കേന്ദ്രഭരണത്തിനുള്ള ജനപിന്തുണ

Thursday 24 November 2016 12:10 am IST

നോട്ട് അസാധുവാക്കിയതിനെതിരെ രാജ്യം മുഴുവന്‍ മോദിക്കെതിരെ എന്ന നിലയിലായിരുന്നു പ്രചാരണം. ബിജെപിയുടെ തകര്‍ച്ചയുടെ തുടക്കമാണിതെന്ന് രാഷ്ടീയപാര്‍ട്ടികളും മാധ്യമങ്ങളും വിളിച്ചു പറഞ്ഞു. റഷ്യയില്‍ 1998 ല്‍ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയുമായി തുലനം ചെയ്തു. റഷ്യയില്‍ റൂബിള്‍ പിന്‍വലിച്ചതിനെതുടര്‍ന്ന് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുകയും പ്രസിഡന്റ് ബോറീസ് യെല്‍സിന്റെ പുറത്താക്കലിന് വഴിതെളിക്കുകയും ചെയ്തു. യെല്‍സിന്റെ അനുഭവമാണ് മോദിക്ക് എന്ന് ആശിക്കുകയും ആഗ്രഹിക്കുകയും ചെയ്തവരുമുണ്ട്. അവരുടെയെല്ലാം സ്വപ്‌നത്തിന് അല്‍പായുസ്സ് നല്‍കുന്നതായിരുന്നു ഉപതെരഞ്ഞെടുപ്പ് ഫലം. ഏഴ് സംസ്ഥാനങ്ങളിലെ നാല് ലോക്‌സഭാ സീറ്റുകളിലേക്കും പത്ത് നിയമസഭാസീറ്റുകളിലേക്കുമായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റ് നേടി ബിജെപി തലയുയര്‍ത്തി നിന്നു. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് കിട്ടിയത് പുതുശ്ശേരിയിലെ ഒരു നിയമസഭാ സീറ്റുമാത്രം. ആസാമില്‍ കൈവശമിരുന്ന സീറ്റ് ബിജെപിക്ക് അടിയറവ് വച്ചപ്പോള്‍ തൃപുരയിലും ബംഗാളിലും കെട്ടിവച്ച കാശ് കൈപ്പത്തിക്ക് കിട്ടിയില്ല. തൃപുരയിലും കോണ്‍ഗ്രസിന് സിറ്റിംഗ് സീറ്റ് ഒരെണ്ണം പോയി. പാര്‍ട്ടി കോട്ടയായിരുന്ന ബംഗാളില്‍ സിപിഎമ്മിന്റെ അവസ്ഥയും സമാനമാണെന്ന് പറഞ്ഞ് കോണ്‍ഗ്രസുകാര്‍ക്ക് ആശ്വസിക്കാം. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ കൈയിലുണ്ടായിരുന്ന സീറ്റുപോയ പാര്‍ട്ടി ഡിഎംകെയാണ്. തമിഴ്‌നാട്ടില്‍ മൂന്ന് നിയമസഭാ സീറ്റുകളിലും ജയിച്ച എഐഎഡിഎംകെ രണ്ട് സീറ്റുകള്‍ ഡിഎംകെയില്‍നിന്ന് പിടിച്ചെടുക്കുകയായിരുന്നു. നിര്‍ണായകമായിരുന്ന മധ്യപ്രദേശ്, അരുണാചല്‍, അസം സംസ്ഥാനങ്ങളിലെ ജയം ബിജെപിക്ക് അഭിമാനിക്കാം. ഇവിടുത്തെ സിറ്റിംഗ് സീറ്റുകള്‍ എല്ലാം നിലനിര്‍ത്തിയപ്പോള്‍ ആസാമിലെ ഒരു നിയമസഭാസീറ്റ് കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. ബിജെപിക്ക് ശക്തികുറഞ്ഞ സംസ്ഥാനങ്ങളില്‍ മാത്രമാണ് എതിരാളികള്‍ക്ക് ജയിക്കാനായത്. അവിടങ്ങളിലും വോട്ട് കൂട്ടാനും ബിജെപിക്ക് കഴിഞ്ഞു.ത്രിപുരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഇരുനിയമസഭാ സീറ്റുകളും ഭരണകക്ഷിയായ സിപിഎം നിലനിര്‍ത്തിയെങ്കിലും കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപി രണ്ടാം സ്ഥാനത്തേക്ക് വന്നതാണ് ശ്രദ്ധേയം. അസം, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഓരോ സീറ്റിലും പശ്ചിമബംഗാളിലെ രണ്ട് ലോക്‌സഭ സീറ്റുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ലോക്‌സഭാംഗവും കേന്ദ്രമന്ത്രിയുമായിരുന്ന സര്‍ബാനന്ദ സോനോവാള്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അസമിലെ ലകിംപൂര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മധ്യപ്രദേശിലെ ഷഹ്‌ദോള്‍ മണ്ഡലത്തില്‍ ബിജെപി എംപി ദല്‍പത്ത് സിങ് പരാസ്‌തേയുടെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. പശ്ചിമബംഗാളിലെ കൂച്ച് ബിഹാര്‍, തംലൂക്ക് മണ്ഡലങ്ങളാണ് ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റ് ലോക്‌സഭാ മണ്ഡലങ്ങള്‍. കൂച്ച്ബീഹാറിലെ തൃണമൂല്‍ ലോക്‌സഭാംഗമായിരുന്ന രേണുക സിന്‍ഹ മരണമടഞ്ഞതും തംലൂക്ക് മണ്ഡലത്തിലെ സുവേന്ദു അധികാരി ബംഗാള്‍ മന്ത്രിസഭാംഗമായതുമാണ് ഉപതെരഞ്ഞെടുപ്പിന് സാഹചര്യമൊരുക്കിയത്. നോട്ടു മാറ്റവുമായി ബന്ധപ്പെട്ട് താല്‍ക്കാലിക പ്രയാസം നേരിടുന്നതിനിടയിലും പോളിംഗ് സ്‌റ്റേഷനിലെത്തി വോട്ടുകുത്തിയ ജനം തങ്ങള്‍ മോദിക്കോപ്പമെന്ന് പ്രഖ്യപിക്കുകയായിരുന്നു. നോട്ട് അസാധുവാക്കലിനെതിരെ പ്രചാരണം നടത്തി ജനവികാരം ബിജെപിക്കും മോദിക്കുമെതിരെ തിരിച്ച് നേട്ടം കൊയ്യാമെന്ന മോഹമാണ് പൊലിഞ്ഞത്. തെരഞ്ഞെടുപ്പ് ഫലം കള്ളപ്പണത്തിനും അഴിമതിക്കും എതിരെയുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ജനങ്ങള്‍ അനുകൂലിക്കുന്നതിന് തെളിവാണെന്ന ബിജെപിയുടെ അവകാശവാദത്തെ എതിര്‍ക്കാനാവില്ല. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ആദ്യമാണ്. ബിജെപി വിജയ പ്രതീക്ഷവയ്ക്കുന്ന സംസ്ഥാനങ്ങളാണിതെല്ലാം. അതിനാല്‍ നോട്ട് അസാധുവാക്കല്‍ പാര്‍ട്ടിയുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുമോ എന്നു സംശയിച്ച സാധാരണ ബിജെപി പ്രവര്‍ത്തകരുണ്ട്. അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് ഉപതെരഞ്ഞെടുപ്പു ഫലം. ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇതാണ് സ്ഥിതിയെങ്കില്‍, നോട്ടു പിന്‍വലിക്കലിന്റെ ഗുണഫലം വന്നുതുടങ്ങുമ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഫലം ഊഹിക്കാവുന്നതേയുള്ളു. നോട്ട് അസാധുവാക്കല്‍ നടപടിയില്‍ ചില ഇളവുകള്‍ വേണമെന്ന സമ്മര്‍ദ്ദം പലതരത്തില്‍ നടക്കുന്നുണ്ട്. പാര്‍ലമെന്റ് സ്തംഭിപ്പിക്കലും നിയമസഭയില്‍ പ്രമേയം പാസാക്കലും ഒക്കെ ഇതിന്റെ ഭാഗമാണ്. അത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെടാതെ സാമ്പത്തിക പരിഷ്‌ക്കാരങ്ങളുമായി മുന്നോട്ടുപോകാനുള്ള ജനങ്ങളുടെ പിന്തുണയായി ഉപതെരഞ്ഞെടുപ്പു ഫലത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഭാരതീയ ജനതാ പാര്‍ട്ടിക്കും കണക്കാക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.