സത്യം കണ്ടെത്തലാണ് ആനന്ദം

Wednesday 23 November 2016 9:10 pm IST

ആത്മജ്ഞാനം ഉണ്ടാവണമെന്ന ഉദ്ദേശ്യത്തോടൊപ്പം പരിശോധനാതത്പരമായ മനസ്സുണ്ടാവണം-നിന്ദയോ താദാത്മ്യ ഭാവമോ ന്യായവത്കരണമോ ഇല്ലാത്ത ജാഗരൂകമായ മനസ്സ്. പ്രശ്‌നം വെളിയിലല്ല; വ്യക്തിയിലാണ്. അതറിയുവാന്‍ താന്‍ എങ്ങനെയോ അങ്ങനെ സ്വമേധയാ ദിനംപ്രതി മനസ്സിലാക്കണം. മനസ്സില്‍ പ്രതികരണങ്ങള്‍ പിറക്കുമ്പോള്‍ മാത്രമേ അവയെ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. പ്രതികരണത്തില്‍നിന്നുള്ള മോചനത്തിലാണ്; അല്ലാതെ അതിനെ ചിട്ടപ്പെടുത്തുന്നതിലല്ല സ്വാതന്ത്ര്യം കുടികൊള്ളുന്നത്. അതുകൊണ്ട് മനസ്സിന്റെ ധാരണയില്ലെങ്കില്‍ ജീവിതോദ്ദേശ്യത്തെക്കുറിച്ചുള്ള നമ്മുടെ മുഴുവന്‍ അന്വേഷണത്തിനും യാഥാര്‍ത്ഥ്യം ഉണ്ടോ ഇല്ലയോ എന്ന നമ്മുടെ ചോദ്യത്തിനും ഒരര്‍ത്ഥവുമില്ലാതാകുന്നു. വളരെ വിപുലവും സങ്കീര്‍ണവും ആസന്നവുമായ പ്രശ്‌നം വ്യക്തിയിലിരിക്കുന്നു. വ്യക്തിക്കല്ലാതെ മറ്റാര്‍ക്കും ഗുരുവിനോ അദ്ധ്യാപകനോ രക്ഷകനോ അതു പരിഹരിക്കാനാവില്ലെന്ന് കൃഷ്ണമൂര്‍ത്തി പറയുന്നു. മനുഷ്യജീവിതത്തിന്റെ ആന്തരികഘടന ബാഹ്യഘടനയെക്കാള്‍ ശക്തമായതിനാല്‍ ബാഹ്യഘടനയെ പരാജയപ്പെടുത്താന്‍ അതിനെപ്പോഴും കഴിയും. ആന്തരികഘടനയെ മനസ്സിലാക്കാതെ ബാഹ്യമാതൃകയെ മാത്രം മാറ്റുന്നതില്‍ അര്‍ത്ഥമില്ല. ബാഹ്യകാര്യങ്ങളില്‍ ശാശ്വതമായ പുനസംഘടന കൊണ്ടുവരുവാന്‍ തന്നില്‍നിന്നുതന്നെ തുടങ്ങണം. ആ ആന്തരികപരിവര്‍ത്തനം ഉണ്ടാകുമ്പോള്‍ വിവേകത്തോടും ആര്‍ദ്രതയോടും അതീവശ്രദ്ധയോടുംകൂടി ബാഹ്യഘടനയെ മാറ്റാന്‍ വ്യക്തിക്ക് കഴിയും. ഒരുവന്‍ തന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന സത്യത്തെ കണ്ടെത്തണമെങ്കില്‍ കൃഷ്ണമൂര്‍ത്തിയുടെ പഠനങ്ങള്‍ ജാഗ്രതയോടെ മനസ്സിലാക്കി, പ്രാവര്‍ത്തികമാക്കണം. അനുനിമിഷം സംഭവിക്കുന്ന കാലത്തിന്റെ സാമ്രാജ്യത്തിലല്ലാത്ത ഒരു സത്യമുണ്ടെന്ന് കൃഷ്ണമൂര്‍ത്തി അറിഞ്ഞിട്ടുണ്ട്. നമ്മുടെ ജീവിതത്തിലെ എണ്ണമറ്റ പ്രശ്‌നങ്ങള്‍ക്കുള്ള ഏകപരിഹാരം ആ സത്യമാണ്. ഒരാള്‍ ആ സത്യത്തെ കാണുമ്പോള്‍ അല്ലെങ്കില്‍ സത്യം വന്നെത്തുമ്പോള്‍ അതയാളെ മോചിപ്പിക്കുന്നു. തുറന്നഹൃദയത്തോടെ മനസ്സിലാക്കുന്നവനേ മറ്റുള്ളവരുമായി ശോഭനമായ ബന്ധങ്ങളുണ്ടാക്കാനാവൂ. ബന്ധത്തില്‍നിന്ന് അകന്ന എന്തെങ്കിലുമല്ല സത്യം. ബന്ധങ്ങളുടെ ശരിയായ ധാരണയുണ്ടാകുമ്പോള്‍ എല്ലാ പ്രശ്‌നങ്ങളില്‍നിന്നും മോചനം നല്‍കുന്ന സത്യം തേടിയെത്തും. തന്നെ സമീപിക്കാന്‍ സത്യത്തെ അനുവദിക്കണം. അജ്ഞത സാങ്കേതികജ്ഞാനമില്ലായ്മയോ ശാസ്ത്രഗ്രന്ഥങ്ങള്‍ പഠിക്കായ്കയോ അല്ല, അത് ആത്മജ്ഞാനത്തിന്റെ അഭാവമാണ്. ജീവിതം പരസ്പരബന്ധത്തിലൂടെയുള്ള പ്രയാണമാണ്. ലോകം പാരസ്പര്യപ്രവാഹമാണ്. വ്യക്തി മാറിയാല്‍ പരിതസ്ഥിതി മാറും സാമ്പത്തിക വിദഗ്ദ്ധരും വിപ്ലവകാരികളും വ്യക്തിയെ മാറ്റാതെ പരിതസ്ഥിതിയെ മാറ്റാന്‍ ശ്രമിക്കുന്നു. വ്യക്തിയുടെ യത്‌നത്തിന്റെ ഉല്‍പ്പന്നമായ പരിതസ്ഥിതിയെ വ്യക്തിയെ മാറ്റാതെ മാറ്റാന്‍ കഴിയുകയില്ല. ചിന്തകളുടെയും വികാരങ്ങളുടെയും രീതികള്‍ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുമ്പോള്‍ മാത്രമേ മനുഷ്യബന്ധങ്ങളെ നിര്‍ണയിക്കുന്ന സ്വജ്ഞാനം ഉണ്ടാവുകയുള്ളൂ; പ്രശ്‌നത്തിന്റെ ആന്തരികമായ സത്യമെന്തെന്ന് വെളിവാകുകയുള്ളൂ. വ്യക്തിയുടെ പ്രശ്‌നങ്ങള്‍ അയാളുടേതു മാത്രമല്ല, ലോകത്തിന്റേതുകൂടിയാണ്. അതു പരിഹരിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയുടെ ചിന്തയ്ക്ക് വ്യക്തതയും ഭദ്രമായ അടിത്തറയുമുണ്ടായിരിക്കണം. തന്നെ അറിയാത്ത വ്യക്തിയുടെ പ്രവര്‍ത്തനം ദുരിതവും സംഭ്രാന്തിയും സൃഷ്ടിക്കുന്നു. ഇതാണ് ഇന്ന് ലോകത്തില്‍ നടക്കുന്നത്. ലൗകികനും ദരിദ്രനും ധനികനും ലോകപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉത്തരവാദപ്പെട്ടവരാണ്. ഭാരതത്തിലോ ജപ്പാനിലോ അമേരിക്കയിലോ ജീവിക്കുന്നവനാകട്ടെ അയാള്‍ സമഗ്രപ്രക്രിയയുടെ ഉല്‍പ്പന്നമാണ്; മുഴുവന്‍ മാനുഷിക സമരത്തിന്റെ അനന്തരഫലമാണ്. സാമ്പത്തികമോ ആത്മീയമോ ആയ തലത്തില്‍ മാത്രം ലോകത്തില്‍ സമ്പൂര്‍ണപരിവര്‍ത്തനം ഉണ്ടാക്കാന്‍ സാധ്യമല്ലെന്ന് വ്യക്തമായി മനസ്സിലാക്കണം. മനുഷ്യര്‍ ഒറ്റതിരിഞ്ഞ വ്യക്തിത്വങ്ങളല്ല; മിഥ്യാബോധങ്ങളും ഭാവനകളും അജ്ഞതയും സംഘര്‍ഷവും എല്ലാം ഉള്‍ച്ചേര്‍ന്ന സമഗ്രമാനുഷിക സമരത്തിന്റെ സൃഷ്ടികളാണ്. സ്വയമറിയുന്നവന് ഗുരുവേണ്ട. സ്വജ്ഞാനം അനുനിമിഷം തനിയേ ഉണ്ടാകുന്നു. അതു കേട്ടറിവുകളുടെ കുന്നുകൂടലോ മതാചാര്യന്മാരുടെ ഉപദേശങ്ങളോ അല്ല. താനുണ്ടാക്കുന്ന ബന്ധങ്ങളിലൂടെ നിമിഷംതോറും തന്നെത്താന്‍ കണ്ടറിയുന്നതിനാല്‍ ബന്ധത്തിന് തികച്ചും വ്യത്യസ്തമായ അര്‍ത്ഥതലം സിദ്ധിക്കുന്നു. ബന്ധം അപ്പോള്‍ വെളിപാടായി മാറുന്നു; ഈ കണ്ടെത്തലില്‍നിന്ന് പ്രവൃത്തി ഉണ്ടാകുന്നു. സ്വജ്ഞാനം ബന്ധത്തിലൂടെ മാത്രമേ വരികയുള്ളൂ. ബന്ധം പ്രവൃത്തിയാണ്. പ്രവൃത്തിയില്‍ ഉണ്ടാവുന്ന അവബോധത്തിന്റെ പരിണതഫലമാണ് സ്വജ്ഞാനം. പുസ്തകമൊന്നും വായിച്ചിട്ടില്ലെന്നും ജീവിതത്തിന്റെ പൊരുള്‍ തേടുന്ന പ്രഥമവ്യക്തിയാണെന്നും സങ്കല്‍പിക്കുക. ഗുരുവില്ല; പുസ്തകമില്ല; ആചാര്യനില്ല. പ്രക്രിയയൊക്കെ സ്വയം കണ്ടുപിടിക്കണം. തന്നില്‍നിന്നുതന്നെ തുടങ്ങേണ്ടിവരും. താന്‍ ഒന്നും അറിഞ്ഞിട്ടില്ലെന്നപോലെ തുടങ്ങണം. അപ്പോള്‍ സര്‍ഗാത്മകമായ; സ്വാതന്ത്ര്യം നേടിത്തരുന്ന കണ്ടുപിടുത്തം ഉണ്ടാകും-ആനന്ദവും ആഹ്ലാദവും കൊണ്ടുവരുന്ന കണ്ടുപിടുത്തം. തന്നെത്താന്‍ അറിയുക എന്നാല്‍ ഓരോ ചിന്തയെയും വികാരത്തെയുംകുറിച്ച് നിന്ദകൂടാതെ ബോധവാനാകുക എന്നാണര്‍ത്ഥം. നിന്ദിക്കുമ്പോള്‍ ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും വിരാമമിടുന്നു. എന്നാല്‍ നിന്ദിക്കുകയോ ന്യായവല്‍ക്കരിക്കുകയോ പ്രതിരോധിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ ചിന്തയുടെ ഉള്ളടക്കം സ്വയം വെളിവാകും. ഇതു സ്വയം പരീക്ഷിച്ചറിയാം. നമ്മെത്തന്നെ അറിയുന്നില്ലെങ്കില്‍ നാം സംഘര്‍ഷത്തില്‍നിന്ന് സംഘര്‍ഷത്തിലേക്ക് പോവുകയേയുള്ളൂ. സംഘര്‍ഷത്തില്‍ ഒന്നും സൃഷ്ടിക്കപ്പെടുകയില്ല. എല്ലാ പ്രതികരണത്തില്‍നിന്നും മോചനമുണ്ടായാലേ പുനഃസൃഷ്ടിയുണ്ടാവുകയുള്ളൂ. സ്വജ്ഞാനമുള്ളപ്പോള്‍ മാത്രമേ മോചനമുണ്ടാവുകയുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.