കേന്ദ്ര സര്‍ക്കാരിനെതിരെ കുപ്രചാരണം

Saturday 26 November 2016 12:13 pm IST

കേരളത്തിലെ സഹകരണ ബാങ്കുകളെ സംരക്ഷിക്കുന്നതിന് ഏറ്റവും അനുകൂല സമീപനം സ്വീകരിച്ച സര്‍ക്കാരാണ് നരേന്ദ്രമോദിയുടേത്. സംസ്ഥാനം ഭരിച്ച ഇടതു-വലതു സര്‍ക്കാരുകള്‍ പ്രാഥമിക സഹകരണസംഘങ്ങളെ തകര്‍ക്കുന്ന തരത്തിലുള്ള നടപടികളാണ് ഒരു പതിറ്റാണ്ടായി സ്വീകരിച്ചുപോന്നത്. 2006 ജൂണ്‍ ഒന്നിന് സംസ്ഥാന സഹകരണ രജിസ്ട്രാര്‍ ഒരു സര്‍ക്കുലര്‍ ഇറക്കി. അതില്‍ പറയുന്നത് വിവരാവകാശനിയമത്തിന്റെ 2(4) വകുപ്പനുസരിച്ച് സഹകരണ ബാങ്കുകള്‍ 'പബ്ലിക് അതോറിറ്റി' യാണ് എന്നാണ്. ഈ സര്‍ക്കുലര്‍ ഇറക്കുന്നതിന് അടിസ്ഥാനമായ സര്‍ക്കാരിന്റെ കത്ത് രജിസ്ട്രാര്‍ക്ക് ലഭിച്ചത് 2006 മെയ് അഞ്ചിനാണ്. അതായത് സര്‍ക്കാര്‍ കത്തയച്ചപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, സര്‍ക്കുലര്‍ ഇറക്കിയപ്പോള്‍ മുഖ്യമന്ത്രി അച്യുതാനന്ദനുമായിരുന്നു. ഈ സര്‍ക്കുലര്‍ അനുസരിച്ച് സഹകരണബാങ്കുകളിലെ നിക്ഷേപകരുടെ വ്യക്തിഗതകാര്യങ്ങള്‍ ഒഴിച്ച് എല്ലാം വെളുപ്പെടുത്തേണ്ടിവന്നേനെ. ഈ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ ഇടതു - വലത് സര്‍ക്കാരുകളെ സമീപിച്ച സഹകാരികളോട് ഭരണാധികാരികള്‍ പറഞ്ഞത് നിങ്ങള്‍ നിയമം പാലിക്കൂ, സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ പറ്റില്ലെന്നാണ്. ന്യൂജനറേഷന്‍ ബാങ്കുകള്‍ ഈ പഴുത് ഉപയോഗിച്ച് സഹകരണ ബാങ്കുകളെ നശിപ്പിക്കാന്‍ ശ്രമിക്കുമെന്ന് സഹകാരികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഇടതു-വലത് ഭരണാധികാരികള്‍ ചെവിക്കൊണ്ടില്ല. ഈ സര്‍ക്കുലര്‍ വന്നതിനുശേഷമാണ് കേരളത്തില്‍ ആദ്യമായി ആദായനികുതിവകുപ്പ് സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളുടെ വിവരം ആവശ്യപ്പെടുന്നത്. അതുവരെയും ആദായ നികുതിവകുപ്പ് സഹകരണ സംഘങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്തിയിരുന്നില്ല. 2005-06 വര്‍ഷം മുതലുള്ള നിക്ഷേപങ്ങളുടെയും, നിക്ഷേപകര്‍ക്ക് കിട്ടുന്ന പലിശയുടെയും വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് ആദായനികുതിവകുപ്പ് സഹകരണ ബാങ്കുകള്‍ക്ക് നോട്ടീസ് അയച്ചു. അതിന് അവര്‍ ചൂണ്ടിക്കാട്ടിയ കാരണം 2006 ജൂണ്‍ ഒന്നിലെ സര്‍ക്കുലറാണ്. 2006ലെ സര്‍ക്കുലറിനെ ചോദ്യം ചെയ്ത് തലപ്പലം സഹകരണ ബാങ്ക് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സര്‍ക്കുലര്‍ ശരിവച്ചു. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ച ബാങ്കിന് അനുകൂലമായ വിധിയുണ്ടായി. 