മുലായത്തിനും മകനും മായാവതിക്കും 'ഇസഡ്‌ പ്ലസ്‌' സുരക്ഷ

Friday 13 April 2012 8:29 pm IST

ലക്നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മുലായം സിംഗ്‌ യാദവ്‌, മുഖ്യമന്ത്രി അഖിലേഷ്‌ യാദവ്‌, മുന്‍ മുഖ്യമന്ത്രി മായാവതി എന്നിവരുള്‍പ്പെടെ പത്ത്‌ പേര്‍ക്ക്‌ 'ഇസഡ്‌ പ്ലസ്‌' കാറ്റഗറി സുരക്ഷ നല്‍കാന്‍ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ തീരുമാനമായി. മുന്‍ മുഖ്യമന്ത്രിമാരായ രാജ്നാഥ്‌ സിംഗ്‌, കല്യാണ്‍സിംഗ്‌, രാം നരേഷ്‌ യാദവ്‌ (ഇദ്ദേഹം ഇപ്പോള്‍ മധ്യപ്രദേശ്‌ ഗവര്‍ണറാണ്‌) എന്നിവരും ഇസഡ്‌ പ്ലസ്‌ കാറ്റഗറി സുരക്ഷ നല്‍കിയവരില്‍ ഉള്‍പ്പെടുന്നതായി ആഭ്യന്തര വകുപ്പ്‌ വൃത്തങ്ങള്‍ അറിയിച്ചു.
'ഇസഡ്‌ പ്ലസ്‌' കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക്‌ 24 മണിക്കറും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥര്‍, 28 ദേശീയ സുരക്ഷാ ഗാര്‍ഡ്‌ കമാന്റോസ്‌, എസ്കോര്‍ട്ട്‌, പെയിലറ്റ്‌, വാഹന അകമ്പടി, കോബ്ര കമാന്റോസ്‌, 12 ഹോം ഗാര്‍ഡ്‌ എന്നിവ ഉണ്ടായിരിക്കും.
സംസ്ഥാന മന്ത്രിമാരായ മുഹമ്മദ്‌ അസംവാന്‍, ശിവ്പാല്‍ യാദവ്‌, കേന്ദ്ര ഖാനി മന്ത്രി ശ്രീപ്രകാശ്‌ ജയ്സ്വാള്‍, വിഎച്ച്പി നേതാവ്‌ അശോക്‌ സിംഗാള്‍, ബിജെപി നേതാവ്‌ വിനയ്‌ കത്യാര്‍, വാരാണസിയില്‍നിന്നുള്ള ലോക്സഭാംഗം മുരളീമനോഹര്‍ ജോഷി, കോണ്‍ഗ്രസ്‌ നേതാവ്‌ പ്രമോദ്‌ തിവാരി, ലക്നൗവില്‍നിന്നുള്ള ബിജെപി നേതാവ്‌ ലാല്‍ജി ടണ്ഡന്‍ എന്നിവര്‍ക്ക്‌ 'ഇസഡ്‌' കാറ്റഗറി സുരക്ഷ നല്‍കാനും ധാരണയായിട്ടുണ്ട്‌. ഈ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക്‌ മൂന്ന്‌ സുരക്ഷാ പേഴ്സണല്‍, പിഎസി കമാന്റോസ്‌ എന്നിവ സുരക്ഷയ്ക്കായി ഉണ്ടായിരിക്കും.
ഒരുകാലത്ത്‌ മായാവതിയുടെ വിശ്വസ്തനായിരുന്ന മുന്‍മന്ത്രി ബംബുസിംഗ്‌ കുഷ്‌വഹയ്ക്ക്‌ 'വൈ' കാറ്റഗറി സുരക്ഷ നല്‍കാനും തീരുമാനിച്ചതായി ആഭ്യന്തരവകുപ്പ്‌ അറിയിച്ചു. എന്‍ആര്‍എച്ച്‌എം പദ്ധതിയില്‍ കോടിക്കണക്കിന്‌ രൂപയുടെ അഴിമതി നടത്തിയെന്ന കേസില്‍ പ്രതിയാണ്‌ ഇദ്ദേഹം. വൈ കാറ്റഗറിയില്‍പ്പെട്ടവര്‍ക്ക്‌ ഒരു പോലീസ്‌ ഉദ്യോഗസ്ഥന്റെ സേവനം 24 മണിക്കൂറും ലഭ്യമാകും.
അയോധ്യാ കേസില്‍ നിര്‍ണായക ഉത്തരവ്‌ പുറപ്പെടുവിച്ച അലഹബാദ്‌ ഹൈക്കോടതി ജഡ്ജിമാരായ എസ്‌.യു.ഖാന്‍, സുധീര്‍ അഗര്‍വാള്‍, ധരംവീര്‍ ശര്‍മ്മ എന്നിവര്‍ക്കും ഇസഡ്‌ കാറ്റഗറി സുരക്ഷ ലഭ്യമാക്കാന്‍ തീരുമാനമായിട്ടുണ്ട്‌. സുപ്രീംകോടതി ഉത്തരവ്‌ പ്രകാരം ഇസഡ്‌ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയ സാമൂഹ്യ പ്രവര്‍ത്തകനും വക്കീലുമായ അജയ്‌ അഗര്‍വാളിന്‌ ഇസഡ്‌ കാറ്റഗറി സുരക്ഷ തുടര്‍ന്ന്‌ നല്‍കാനും തീരുമാനമായിട്ടുണ്ട്‌.
സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ ദേവേന്ദ്ര അഗര്‍വാള്‍, ഹഷീം അന്‍സാരി, ബിജെപി എംപി ആദിത്യനാഥ്‌ എന്നിവര്‍ക്ക്‌ 'എക്സ്‌' കാറ്റഗറി സുരക്ഷ ലഭ്യമാക്കും. ജോലി സമയത്ത്‌ ആറ്‌ പോലീസ്‌ കോണ്‍സ്റ്റബിള്‍മാരുടെ സേവനം, സുരക്ഷാഭീഷണി നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ കമാന്റോകളടക്കമുള്ളവരുടെ സുരക്ഷയും ഇവര്‍ക്ക്‌ ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.