ഡൗണ്‍ ടൗണ്‍ കേസ്; യുവമോര്‍ച്ച പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു

Thursday 24 November 2016 10:52 am IST

കോഴിക്കോട്: ഡൗണ്‍ ടൗണ്‍ കേസില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു ഉള്‍പ്പെടെ എട്ടു പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (നാല്) ജഡ്ജി കെ. വിദ്യാധരന്റേതാണ് ഉത്തരവ്. ജില്ലാ പ്രസിഡന്റ് പ്രബീഷ് മാറാട്, ജില്ലാ വൈസ് പ്രസിഡന്റ് ബബീഷ് ഉണ്ണികുളം, ജില്ലാ ട്രഷറര്‍ ടി. നിവേദ്, ബിജെപി ജില്ലാ കമ്മിറ്റി അംഗം പ്രശോഭ് കോട്ടൂളി, നോര്‍ത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി കെ. ഷൈബു, പ്രവര്‍ത്തകരായ ടി. റിജിന്‍, കെ.പി. ബിജിത്ത് എന്നിവരായിരുന്നു കേസിലെ പ്രതികള്‍. 2014 ഒക്‌ടോബര്‍ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. നഗരത്തില്‍ പി.ടി. ഉഷ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഡൗണ്‍ടൗണ്‍ റസ്റ്റോറന്റില്‍ നടക്കുന്ന ലൈംഗിക ചൂഷണത്തിനെതിരെ ജയ്ഹിന്ദ് ചാനല്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റസ്റ്റോറന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഡൗണ്‍ ടൗണ്‍ റസ്റ്റോറന്റ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തെന്നും ജോലിക്കാരെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് ഡൗണ്‍ ടൗണ്‍ ഉടമകള്‍ വെള്ളയില്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസ്സെടുത്ത പോലീസ് പ്രവര്‍ത്തകരെ വേട്ടയാടി. ഇടതു വലതു മുന്നണി നേതാക്കളും ഒരു വിഭാഗം മാധ്യമങ്ങളും ഇടത് അനുകൂല സാംസ്‌കാരിക പ്രവര്‍ത്തകരും സംഭവത്തെ വഴിതിരിച്ചുവിട്ടു. സദാചാര ഗുണ്ടായിസമായി സംഭവത്തെ ചിത്രീകരിച്ചവര്‍ റസ്റ്റോറന്റിനെതിരെ ഉയര്‍ന്ന ആരോപണം കണ്ടില്ലെന്ന് നടിച്ചു. ഇതിനെതുടര്‍ന്നാണ് തെരുവ് ചുംബനമടക്കം സംസ്ഥാനത്താകെ അരങ്ങേറിയത്. ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ രാഹുല്‍ പശുപാലനടക്കമുള്ളവര്‍ റസ്റ്റോറന്‍റിനെ അനുകൂലിച്ച് രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഓണ്‍ലൈന്‍ പീഡനക്കേസില്‍ രാഹുല്‍ പശുപാലന്‍ അറസ്റ്റിലാകുന്നത്. ഡൗണ്‍ടൗണ്‍ റസ്റ്റോറന്റിനെക്കുറിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ മറച്ചുവെക്കാന്‍ യുവമോര്‍ച്ച സമരത്തെ ഉപയോഗിക്കുകയായിരുന്നു. കേസ് കോടതിയില്‍ എത്തിയപ്പോള്‍ പ്രതികളെപ്പോലും തിരിച്ചറിയാന്‍ സാക്ഷികള്‍ക്കായില്ല. പ്രതികള്‍ക്കുവേണ്ടി അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള, അഡ്വ. ജിഷിന്‍ ബാബു, അഡ്വ. ശ്യാംജിത്ത് എന്നിവര്‍ കോടതിയില്‍ ഹാജരായി.

സത്യത്തിന്റെ വിജയം: അഡ്വ. പ്രകാശ് ബാബു

കോഴിക്കോട്: ഡൗണ്‍ ടൗണ്‍ കേസ്സിലെ പ്രതികളെ വെറുതെവിട്ട നടപടി സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയമാണെന്നും യുവമോര്‍ച്ച നേതാക്കളുടെ നിരപരാധിത്വം തുറന്നു കാണിച്ച കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു പറഞ്ഞു. പാവപ്പെട്ട പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും അനാശാസ്യത്തിന് പ്രേരിപ്പിക്കുകയും ചെയ്ത സ്ഥാപനത്തിനെതിരെ ജനാധിപത്യ രീതിയില്‍ നിവര്‍ന്നു നിന്നു പോരാടിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ മാസങ്ങളോളം വേട്ടയാടിയവര്‍ വിധിയോട് കൂടി അപഹാസ്യരായി മാറിയതായും അദ്ദേഹം കുറ്റപ്പെടുത്തി. ലൈംഗിക ചൂഷണം തെളിവു സഹിതം ഒരു മുഖ്യധാരാ ദൃശ്യമാധ്യമം പുറത്ത് വിട്ടിട്ടും സ്ഥാപനത്തെ വെള്ളപൂശാനും സംഭവത്തെ വഴിതിരിച്ചുവിടാന്‍ ചുംബന സമരം ഉള്‍പ്പെടെയുള്ള ആഭാസ സമരങ്ങള്‍ക്ക് നേതൃത്വം നല്കിയവരുടെ നിലപാടറിയാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.