ഷാരൂഖ്‌ ഖാനെ ന്യൂയോര്‍ക്ക്‌ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

Friday 13 April 2012 10:52 pm IST

ന്യൂദല്‍ഹി: പ്രമുഖ ബോളിവുഡ്‌ താരം ഷാരൂഖ്ഖാന്‌ യുഎസ്‌ വിമാനത്താവളത്തില്‍ അവഹേളനം. ഇന്ത്യയില്‍നിന്ന്‌ സ്വകാര്യ വിമാനത്തില്‍ ന്യൂയോര്‍ക്ക്‌ വിമാനത്താവളത്തിലെത്തിയ ഖാനെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ രണ്ട്‌ മണിക്കൂറോളം തടഞ്ഞുവെച്ചു. മുന്‍രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാം, മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ്‌ ഫെര്‍ണാണ്ടസ്‌, യുഎസിലെ ഇന്ത്യന്‍ അംബാസഡറായിരുന്ന മീരാശങ്കര്‍ എന്നിവര്‍ക്ക്‌ പിന്നാലെയാണ്‌ കിംഗ്‌ ഖാനും അവഹേളിക്കപ്പെട്ടിരിക്കുന്നത്‌.
എയ്‌ല്‌ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യാന്‍ നിതാ അംബാനിക്കൊപ്പം എത്തിയതാണ്‌ ഷാരൂഖ്‌ ഖാന്‍. പ്രശസ്തരായ ഇന്ത്യന്‍ വ്യക്തികള്‍ക്കുനേരെ യുഎസ്‌ അവഹേളനപരമായ പെരുമാറ്റം ആവര്‍ത്തിക്കുന്നത്‌ കടുത്ത പ്രതിഷേധത്തിന്‌ വഴിതെളിച്ചിട്ടുണ്ട്‌.
വാഷിംഗ്ടണിലെ ഡള്ളാസ്‌ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2002, 2003 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ജോര്‍ജ്‌ ഫെര്‍ണാണ്ടസ്‌ അവഹേളിക്കപ്പെട്ടത്‌ വന്‍വിവാദമായിരുന്നു. ഈ സംഭവം അന്നത്തെ യുഎസ്‌ സ്റ്റേറ്റ്‌ ഡെപ്യൂട്ടി സെക്രട്ടറി സ്ട്രോബ്‌ താല്‍ബോട്ടിനെ അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനെ ദല്‍ഹി വിമാനത്താവളത്തില്‍വെച്ചുതന്നെയാണ്‌ അമേരിക്കന്‍ എയര്‍ലൈന്‍സ്‌ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചത്‌. അതേ ദിവസംതന്നെ ന്യൂയോര്‍ക്ക്‌ വിമാനത്താവളത്തില്‍ വെച്ചും അദ്ദേഹം അവഹേളിക്കപ്പെട്ടു. കലാമിന്റെ ജാക്കറ്റും ഷൂസുകളുമെല്ലാം യുഎസ്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഫോടകവസ്തു പരിശോധനക്കായി കൊണ്ടുപോവുകയായിരുന്നു. ഈ സംഭവത്തോട്‌ ഇന്ത്യ കടുത്ത എതിര്‍പ്പ്‌ പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും ഖേദ പ്രകടനത്തിന്‌ പോലും യുഎസ്‌ തയ്യാറായില്ല.
നയതന്ത്ര പാസ്പോര്‍ട്ടില്‍ യാത്രചെയ്യുകയായിരുന്ന മീരാശങ്കറെ മിസിസിപ്പി വിമാനത്താവളത്തില്‍ 2010 ഡിസംബറിലാണ്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടിമുടി പരിശോധനക്ക്‌ വിധേയയാക്കിയത്‌. സാരി ധരിച്ചതിന്റെ പേരിലായിരുന്നു ഈ പീഡനം. 2009 മുതല്‍ 2011 വരെ യുഎസിലെ ഇന്ത്യയുടെ അംബാസഡറായിരുന്നു മീരാശങ്കര്‍.
2010 സപ്തംബറില്‍ അന്നത്തെ സിവില്‍ വ്യോമയാനമന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേലിനും ചിക്കാഗോയിലെ ഒ'ഹെയര്‍ വിമാനത്താവളത്തില്‍ ദുരനുഭവമുണ്ടായി. അമേരിക്കയുടെ നിരീക്ഷണ പട്ടികയിലുണ്ടായിരുന്ന ഒരു പ്രഫുല്‍ പട്ടേലുമായി മന്ത്രിയുടെ പേരിനും ജനനതീയതിക്കുമുണ്ടായിരുന്ന സാമ്യമാണ്‌ വിനയായത്‌. 2010 ഡിസംബറില്‍ ടര്‍ബന്‍ മാറ്റാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന്‌ ഇന്ത്യയുടെ യുഎന്‍ പ്രതിനിധി സന്ദീപ്‌ പുരിയെ ഹൂസ്റ്റണ്‍ വിമാനത്താവളത്തില്‍ അരമണിക്കൂറിലേറെ തടഞ്ഞുവെച്ച സംഭവവുമുണ്ടായി. വന്‍ വിവാദമായ ഈ സംഭവങ്ങളിലെല്ലാം ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുള്ളതാണെങ്കിലും അത്‌ ആവര്‍ത്തിക്കപ്പെടുന്നതായി ഒടുവില്‍ ഷാരൂഖ്‌ ഖാനുണ്ടായ ദുരനുഭവം സൂചിപ്പിക്കുന്നു.
മറ്റ്‌ യാത്രക്കാര്‍ക്കെല്ലാം വിമാനത്താവളം വിടാന്‍ അനുമതി നല്‍കിയ എമിഗ്രേഷന്‍ അധികൃതര്‍ ഷാരൂഖിനെ രണ്ടു മണിക്കൂര്‍ തടഞ്ഞുവച്ചെന്നാണ്‌ റിപ്പോര്‍ട്ട്‌. എമിഗ്രേഷന്‍ വകുപ്പ്‌, കസ്റ്റംസ്‌, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരുമായി യേല്‍ യൂണിവേഴ്സിറ്റി അധികൃതര്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ്‌ ഷാരൂഖിനെ വിട്ടയച്ചത്‌. മുകേഷ്‌ അംബാനിയുടെ ഭാര്യ നീത അംബാനിക്കൊപ്പം സ്വകാര്യ വിമാനത്തിലാണ്‌ ഖാന്‍ ന്യൂയോര്‍ക്കിലെ വൈറ്റ്‌ പ്ലെയിന്‍ വിമാനത്താവളത്തില്‍ എത്തിയത്‌. അംബാനിയുടെ മകള്‍ യേല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനിയാണ്‌. ന്യൂയോര്‍ക്ക്‌ വിമാനത്താവള അധികൃതരുടെ നടപടി തന്നെ ഏറെ ദുഃഖിതനാക്കിയെന്ന്‌ ഷാരൂഖ്‌ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.