കൊച്ചി: ജമാഅത്ത് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏക സിവില്‍ കോഡിനെതിരെയുള്ള പ്രതിഷേധ സമ്മേളനത്തിലേക്ക് വിവിധ രാഷ്ട്രീയകക്ഷികളെ ക്ഷണിച്ച കൂട്ടത്തില്‍ ബിജെപിയെ മനപൂര്‍വം ഒഴിവാക്കിയതില്‍ ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍ പ്രതിഷേധിച്ചു.
ഏക സിവില്‍കോഡ് സര്‍ക്കാര്‍ അജണ്ടയുടെ ഭാഗമല്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 44 പ്രകാരം നടപ്പിലാക്കേണ്ട സിവില്‍ കോഡ് നടപ്പാക്കാത്തതിന്റെ കാരണങ്ങള്‍ ബോധിപ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിയമകമ്മീഷനെ ഇതിന്റെ സാധുതകള്‍ പഠിക്കാന്‍ നിശ്ചയിച്ചു. കമ്മീഷന് ഒരു ചോദ്യാവലി പൊതുജനങ്ങള്‍ക്കായി പുറത്തിറക്കുകയും ചെയ്തു. എന്നാല്‍ ഈ ചോദ്യാവലി കാണുവാനോ പഠിക്കാനോ തയ്യാറാകാത്ത ആളുകളാണ് പ്രതിഷേധത്തിന് പിന്നില്‍.
ഏക സിവില്‍ കോഡ് ഒരു മതപ്രചാരണത്തിനും എതിരല്ല. വിവാഹം, സ്വത്ത് വീതംവയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ മാത്രമാണ് നിയമം നിലനില്‍ക്കുന്നത്. ആചാരങ്ങളില്‍ മാറ്റം വരുത്താന്‍ നിയമം അനുശാസിക്കുന്നില്ല. മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് നടക്കുന്നത്.
ഇത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധിക്കുന്ന സംഘടനകള്‍ പരസ്യ സംവാദത്തിന് തയ്യാറാകണമെന്നും നസീര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: