ബ്രഹ്മേക്ഷരയിലെ അവസാന ജീവനക്കാരനും മോചിതനായി

Wednesday 23 November 2016 10:22 pm IST

വിഴിഞ്ഞം: കഴിഞ്ഞ വര്‍ഷം നവംബര്‍ 28ന് വിഴിഞ്ഞം വാര്‍ഫില്‍ അനധികൃതമായി നങ്കൂരമിട്ട ബ്രഹ്മേക്ഷര എന്ന ടഗ്ഗിന്റെ അവസാന ജീവനക്കാരനും മോചിതനായി. എറണാകുളം സ്വദേശിയായ ശ്രീകുമാര്‍ എന്ന എഞ്ചിനീയര്‍ക്കാണ് നിയമ യുദ്ധത്തിനൊടുവില്‍ കോടതിയുടെ അനുമതിയോടെ മോചനം ലഭിച്ചത്. ബ്രഹ്മാക്ഷര എന്ന ടഗ്ഗ് പതിനൊന്ന് ജീവനക്കാരുമായി ഒരു വര്‍ഷം മുന്‍പാണ് വിഴിഞ്ഞത്തടുത്തത്. അന്യ രാജ്യത്ത് പോയി മടങ്ങിയെന്ന കാരണത്താല്‍ ഇന്ത്യക്കാരായ ജീവനക്കാര്‍ക്ക് എമിഗ്രേഷന്‍ ഇല്ലാതെ വിഴിഞ്ഞത്തിറങ്ങാന്‍ നിയമം അനുവദിച്ചില്ല. മുംബൈ സ്വദേശിയുടെ വകയായ ടഗ്ഗിനെ ഉടമസ്ഥരും കൈയ്യൊഴിഞ്ഞു. അതോടെ ശമ്പളവും ആനുകൂല്യങ്ങളുമില്ലാത്ത ജീവനക്കാര്‍ ആഹാരം കഴിക്കാനുള്ള പണം പോലുമില്ലാതെ കഷ്ടപ്പെട്ടു. ഇതിനിടയില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് പൂര്‍ത്തിയാക്കിയ ആറ് അന്യസംസ്ഥാനക്കാര്‍ നാട്ടിലേക്ക് പോയി. ഇരുപത്തിരണ്ട് വയസ്സില്‍ താഴെയുള്ള നാല് തൊഴിലാളികളും ഇപ്പോള്‍ മോചിതനായ എഞ്ചിനീയറും ഉള്‍പ്പെടെ അഞ്ച് പേരാണ് ഇതില്‍ അവശേഷിച്ചിരുന്നത്. കോടതിയില്‍ നിന്നുള്ള അനുകൂല വിധിയിലൂടെ അവസാനത്തെ ആളും പോകുന്നതോടെ പുതിയ വാര്‍ഫിന് സമീപം നങ്കൂരമിട്ടിരിക്കുന്നകൂറ്റന്‍ ടഗ്ഗ് അനാഥമാകും. നിയമകുരുക്കുകള്‍ കാരണവും മാസങ്ങളായി ശമ്പളമില്ലാത്തതും കാരണവും ഇവരുടെ ജീവിതദുരിതം വലിയ വാര്‍ത്തയായിരുന്നു. ആദ്യമാസങ്ങളില്‍ കമ്പനി ഭക്ഷണത്തിന് വേണ്ട ചില സഹായങ്ങള്‍ ചെയ്തിരുന്നെങ്കിലും ഒടുവില്‍ അതുണ്ടായിരുന്നില്ല. പലപ്പോഴും പട്ടിണി കിടക്കേണ്ടി വന്നിരുന്ന ഇവരെ സഹായിച്ചിരുന്നത് പോര്‍ട്ട് അധികൃതരും നാട്ടുകാരുമായിരുന്നു. ടഗ്ഗിന്റെ നില അപകടകരമാണെന്ന് കാണിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് മര്‍ക്കന്റൈന്‍ മറൈന്‍ വകുപ്പ് പോര്‍ട്ട് അധികൃതര്‍ക്ക് നല്‍യിട്ടുണ്ട്. ഇനി മറ്റു ജോലികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത ടഗ്ഗ് ലേലം ചെയ്യാനുള്ള കോടതിവിധി സമ്പാദിക്കാനുള്ള നടപടികളും ഉടന്‍ ആരംഭിച്ചിട്ടുണ്ട്. ടഗ്ഗിന്റെ ഉടമസ്ഥരായ അഫബിള്‍ ഫിഷറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കും ലേലത്തെ സംബന്ധിച്ച നോട്ടീസ് നല്‍കാനും കോടതി തീരുമാനിച്ചിട്ടുണ്ട്. മാതാവ് ഉപേക്ഷിച്ച കുഞ്ഞിനെ ചൈല്‍ഡ് ലൈനിനു കൈമാറി പേരൂര്‍ക്കട: മാതാവ് ഉപേക്ഷിച്ചുപോയ കുഞ്ഞിനെ മണ്ണന്തല പോലീസ് ഇടപെട്ട് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്കു കൈമാറി. വട്ടപ്പാറ വില്ലേജില്‍ താമസിക്കുന്ന ഒന്നരവയസ്സുപ്രായം വരുന്ന പെണ്‍കുഞ്ഞിനാണ് തമ്പാനൂരിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തുണയായത്. രണ്ട് ആഴ്ചകള്‍ക്കു മുമ്പാണ് മാതാവ് കുട്ടിയെ ഉപേക്ഷിച്ച് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയത്. കുട്ടിയുടെ പിതാവിന് മാനസികപ്രശ്‌നം ഉണ്ടായിരുന്നതിനാല്‍ കുഞ്ഞിന്റെ സംരക്ഷണച്ചുമതല കുറച്ചുനാളായി നാട്ടുകാരാണ് ഏറ്റെടുത്തിരുന്നത്. ഇന്നലെ വൈകുന്നേരം വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും ചേര്‍ന്ന് കുഞ്ഞിനെ മണ്ണന്തല പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. എസ്‌ഐ എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം കുഞ്ഞിനെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്കു കൈമാറി. കുഞ്ഞിന്റെ സംരക്ഷണച്ചുമതല ഏറ്റെടുക്കാത്തതിന് മാതാവിനെതിരേ കേസെടുക്കുമെന്ന് മണ്ണന്തല പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.