കാര്‍ഷിക രംഗത്ത് ആസൂത്രണം അനിവാര്യമെന്ന്

Thursday 24 November 2016 9:23 pm IST

കണ്ണൂര്‍: ജില്ലയില്‍ പച്ചക്കറി ഉദ്പാദനത്തില്‍ വ്യക്തമായ ആസൂത്രണത്തിന്റെ അഭാവം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അഭിപ്രായപ്പെട്ടു. പച്ചക്കറി ഉല്‍പ്പാദന രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ജില്ലയുടെ ആവശ്യങ്ങളോ വിപണന സാധ്യതകളോ പരിഗണിക്കാതെ കര്‍ഷകര്‍ സ്വന്തം താല്‍പര്യപ്രകാരമുള്ള കൃഷികളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. അത്‌കൊണ്ടുതന്നെ ചില പച്ചക്കറികള്‍ ആവശ്യത്തിലധികം ഉല്‍പ്പാദിപ്പിക്കുന്നതിനാല്‍ വാങ്ങാനാളില്ലാതെ നശിക്കുന്ന അവസ്ഥയുണ്ടാവുന്നു. അതേസമയം മറ്റ് പച്ചക്കറികള്‍ ആവശ്യത്തിന് ലഭ്യമാകുന്നുമില്ല. ഇക്കാര്യത്തില്‍ കൃത്യമായ ആസൂത്രണമുണ്ടെങ്കില്‍ പച്ചക്കറി ഉല്‍പ്പാദന-വിപണന രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ജില്ലയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. െചറിയ തോതിലാണെങ്കിലും ഏതെങ്കിലും രീതിയിലുള്ള കൃഷികളില്‍ ഏര്‍പ്പെടണമെന്ന അവബോധം ഇന്ന് സമൂഹത്തില്‍ പൊതുവെയുണ്ട്. ജൈവകൃഷിയുടെ പ്രാധാന്യം പുതുതലമുറയിലുള്ളവര്‍ക്ക് പോലും ബോധ്യംവന്നിട്ടുണ്ട്. കൃഷിക്കനുകൂലമായ ഈ സാഹചര്യം പരമാവധി ഉപയോഗപ്പെടുത്തി നഷ്ടമായ കാര്‍ഷിക സംസ്‌ക്കാരം തിരികെ കൊണ്ടുവരാന്‍ സാധിക്കണം. എല്ലാം കമ്പോളത്തില്‍ ലഭിക്കുമെന്നായപ്പോഴാണ് മണ്ണിനോടും മനുഷ്യനോടുമുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ പ്രതിലോമകരമായ മാറ്റങ്ങളുണ്ടായത്. സമൂഹത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന നന്‍മകള്‍ വീണ്ടെടുക്കാന്‍ കാര്‍ഷിക സംസ്‌കാരത്തിലേക്കുള്ള തിരിച്ചുപോക്കിലൂടെ ഒരു പരിധിവരെ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ. ഓമന അധ്യക്ഷത വഹിച്ചു. കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ പ്രൊഫസര്‍ വി.കെ.രാജു, കാര്‍ഷിക വികസന കേന്ദ്രം തലവന്‍ കെ.ജയരാജ്, കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ പി.കെ ലളിത തുടങ്ങിയവര്‍ സംസാരിച്ചു. പച്ചക്കറി കൃഷി ചെയ്യുന്നതിന് ബ്ലോക്ക് തലത്തില്‍ ഉല്‍പാദന രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്. വിളക്രമീകരണം, ഉല്‍പ്പാദന രംഗത്തെ പ്രശ്‌നങ്ങള്‍, പരിഹാര മാര്‍ഗങ്ങള്‍, നിലവിലെ ഉല്‍പ്പാദനവും കമ്പോളത്തിന്റെ ആവശ്യവും തമ്മിലെ അന്തരം, അവ സന്തുലിതമാക്കാനുള്ള വഴികള്‍, നിലവിലെ കൃഷിരീതികളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ശില്‍പശാലയില്‍ ചര്‍ച്ച ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.