2013 ഒക്‌ടോബര്‍ ഏഴിന് ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബഞ്ച് വിവരാവകാശ നിയമത്തിലെ 2(4) വകുപ്പ് അനുസരിച്ച് സഹകരണ ബാങ്കുകള്‍ 'പബ്ലിക് അതോറിറ്റിയല്ല' എന്ന് വിധിച്ചു. അങ്ങനെ കേരളത്തിലെ ഇടതുവലതു മുന്നണികള്‍ സംയുക്തമായി സഹകരണമേഖലയെ പ്രതിസന്ധിയിലാക്കിയപ്പോള്‍ സുപ്രീംകോടതിയാണ് രക്ഷയ്‌ക്കെത്തിയത്. എന്നാല്‍ 2005 മുതലുള്ള ആദായനികുതി വിവരങ്ങള്‍ നല്‍കണമെന്ന ആദായനികുതി വകുപ്പിന്റെ നേട്ടീസിനെതിരെ കതിരൂര്‍ സഹകരണ ബാങ്ക് ഹൈക്കോടതിയെയും തുടര്‍ന്ന് സുപ്രീംകോടതിയെയും സമീപിച്ചു. അഞ്ചു ലക്ഷത്തില്‍ കൂടുതല്‍ നടത്തിയിട്ടുള്ള നിക്ഷേപങ്ങളുടെ വിവരവും (ഇപ്പോള്‍ ഈ പരിധി 10 ലക്ഷമാണ്) വര്‍ഷം പതിനായിരം രൂപയില്‍ കൂടുതല്‍ നിക്ഷേപത്തിന്മേല്‍ കിട്ടുന്ന പലിശയുടെ വിവരവും നല്‍കണമെന്നായിരുന്നു നോട്ടീസ്. ആദായനികുതി നിയമത്തിലെ 133(6) വകുപ്പനുസരിച്ച് നികുതി വകുപ്പിന്റെ നടപടി ശരിയാണെന്ന് 2013 നവംബര്‍ 13ന് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന്റെ നേതൃത്വത്തിലുള്ള ബഞ്ച് വിധിച്ചു. അന്ന് കേരളത്തിലെ സഹകരണ സംഘങ്ങള്‍ ഈ വിധി നടപ്പാക്കുന്നത് 2015 ഏപ്രില്‍ ഒന്നുവരെ നിര്‍ത്തിവയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2015 ഏപ്രില്‍ ഒന്നിന് മുമ്പ് പ്രാഥമിക സഹകരണസംഘങ്ങളില്‍ കെവൈസി നടപ്പാക്കും എന്നാണ് അന്ന് കൊടുത്ത വാക്ക്. കെവൈസി എന്നാല്‍ ഉപഭോക്താവിനെ തിരിച്ചറിയുക എന്നാണ് (സിീം ്യീൗൃ രൗേെീാലൃ). ഇതിന് അക്കൗണ്ടുള്ള വ്യക്തിയുടെ തിരിച്ചറിയല്‍ രേഖയും മേല്‍വിലാസം തെളിയിക്കുന്ന രേഖയും കാണിക്കുകയും, അതിന്റെ കോപ്പികള്‍ നല്‍കുകയും ചെയ്താല്‍ മതി. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍കാര്‍ഡും ഉള്ളവര്‍ക്കെല്ലാം കെവൈസി കിട്ടും. ഇപ്പോള്‍ ആധാര്‍ മാത്രം നല്‍കിയാലും മതി. ഇതിനാണ് മോദി സഹകരണബാങ്കുകളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് പറയുന്നത്. ഇടതു - വലത് മുന്നണികളുടെ സര്‍ക്കുലറില്‍ തുടങ്ങിയ കേസ് മോദി അധികാരത്തില്‍ വരുന്നതിനു മുമ്പാണ്. 2013ലെ സുപ്രീംകോടതി വിധിയുടെ കാര്യമാണ് മോദിയുടെ തലയില്‍ കെട്ടിവയ്ക്കുന്നത്. സുപ്രീംകോടതി വിധിക്ക് മുമ്പും പിമ്പും ആദായനികുതി വകുപ്പ് സഹകരണ ബാങ്കുകള്‍ക്ക് നോട്ടീസും ഫൈനും ഒക്കെ നല്‍കിയിട്ടുണ്ട്. ഈ അവസരത്തിലൊന്നും കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മിണ്ടാട്ടമില്ലായിരുന്നു. കാരണം അന്ന് കേന്ദ്രത്തില്‍ യുപിഎ ആയിരുന്നു ഭരണത്തില്‍. 2006ലെ സര്‍ക്കുലര്‍ ഇറക്കുന്ന കാലത്ത് കേന്ദ്രത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ചാണ് ഭരിച്ചിരുന്നത്. മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ മുഖ്യമന്ത്രിമാരായിരുന്ന അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിയും ആദായനികുതി വകുപ്പിനെ പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും സമീപിച്ചിട്ടുണ്ട്. അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ല. അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിയും പതിനഞ്ച് ലക്ഷത്തിലേറെയുള്ള നിക്ഷേപങ്ങളുടെ കണക്ക് മാത്രമേ പരിശോധിക്കാവൂയെന്ന് അഭ്യര്‍ത്ഥിച്ചു. ഒരു ഫലവുമുണ്ടായില്ല. സഹകരണമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് സഹികെട്ട് പ്രസ്താവിച്ചത് കേന്ദ്രം ഒരു സഹായവും ചെയ്യില്ല, എല്ലാവരും നികുതി അടയ്‌ക്കേണ്ടിവരും എന്നാണ്. നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനുശേഷം ഉമ്മന്‍ചാണ്ടി അദ്ദേഹത്തെ കണ്ട് പതിനഞ്ച് ലക്ഷത്തില്‍ കൂടുതലുള്ള നിക്ഷേപങ്ങളുടെമേല്‍ മാത്രമേ നികുതി ചുമത്താവൂ എന്ന് അഭ്യര്‍ത്ഥിച്ചു. അതില്‍ പറഞ്ഞ കാരണം കര്‍ഷകരുടെ ജീവിതകാലം മുഴുവനുമുള്ള കാര്‍ഷിക വരുമാനമാണ് സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത് എന്നാണ്. ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് നരേന്ദ്രമോദി ഉറപ്പ് നല്‍കി. പിണറായി മുഖ്യമന്ത്രിയായപ്പോഴേക്കും കേന്ദ്രസര്‍ക്കാര്‍ നിക്ഷേപത്തിന്റെ പരിധി അഞ്ചുലക്ഷത്തില്‍നിന്നു പത്തുലക്ഷമായി ഉയര്‍ത്തിയിരുന്നു. പിണറായി പ്രധാനമന്ത്രിയെ കണ്ട് നിക്ഷേപം ഇരുപത്തിയഞ്ച് ലക്ഷത്തില്‍ കൂടുതലാണെങ്കില്‍ മാത്രമേ വിവരങ്ങള്‍ ശേഖരിക്കാവൂ എന്ന് അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രി അനുഭാവപൂര്‍വമായ മറുപടി നല്‍കി. മോദി സര്‍ക്കാര്‍ വന്നതിനുശേഷം ആദായനികുതിവകുപ്പ് സഹകരണ ബാങ്കുകളില്‍ നിന്ന് ഒരാളുടെ പേരില്‍തന്നെ കോടിക്കണക്കിന് നിക്ഷേപം കണ്ടെത്തുകയും നികുതി ചുമത്തുകയും ചെയ്തു. ആദായനികുതി വകുപ്പ് പറയുന്നത് പ്രാഥമിക സഹകരണ ബാങ്കുകളില്‍ കെവൈസി ഇല്ലാത്തതുകൊണ്ട് ഒരാള്‍ തന്നെ പല പേരുകളിലും മേല്‍വിലാസത്തിലും കോടികള്‍ നിക്ഷേപിക്കുന്നു എന്നാണ്. തൊണ്ണൂറ് ശതമാനം കര്‍ഷകരും തങ്ങള്‍ അധ്വാനിച്ച് ഉണ്ടാക്കിയ പണം സത്യസന്ധമായി സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കുന്നു. അവരെല്ലാം കെവൈസി നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ 10 ശതമാനം വരുന്ന കര്‍ഷകരല്ലാത്ത കള്ളപ്പണക്കാര്‍ കെവൈസി നല്‍കാന്‍ ഭയക്കുന്നു. അവരുടേതാണ് 90 ശതമാനം കള്ളപ്പണം. അവരെ സംരക്ഷിക്കാനാണ് സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്. ലോകത്താകമാനം കെവൈസി നടപ്പിലാക്കിയതിന്റെ ഭാഗമായി 2004ലാണ് ഭാരതത്തിലും