ചെന്നിത്തലയുടെ ബിനാമി, ഗുരുവായൂരപ്പനും മേലെ

Friday 25 November 2016 10:36 am IST

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രമേശ് ചെന്നിത്തല ദര്‍ശനത്തിന് എത്തിയപ്പോള്‍. പിന്നില്‍ എം.രാജു.

കൊച്ചി: രമേശ് ചെന്നിത്തലയുടെ ബിനാമിയായ, ഗുണ്ട, ഗുരുവായൂരമ്പലം വാഴുന്നു. ക്ഷേത്രം ഇലക്ട്രിക്കല്‍ ഫോര്‍മാനായ എം. രാജു, പെരുമാറ്റ ദൂഷ്യങ്ങള്‍ മറികടന്ന്, ക്ഷേത്ര ഭരണസമിതി അംഗവുമായി.

2011 ല്‍ ഭരണസമിതി അംഗമായി നാലുവര്‍ഷമിരുന്ന രാജു, അതിനിടയില്‍, കോണ്‍ഗ്രസ് നേതാവായ മുന്‍ മന്ത്രി കെ.കെ. രാമചന്ദ്രന്റെ മകനും ക്ഷേത്രം അസിസ്റ്റന്റ് മാനേജരുമായ സുനില്‍ കുമാറിനെ നാലമ്പലത്തില്‍ തല്ലിച്ചതച്ചു.

പത്താംക്ലാസ് പാസാകാത്ത രാജു, 1985 ല്‍ ഹെല്‍പറായാണ് ക്ഷേത്ര ജീവനക്കാരനായത്. ഇലക്ട്രിക്കല്‍ ട്രേഡുകളില്‍ ഒരു യോഗ്യതയുമില്ലാതിരിക്കെ, അസിസ്റ്റന്റ് ലൈന്‍മാനായി; ’88 ല്‍ പിരിച്ചുവിട്ടെങ്കിലും, കോണ്‍ഗ്രസ് ഭരണസമിതി, തിരിച്ചെടുത്തു. ഇയാളുടെ ഭാഗം കൂടി കേള്‍ക്കണം എന്ന ഹൈക്കോടതി ഉത്തരവിന്റെ മറവിലായിരുന്നു, ഇത്.

ഊട്ടുപുരയ്ക്കു മുകളില്‍, ‘നാരായണീയം’ വയ്ക്കുന്ന മൈക്കു പുരയില്‍, കൃഷ്ണനാട്ടം കഴിഞ്ഞ്, ഒരു സ്ത്രീയെ കയറ്റിയതിനാണ്, രാജുവിനെതിരേ ’88 ല്‍ നടപടിയുണ്ടായത്. അതുകഴിഞ്ഞ് തിരിച്ചെത്തിയ ശേഷം, സത്രത്തില്‍ വടകരയില്‍ നിന്നെത്തിയ കുടുംബത്തിലെ സ്ത്രീയെ കയറിപ്പിടിച്ചു കേസായി. ഡോക്ടറെ തല്ലിയ മറ്റൊരു കേസുണ്ടായി. ‘പാഞ്ചജന്യ’ത്തില്‍, മുന്‍സിഫിനോടു തട്ടിക്കയറി. ബോംബ് സ്‌ക്വാഡിലെ കോണ്‍സ്റ്റബിളിനെ തല്ലി.

രാഷ്ട്രീയത്തണലില്‍, ചില ജഡ്ജിമാര്‍പോലും രാജുവിനെ പ്രോത്സാഹിപ്പിച്ചു. ഒരു കേസ് സുപ്രീംകോടതിയില്‍ കിടക്കുന്നു. ജസ്റ്റിസ് കെ.എസ്. പരിപൂര്‍ണന്റെ കാലത്തു നിയമിച്ച കൃഷ്ണനുണ്ണി കമ്മിഷന്റെ റിപ്പോര്‍ട്ടില്‍, രാജുവിനെതിരേ ഒരു പേജാണ് പരാമര്‍ശം. നാട്ടുകാര്‍ രാജുവിനെതിരേ കേസിനു പോയപ്പോള്‍, ജീവനക്കാര്‍ പരാതിപ്പെടട്ടെ എന്ന് കോടതി നിലപാടെടുത്ത്, കേസിനുപോയ ക്ലര്‍ക്ക് ടി.കെ. സുരേഷ് ബാബു, പുലിവാലു പിടിച്ചു; പലയിടത്തേക്കും സ്ഥലം മാറ്റി. അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി, എതിര്‍ത്തു റിപ്പോര്‍ട്ട് എഴുതി.

എം. രാജു

നാലമ്പലത്തിലെ തല്ല് 2014 മാര്‍ച്ച് 19 നായിരുന്നു. രാജു ഭരണസമിതി അംഗമായിരിക്കെത്തന്നെ, അയാളെ ഫോര്‍മാന്‍ തസ്തികയില്‍ അവരോധിച്ച കാലം. താന്ത്രിക ചടങ്ങു നടക്കുന്നതിനിടയില്‍, നാലമ്പലത്തില്‍ ആരെയും കയറ്റില്ല. ഉത്സവബലിയുടെ എട്ടാം ദിവസം അവിടെ രാജുവും ഭരണസമിതി അംഗങ്ങളും കയറി. മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്റെ മകളും കുടുംബവും എത്തിയപ്പോള്‍, അവര്‍ക്കും നാലമ്പലത്തിനകത്തു കയറണമെന്ന താല്‍പര്യം അസി. മാനേജര്‍ അനില്‍ കുമാര്‍ അറിയിച്ചു.

എതിര്‍ കോണ്‍ഗ്രസ് ഗ്രൂപ്പില്‍പെട്ട രാജുവിനു പിടിച്ചില്ല. രാജുവും സുനില്‍ കുമാറും പരസ്പരം തല്ലി, നാലമ്പലത്തില്‍ കിടന്നുരുണ്ടു. സംഭവശേഷം, സുനില്‍ കുമാറിനെ ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ നിയോഗിച്ച കെ.ആര്‍. ജ്യോതിലാല്‍ ഐഎഎസും രാജുവിനെ പിന്തുണച്ചു. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ നിയോഗിച്ച കൃഷ്ണന്‍ നായര്‍ കമ്മിഷന്‍ ഒരു പണിയും എടുത്തില്ല.

ഭരണസമിതിയില്‍ ഇല്ലെങ്കിലും, രാജുവാണ്, ഭരണം. രണ്ടുവര്‍ഷമാണ് ഒരു ഭരണസമിതിയുടെ കാലാവധി; സമിതിയെ ഇടയ്ക്കു മാറ്റാനാവില്ല. എല്ലാ വിഐപികളെയും, അശുദ്ധിയുടെ നിറകുടമായ രാജു, ഗുരുവായൂരപ്പന്റെ സന്നിധിയിലേക്ക് ആനയിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.