അപകടത്തില്‍ പരിക്കേറ്റ യുവാവിനെ പോലീസ് കള്ളക്കേസില്‍ കുടുക്കി

Wednesday 23 November 2016 9:12 pm IST

അമ്പലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിനെ അമ്പലപ്പുഴ പോലീസ് കള്ളക്കേസില്‍ കുടുക്കി ചികിത്സ നിഷേധിച്ചു. പോലീസുകാരന്‍ യുവാവിന്റെ അമ്മയെ വീടുകയറി അക്രമിച്ചു. അമ്പലപ്പുഴ പോലീസിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം. പുറക്കാട് വലിയവീട്ടില്‍ പ്രശാന്തിനാണ് പോലീസിന്റെ ക്രൂരത അനുഭവിക്കേണ്ടിവന്നത്. ഇന്നലെ രാവിലെ പ്രശാന്ത്, ഭാര്യ ചിത്ര, അഞ്ചുവയസുകാരനായ മകന്‍ എന്നിവരൊരുമിച്ച് സ്‌കൂട്ടറില്‍ വരുമ്പോള്‍ ബൈക്കിടിച്ച് പരിക്കേറ്റു. മൊബൈല്‍ ഫോണില്‍ സംസാരിച്ച് ഫയര്‍ഫോഴ്‌സുകാരന്‍ ബൈക്കോടിച്ചതാണ് അപകടകാരണം. ഇടിയുടെ ആഘാതത്തില്‍ പ്രശാന്തും ഭാര്യയും മകനും റോഡില്‍ തെറിച്ചു വീണു. ഇത് ചോദ്യം ചെയ്ത പ്രശാന്തിനെ ഫയര്‍ ഫോഴ്‌സ് ജീവനക്കാരനായ ഒറ്റപ്പന പുതുവല്‍ ശരത് അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റ പ്രശാന്തിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെ ഫയര്‍ ഫോഴ്‌സ് ജീവനക്കാരന്‍ ശരത്തിന്റെ സഹോദരനും പോലീസുകാരനുമായ ശ്യാംഘോഷ് പ്രശാന്തിന്റെ വീട്ടിലെത്തി അമ്മയെ ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്തു. പ്രശാന്ത് ആശുപത്രിയില്‍ ചികിത്സ തേടരുതെന്നും കേസാക്കരുതെന്നും പറഞ്ഞായിരുന്നു അക്രമം. ഓടിക്കൂടിയ നാട്ടുകാരാണ് രമണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോലീസുകാരന്റെ സ്വാധീനത്തെത്തുടര്‍ന്ന് അമ്പലപ്പുഴ എസ്‌ഐ പ്രശാന്തിനെ ആശുപത്രിയില്‍ നിന്നും വിളിച്ചുവരുത്തി കള്ളക്കേസ് ചുമത്തി അറസ്റ്റു ചെയ്തു. പ്രശാന്തിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ച പുറക്കാട് സ്വദേശി അശോകനെതിരെയും കേസെടുത്തു. ആരോഗ്യവകുപ്പ് ജീവനക്കാരനായ പ്രശാന്തിന്റെ ജോലി കളയുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്. എസ്‌ഐക്കെതിരെ പ്രശാന്തിന്റെ ഭാര്യ ചിത്ര ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. നിയമം പാലിക്കേണ്ട പോലീസുകാര്‍ ഗുണ്ടകളെപ്പോലെ പെരുമാറുന്നതില്‍ വ്യാപക പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.