കെവൈസി നടപ്പാക്കിയത്. അതിനുശേഷം ദേശസാല്‍കൃത ബാങ്കുകളിലും ഷെഡ്യൂല്‍ഡ് ബാങ്കുകളിലും അക്കൗണ്ടില്ലാത്തവര്‍ക്ക് പണം നിക്ഷേപിക്കാന്‍ സാധിക്കില്ല. അക്കൗണ്ട് ഉള്ളവര്‍ക്കെല്ലാം കെവൈസി ഉണ്ട്. അതുകൊണ്ട് ആരുടെ നിക്ഷേപമാണെന്ന് തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ സഹകരണബാങ്കില്‍ അക്കൗണ്ടും ഷെയറും ഇല്ലാത്തവര്‍ക്കും സ്ഥിരനിക്ഷേപം നടത്താന്‍ സാധിക്കും. മറ്റ് ബാങ്കുകളില്‍ 10,000 രൂപയില്‍ കൂടുതല്‍ സ്ഥിരനിക്ഷേപത്തിന്റെ പലിശ ഒരാള്‍ക്ക് കിട്ടിയാല്‍ ടിഡിഎസ് പിടിക്കും. അതുകൊണ്ട് നിക്ഷേപങ്ങളുടെ കണക്ക് വ്യക്തമാണ്. കേരളത്തില്‍ ആദായനികുതി വകുപ്പ് സഹകരണബാങ്കുകളില്‍ ഓരോ വ്യക്തിയുടെയും പേരില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം കണ്ടെത്തിയപ്പോള്‍ ആദ്യപടിയെന്നനിലയില്‍ 50 ലക്ഷത്തിലേറെ നിക്ഷേപമുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുവദിക്കണമെന്നാണ് അവരോട് ആവശ്യപ്പെട്ടത്. എന്നാല്‍ പരിശോധനയ്ക്ക് ചെന്ന ഉദ്യോഗസ്ഥരെ അടിച്ച് ഓടിക്കുകയാണ് ചെയ്തത്. അത് പാവപ്പെട്ട കര്‍ഷകര്‍ക്ക് വേണ്ടിയല്ല. 10 ശതമാനം വരുന്ന കള്ളപ്പണക്കാരെ രക്ഷിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും 90 ശതമാനം വരുന്ന കര്‍ഷകരെ കവചമാക്കുകയാണ്. ദേശസാല്‍കൃത ബാങ്കുകളിലും ഷെഡ്യൂള്‍ഡ് ബാങ്കുകളിലും അവര്‍ ആവശ്യപ്പെടുന്ന രേഖകള്‍ കൊടുത്താല്‍ അക്കൗണ്ട് തുറക്കാം. എന്നാല്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും മുസ്ലിംലീഗിനും ആധിപത്യമുള്ള സഹകരണ സംഘങ്ങളില്‍ മറ്റ് പാര്‍ട്ടിക്കാര്‍ക്ക് അംഗത്വം കിട്ടില്ല. അക്കൗണ്ടു തുറക്കാനും പറ്റില്ല. അങ്ങനെയുള്ള സഹകരണ ബാങ്കുകളിലാണ് ഏറ്റവും കൂടുതല്‍ കള്ളപ്പണം കുന്നുകൂടുന്നത്. അതുകൊണ്ടാണ് റിസര്‍വ് ബാങ്കിന്റെ നിയമം അനുസരിച്ചുവേണം സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കാനാനെന്ന് ബിജെപി ആവശ്യപ്പെടുന്നത്. നികുതി അടയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ ഇപ്പോള്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കില്ല. സഹകരണ ബാങ്കുകള്‍ കെവൈസി ഏര്‍പ്പെടുത്തുകയും സ്ഥിര നിക്ഷേപത്തിന്റെ പലിശയ്ക്ക് ടിഡിഎസ് അടയ്ക്കുകയും ചെയ്താല്‍ ഇപ്പോള്‍ കിട്ടുന്നതില്‍ കൂടുതല്‍ സ്ഥിര നിക്ഷേപം സഹകരണ ബാങ്കുകള്‍ക്ക് കിട്ടും. ദേശസാല്‍കൃത, ന്യൂജനറേഷന്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നവര്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ തുടങ്ങും. അപ്പോള്‍ നിക്ഷേപം വര്‍ദ്ധിക്കുകയാണ് ചെയ്യുക. കള്ളപ്പണക്കാര്‍ നിയമപരമായി പിടിക്കപ്പെടും