മുഖം നഷ്ടപ്പെട്ടവരേറെ യുവമോര്‍ച്ചക്ക് ഇത് ധാര്‍മ്മിക വിജയം

Thursday 24 November 2016 10:17 am IST

കോഴിക്കോട്: വിവാദ ഡൗണ്‍ ടൗണ്‍ പ്രശ്‌നത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരെ വെറുതെ വിട്ടതോടെ ഒരുപറ്റം സാംസ്‌കാരിക നായകന്മാര്‍ക്കും ഇടത്-വലത് രാഷ് ട്രീയ നേതാക്കള്‍ക്കും ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ക്കും മുഖം നഷ്ടപ്പെട്ടു. നഗരത്തിലെ ന്യൂജനറേഷന്‍ കോഫീ ഷോപ്പുകളിലും മാളുകളിലും പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നുവെന്ന മുന്നറിയിപ്പായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉന്നയിച്ചത്. നിരവധി തവണ പരാതികളുന്നയിക്കപ്പെട്ടിട്ടും ഒരു പരിശോധന പോലും നഗരത്തില്‍ ഇതു സംബന്ധിച്ച് നടന്നില്ല. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെയടക്കം ചൂഷണത്തിന് വിധേയമാക്കുന്ന പെണ്‍വാണിഭ സംഘങ്ങള്‍ നഗരത്തില്‍ ഇടം പിടിച്ചു. കുപ്രസിദ്ധമായ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭം നടന്ന നഗരത്തില്‍ മറ്റൊരാവര്‍ത്തി ഇത്തരം ലൈംഗിക ചൂഷണങ്ങള്‍ നടക്കരുതെന്ന മാതാപിതാക്കളുടെ മനോഗതിയായിരുന്നു യുവമോര്‍ച്ച സമരത്തിന്റെ പ്രേരണ. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ജയ്ഹിന്ദ് ചാനലാണ് ഡൗണ്‍ടൗണ്‍ കോഫി ഷോപ്പിലെ വിവാദ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇതിനെ തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോഫി ഷോപ്പിലേക്ക് പ്രകടനം നടത്തി. ഇതിനെ പെരുപ്പിച്ച് കാട്ടി സദാചാര ഗുണ്ടായിസമായി ചിത്രീകരിക്കാനായിരുന്നു ചിലര്‍ ശ്രമിച്ചത്. ലോകത്തൊരിടത്തും നടക്കാത്ത സംഭവമാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഒരു വിഭാഗം മാധ്യമങ്ങള്‍ പരിശ്രമിച്ചത്. നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ സമ്മര്‍ദ്ദ ഫലമായിരുന്നു ഇതെന്ന് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിച്ചു. സാംസ്‌കാരിക നായകന്മാരുടെ മേലങ്കിയണിഞ്ഞവരും ഖദറണിഞ്ഞ കോണ്‍ഗ്രസ്സുകാരും കമ്യൂണിസ്റ്റ് രാഷ്ട്രീയക്കാരും ഒറ്റക്കെട്ടായി യുവമോര്‍ച്ചക്കെതിരെ രംഗത്തു വന്നു. ന്യൂജനറേഷന്‍ കോഫി ഷോപ്പുകള്‍ ഉടമകള്‍ക്ക് വേണ്ടി പലരും രംഗത്തെത്തി. സാംസ്‌കാരിക സംഗമങ്ങള്‍ നടത്തി. യുവമോര്‍ച്ച പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലി. കൊടും ക്രിമിനലുകളെപ്പോലെ പോലീസ് യുവമോര്‍ച്ച പ്രവര്‍ത്തകരെ പീഡിപ്പിച്ചു. വാര്‍ത്ത പുറത്തുവിട്ട ലേഖകനെയും വെറുതെ വിട്ടില്ല. എന്നാല്‍ കോഴിക്കോട് തെരുവില്‍ പരസ്യ ചുംബനം അരങ്ങേറിയതോടെയാണ് ഗൂഢാലോചനയുടെ ആഴം പുറത്തുവന്നത്. തെരുവുചുംബന നേതാക്കള്‍ കൊച്ചിയില്‍ പെണ്‍വാണിഭ കേസില്‍ പിടിക്കപ്പെട്ടപ്പോഴാണ് യുവമോര്‍ച്ചയാണ് ശരിയെന്ന് തെളിഞ്ഞത്. രാഹുല്‍ പശുപാലനടക്കമുള്ളവര്‍ പെണ്‍വാണിഭ സംഘത്തിലെ കണ്ണികളാണെന്ന് തിരിച്ചറിഞ്ഞിട്ടും എഡിറ്റോറിയലുകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ച പത്രങ്ങള്‍ തെറ്റ് തിരിച്ചറിഞ്ഞില്ല. തെറ്റ് തിരിച്ചറിഞ്ഞവര്‍ തിരുത്താനും തയ്യാറായില്ല. ന്യൂജനറേഷന്‍ കോഫി ഷോപ്പുകളുടെ തനിനിറം വെളിച്ചത്തുവന്നതോടെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരായ കേസ് പിന്‍വലിക്കാമെന്ന വാഗ്ദാനവുമായി ഉടമകള്‍ രംഗത്തെത്തി. എന്നാല്‍ കോടതിക്ക് പുറത്ത് കേസ് ഒത്തുതീരുന്ന പ്രശ്‌നമില്ലെന്നായിരുന്നു യുവമോര്‍ച്ചയുടെയും ബിജെപിയുടെയും നിലപാട്. പെണ്‍വാണിഭ സംഘങ്ങള്‍ ക്ക് എതിരായ സമരത്തില്‍ ഒത്തുതീര്‍പ്പില്ലെന്ന നിലപാടിന്റെ ധാര്‍മ്മിക വിജയമാണ് കോടതി വിധിയിലൂടെ വ്യക്തമായിരിക്കുന്നത്. പെണ്‍വാണിഭ സംഘത്തിന് കുഴലൂതിയ ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ ഗ്രസ് തുടങ്ങിയ യുവജനസംഘടനകളുടെ പൊയ്മുഖമാണ് ഇന്നലെത്തെ കോടതി വിധിയോടെ പൂര്‍ണമായി അഴിഞ്ഞുവീണത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.