന്നുമാണ് അധികാരികളുടെ വാദം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.