എന്നു തോന്നിയാല്‍ അപ്പോള്‍ തന്നെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുകയാണ് ചെയ്യുക. സഹകരണ ബാങ്കുകളുടെ സുസ്ഥിരതയ്ക്കും സുതാര്യതയ്ക്കും നിയമപരമായി പ്രവര്‍ത്തിക്കുന്നതാണ് നല്ലത്. ഇനി സഹകരണ ബാങ്കുകളില്‍ നിയമം നടപ്പാക്കരുത് എന്നാണ് ഇരുമുന്നണികളും ആവശ്യപ്പെടുന്നതെങ്കില്‍ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് ദേദഗതിചെയ്യാന്‍ അവര്‍ കേന്ദ്രം ഭരിച്ചപ്പോള്‍ എന്തുകൊണ്ട് ശ്രമിച്ചില്ല. ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിലെ വകുപ്പ് മൂന്നും (സെക്ഷന്‍ 3) പാര്‍ട്ട് അഞ്ചും അനുസരിച്ചാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ നിയമം ഭേദഗതി ചെയ്ത് സഹകരണ ബാങ്കുകളെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടില്‍നിന്ന് മാറ്റാന്‍ സിപിഎമ്മും കോണ്‍ഗ്രസും എന്തുകൊണ്ട് ശ്രമിച്ചില്ല, അല്ലെങ്കില്‍ശ്രമിക്കുന്നില്ല? നിയമസഭയില്‍ പ്രമേയം പാസ്ാക്കിയതുകൊണ്ട് കാര്യമില്ല. ജി. ഗോപിനാഥന്‍ നായരും കേരള സര്‍ക്കാരും തമ്മിലുള്ള കേസില്‍ സഹകരണസംഘങ്ങള്‍ക്ക് ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിന്റെ കീഴിലേ പ്രവര്‍ത്തിക്കാന്‍ പറ്റൂ എന്ന് കേരള ഹൈക്കോടതി 1977ല്‍ തന്നെ വിധിച്ചതാണ്. ഇന്ന് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ ജില്ലാ സഹകരണ ബാങ്കുകളുടെ അംഗങ്ങളാണ് പ്രാഥമിക സഹകരണസംഘങ്ങള്‍. പ്രാഥമിക സഹകരണ സംഘങ്ങള്‍ കെവൈസി നടപ്പാക്കാത്തതുകൊണ്ടാണ് 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ മാറിനല്‍കാന്‍ അവരെ റിസര്‍വ് ബാങ്ക് അനുവദിക്കാത്തത്. ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ഇതിനുള്ള അധികാരം നല്‍കിയാന്‍ പ്രാഥമിക സഹകരണ സംഘങ്ങളില്‍ മാറുന്ന നോട്ടുകള്‍ മുഴുവന്‍ ജില്ലാ സഹകരണബാങ്ക് മാറ്റി നല്‍കേണ്ടിവരും. അപ്പോള്‍ കെവൈസി ഇല്ലാതെ തന്നെ കള്ളപ്പണക്കാര്‍ക്ക് നോട്ടുകള്‍ മാറാന്‍കഴിയും. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്രധനകാര്യ മന്ത്രി റിസര്‍വ് ബാങ്കിനെ സമീപിച്ചിരിക്കുകയാണ്. കെവൈസി രേഖകള്‍ ഹാജരാക്കുന്നവര്‍ക്ക് നോട്ടുകള്‍ മാറാന്‍ അവസരം നല്‍കണമെന്നാണ് കേന്ദ്ര ധനമന്ത്രി റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടത്. ഈ രീതിയില്‍ നോക്കിയാല്‍ കേരളത്തിലെ സഹകരണ മേഖലയോട് ഏറ്റവും അനുഭാവപൂര്‍വമായ സമീപനം സ്വീകരിച്ചത് നരേന്ദ്രമോദി സര്‍ക്കാരാണെന്ന് കാണാന്‍ കഴിയും. സിപിഎമ്മും കോണ്‍ഗ്രസും കര്‍ഷകരുടെ പേരില്‍ കള്ളപ്പണക്കാരെയാണ് സംരക്ഷിക്കുന്നത്. (ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.