ശബരിമലയില്‍ കോള വെന്‍ഡിങ് മെഷീന് നിരോധനം

Wednesday 23 November 2016 11:06 pm IST

ശബരിമല: ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളില്‍ കൊക്കക്കോള വെന്‍ഡിങ് മെഷീന് നിരോധനം. ഭക്ഷ്യസുരക്ഷാ വിഭാഗമാണ് വെന്‍ഡിങ് മെഷീനുകള്‍ നിരോധിച്ച് ഉത്തരവായത്. 'പ്ലാസ്റ്റിക് കുപ്പികള്‍ മലയിറങ്ങി; മലകയറുന്ന ടിന്‍ ബോട്ടിലുകള്‍' എന്ന പേരില്‍ ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്നായിരുന്നു നടപടി. പമ്പമുതല്‍ സന്നിധാനം വരെയുള്ള 12 കടകളിലാണ് വെന്‍ഡിങ് മെഷീനുകള്‍ ഉപയോഗിക്കാന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിരുന്നത്. മെഷീനില്‍നിന്നു വിതരണം ചെയ്യുന്ന പാനീയങ്ങളുടെ ഗുണനിലവാരം പരിശോധിക്കാതെയാണ് വിതരണം ചെയ്തിരുന്നതെന്ന് ഉത്തരവില്‍ പറയുന്നു. പാനീയ നിര്‍മ്മിതിക്ക് ഉപയോഗിക്കുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ്, ജലം, മറ്റ് കൂട്ടുകള്‍ എന്നിവയുടെ സ്രോതസ്സുകളും പരിശോധിച്ചിരുന്നില്ല. കുത്തക ലേലത്തിലൂടെ ദേവസ്വം ബോര്‍ഡാണ് കടകളില്‍ വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കന്‍ അനുമതി നല്‍കിയത്. ഈ അനുമതിയുടെ പേരില്‍ കൊക്കക്കോള, പെപ്‌സി, സ്പ്രിന്റ്, മൗണ്‍ടന്‍ ഡ്യു, പെപ്സി, സെവനപ്പ് തുടങ്ങിയ ശീതള പാനീയങ്ങളുടെ ടിന്‍ ബോട്ടിലുകളും വിപണനം നടത്തിയിരുന്നു. ഇതിനെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി ഗോപാലകൃഷ്ണനാണ് ആദ്യമായി സന്നിധാനത്ത് വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തത്.. പ്ലാസ്റ്റിക് കുപ്പികളേക്കാള്‍ വിപത്തേറിയതാണ് ടിന്‍ ബോട്ടിലുകള്‍. ഇവ പരിസ്ഥിതിക്ക് കനത്ത ആഘാതമാണ് നല്‍കുന്നത്. വനമേഖലയില്‍ വലിച്ചെറിയുന്ന ബോട്ടിലുകള്‍ തുരുമ്പെടുത്ത് അപകടകാരികളായി മാറുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.