ചേലക്കാട് സിപിഎം-ലീഗ് സംഘര്‍ഷം: കാറും ബൈക്കും കത്തിനശിച്ചു

Friday 25 November 2016 11:29 am IST

നാദാപുരം: ചേലക്കാട്ടെ തീക്കളി തുടരുന്നു. ഇടവേളക്കുശേഷം കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയോടെ നാലു ബൈക്കും രണ്ടു കാറും അക്രമികള്‍ തീ വെച്ച് നശിപ്പിച്ചു.ചേലക്കാട്ടെ ചന്ദ്രോത്ത് ഹമീദിന്റെ വീട്ടിലെ ഷെഡില്‍ നിര്‍ത്തിയിട്ട ഹമീദിന്റെ ബൈക്കും സഹോദര പുത്രന്‍ സാജിദിന്റെ ബൈക്കുമാണ് ഇന്നലെ പുലര്‍ച്ചയോടെ കത്തിച്ചത്. സാജിദിന്റെ പള്‍സര്‍ ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു. വിദേശത്ത് ജോലി ചെയ്യുന്ന ഹമീദിന്റെ ഭാര്യയും മൂന്ന് കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആളിപ്പടര്‍ന്ന തീയില്‍ അലൂമിനിയം ഷീറ്റില്‍ നിര്‍മ്മിച്ച ഷെഡ് മുഴുവന്‍ ഉരുകി നശിച്ചു. കൂടാതെ കുട്ടികളുടെ യുണിഫോംഅടക്കമുള്ള വസ്ത്രങ്ങളും കത്തി നശിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് തീഅണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വീടിന്റെ പിന്‍ഭാഗത്തെ ജനല്‍ ചില്ലുകളെല്ലാം തകര്‍ന്നു. ചേലക്കാട് പൂശാരി മുക്കില്‍ കൂറ്റിയാടിഗവ:ഹൈസ്‌കൂളിലെ അദ്ധ്യാപകന്‍ കക്കാട്ട് അബ്ദുല്‍ ഖാദറിന്റെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കും കാറും തീ വെച്ച് നശിപ്പിച്ചു. ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു.തൊട്ടടുത്തവലിയവീട്ടില്‍ അബ്ദുല്ലയുടെ വീടിനോട് ചേര്‍ന്ന ഷെഡില്‍ നിര്‍ത്തിയിട്ട ബൊലേറോ ജീപ്പും കത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഭാഗികമായി കത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച ദിവസം ചേലക്കാട്ടെ കണ്ടോത്ത് യാസറിന്റെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് മോട്ടോര്‍ ബൈക്ക് അക്രമികള്‍ കത്തിച്ചിരുന്നു. ഇതിനുപ്രതികാരമെന്നോണം ബുധനാഴ്ച രാത്രി ഒമ്പതരയോടെ പയന്തോങ്ങിലെ ഡിവൈ എഫ് ഐ പ്രവര്‍ത്തകന്‍ കണിയാം കണ്ടിയില്‍ ഷാജുവിന്റെ ബൈക്ക് ഏതാനും ആളുകള്‍ചേര്‍ന്ന് ചേലക്കാട് ഫയര്‍ സ്റ്റേഷന് സമീപമുള്ള റോഡില്‍ വെച്ച് തീ വെച്ച് നശിപ്പിച്ചു. ഇതോടെയാണ് അര്‍ദ്ധ രാത്രിക്കു ശേഷം പരിസരങ്ങളിലെ വാഹനങ്ങള്‍ക്ക് നേരെ വ്യാപക അക്രമം അരങ്ങേറിയത്.കഴിഞ്ഞ മാസം കല്ലാച്ചിയില്‍ നടന്ന യൂത്ത്‌ലീഗ് പ്രതിഷേധ പരിപാടിയുമായി ബന്ധപ്പെട്ടു നടന്ന അക്രമ സംഭവത്തിനിടെ തൊട്ടടുത്ത ചേലക്കാട്ടും അക്രമ സംഭവങ്ങള്‍ അരങ്ങേറിയുന്നു. ഇതേ തുടര്‍ന്ന് സര്‍വ്വ കക്ഷി നേതൃത്വത്തില്‍ സമാധാന ദൗത്യം നടന്നു വരുന്നതിനിടയിലാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തി രണ്ടു ദിവസങ്ങളിലായി വീണ്ടും അക്രമ സംഭവങ്ങള്‍ നടന്നിരിക്കുന്നത്. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.