പമ്പയിലേക്ക് ബസ് സര്‍വ്വീസ് നടത്തുന്നില്ല; അയ്യപ്പ ഭക്തര്‍ ദുരിതത്തില്‍

Friday 25 November 2016 11:00 pm IST

കാട്ടാക്കട: മലയോര മേഖലകളില്‍ നിന്നും പമ്പയിലേക്ക് സര്‍വ്വീസ് കെഎസ്ആര്‍ടിസി മുന്നറിയിപ്പില്ലാതെ നിര്‍ത്തിവച്ചത് അയ്യപ്പ ഭക്തരെ ദുരിതത്തിലാക്കി. ഭക്തരുടെ ആവശ്യം പരിഗണിച്ച് കാട്ടാക്കട ഡിപ്പോയില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പമ്പയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ വെള്ളനാട്, ആര്യനാട് എന്നീ ഡിപ്പോകളില്‍ നിന്നും കെഎസ്ആര്‍ടിസി സര്‍വിസ് നടത്തുന്നില്ല. നിലവില്‍ മലയോര മേഖലയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ക്ക് ശബരിമല യാത്രയ്ക്ക് നെയ്യാറ്റിന്‍കര, നെടുമങ്ങാട്, തിരുവനന്തപുരം ഡിപ്പോകളെ മാത്രമേ ആശ്രയിക്കാനാകു. കാട്ടാക്കട, പൂവച്ചല്‍, കുറ്റിച്ചല്‍, കള്ളിക്കാട്, മാറനല്ലൂര്‍, മലയിന്‍കീഴ്, വിളപ്പില്‍, അമ്പൂരി, ഒറ്റശേഖരമംഗലം, വെള്ളറട പഞ്ചായത്തുകളില്‍ നിന്നുള്ള ഭക്തരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. കുട്ടികളും വൃദ്ധരുമായി ദര്‍ശനത്തിന് പോകുന്ന ശബരിമല യാത്രികരാണ് കൂടുതല്‍ പ്രയാസം അനുഭവിക്കുന്നത്. രണ്ടും മൂന്നും ബസുകള്‍ കയറി ഇറങ്ങേണ്ട സാഹചര്യമാണ് ഇവര്‍ക്കുള്ളത്. ദിവസേന വൈകുന്നേരം 7.30ന് കാട്ടാക്കട ഡിപ്പോയില്‍ നിന്നും തിരിച്ച് അടുത്ത ദിവസം രാവിലെ പത്തരയോടെ കാട്ടാക്കടയില്‍ തിരിച്ചെത്തുന്ന രീതിയിലായിരുന്നു സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഇരു ഭാഗത്തേക്കുമായി 250 രൂപയില്‍ താഴെയാണ് യാത്രക്കൂലി. അതോടൊപ്പം ഒരു ബസില്‍ തന്നെ യാത്രയും മടക്കവും സാധിക്കുമെന്നതും സാധാരണക്കാര്‍ക്ക് ആശ്വാസമായിരുന്നു. 41 യാത്രക്കാര്‍ ഉണ്ടെങ്കില്‍ മാത്രമേ സര്‍വീസ് തുടരാവൂ എന്ന ചീഫ് ഓഫീസിന്റെ നിര്‍ദേശത്തെ തുടര്‍നാണ് തുടങ്ങിയ കാട്ടാക്കടയിലെ സര്‍വ്വീസ് നിറുത്തലാക്കിയത്. ഇതേ കാരണം നിരത്തിയാണ് മറ്റു മലയോര ഡിപ്പോകളില്‍ നിന്നും സര്‍വീസ് റദ്ദാക്കിയത്. അതെ സമയം ജില്ലയിലെ  വെഞ്ഞാറമൂട്, കണിയാപുരം തുടങ്ങിയ ഡിപ്പോകളില്‍ നാല്പത്തിയൊന്ന് യാത്രക്കാര്‍ വേണമെന്ന നിബന്ധന ഇല്ല. കഴിഞ്ഞ സീസണിലും കാട്ടാക്കടയില്‍ നിന്നും പമ്പയ്ക്കു മണ്ഡലകാല ആരംഭത്തില്‍ സര്‍വീസ് ആരംഭിക്കുകയും ചീഫ് ഓഫിസ് ഇടപ്പെട്ടു നിര്‍ത്തുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.