ഹരിത കേരള മിഷന്‍ പദ്ധതികള്‍ക്ക് ഡിസംബര്‍ എട്ടിന് തുടക്കമാവും

Saturday 26 November 2016 1:27 am IST

കണ്ണൂര്‍: ജനകീയ പങ്കാളി ത്തത്തോടെ നവകേരളമിഷ ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ഡിസംബര്‍ എട്ടിന് ഹരിതകേരള മിഷന്‍ പദ്ധതികള്‍ക്ക് തുടക്കമാവും. ശുചിത്വം, മാലിന്യസംസ്‌കരണം, ജലവിഭവസംരക്ഷണം, ജൈവകൃഷിയിലൂന്നിയ കാര്‍ഷിക വികസനം എന്നീ മേഖലകളെ സമന്വയിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് പ്രാരംഭഘട്ടത്തില്‍ നടപ്പാക്കുക. ഇതിന്റെ ഭാഗമായി ഡിസംബര്‍ എട്ടിന് സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും ഫ്‌ളാറ്റുകളിലും ശുചിത്വ സര്‍വേ നടത്തുമെന്ന് ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. ഇതിനായി സമഗ്രമായ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. റോഡരികുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കി പൂന്തോട്ടം വച്ച് പിടിപ്പിക്കുന്നതുള്‍ പ്പെടെയുള്ള സൗന്ദര്യവല്‍ക്കരണ പ്രവൃത്തികള്‍ നടപ്പാക്കുന്ന പദ്ധതിയും ഡിസംബര്‍ എട്ടിന് തുടങ്ങും. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ നിര്‍ബന്ധമായും പദ്ധതി നടപ്പാക്കും. പഞ്ചായത്തുകള്‍ക്ക് സൗകര്യമനു സരിച്ച് ഇത് നടപ്പാക്കാം. അതത് തദ്ദേശ സ്ഥാപനത്തിന്റെ നേതൃത്വ ത്തില്‍ ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുകയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. യൂത്ത് ക്ലബ്ബുകള്‍, സര്‍വീസ് സംഘടന കള്‍, ട്രേഡ് യൂനിയനുകള്‍, എന്‍.എസ്.എസ്, എന്‍.സി.സി, പരിസ്ഥിതി ക്ലബ്ബുകള്‍, നെഹ്‌റു യുവകേന്ദ്ര, കുടുംബശ്രീ, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പദ്ധതിയുമായി സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാംപയിനില്‍ പങ്കാളികളാ വുന്നവര്‍ക്കുള്ള കൈയുറകള്‍, കാലുറകള്‍, മുഖാവരണം, പ്രവൃത്തി നടത്താനാവശ്യമായ ഉപകരണങ്ങള്‍ തുടങ്ങിയവ സ്‌പോണ്‍സര്‍ഷി പ്പിലൂടെ കണ്ടെത്തും. മാലിന്യക്കൂമ്പാരങ്ങളിലെ അഴുകുന്ന മാലിന്യങ്ങള്‍ ഗ്രോബാഗുകളില്‍ നിറച്ച് മണ്ണുചേര്‍ത്ത് ചെടികള്‍ നട്ടുപിടിപ്പിക്കാനാണ് പദ്ധതി. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അഴുകാത്ത മാലിന്യങ്ങള്‍ നീക്കം ചെയ്യും. നമുക്ക് ആവശ്യമില്ലാത്തതും മറ്റുള്ളവര്‍ക്ക് ഉപകാരപ്രദവുമായ സാധനങ്ങള്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്ന സ്വാപ് ഷോപ്പ് പദ്ധതിക്കും ഡിസംബര്‍ എട്ടിന് തുടക്കമാവും. മുനിസിപ്പാലിറ്റികളിലാണ് തുടക്കത്തില്‍ ഇവ സ്ഥാപിക്കുക. താല്‍പര്യമുള്ള മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇത് നടപ്പാക്കാം. ആഴ്ചയില്‍ ഒരു സ്വാപ് ഷോപ്പെങ്കിലും സ്ഥാപിക്കാനുള്ള സംവിധാനമൊരുക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. മിക്‌സി, ടി.വി, മൊബൈല്‍, ചാര്‍ജര്‍, ലാപ്‌ടോപ്, ഇസ്തിരിപ്പെട്ടി, സ്റ്റീല്‍ പാത്രങ്ങള്‍, കുടകള്‍, കുട്ടികളുടെ ഉടുപ്പുകള്‍, വസ്ത്രങ്ങള്‍, ബെഡ്ഷീറ്റുകള്‍, മെത്തകള്‍, തലയിണകള്‍, കളിപ്പാട്ടങ്ങള്‍, വീട്ടുപകരണങ്ങള്‍, സ്‌കൂള്‍ ബാഗുകള്‍, ഷൂസുകള്‍ തുടങ്ങിയ വൃത്തിയുള്ളതും ഉപയോഗയോഗ്യവുമായ സാധനങ്ങളാണ് ജനകീയ പങ്കാളിത്തത്തോടെ മുനിസിപ്പാലിറ്റി ശേഖരി ക്കേണ്ടത്. ഇവ ഇനം തിരിച്ച് വിതരണകേന്ദ്ര ങ്ങളിലെത്തിച്ച് ആവശ്യക്കാര്‍ക്ക് നല്‍കാനാണ് പദ്ധതി. ഡിസംബര്‍ എട്ടിന് ഓരോ സ്‌കൂളിലെയും കിണറുകള്‍ അണുവിമുക്തമാക്കുകയും ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ചെയ്യും. അതോടൊപ്പം പ്ലാസ്റ്റിക് കവറുകള്‍ വൃത്തിയാക്കി സ്‌കൂളിലെത്തിക്കുന്ന കലക്ടര്‍ അറ്റ് സ്‌കൂള്‍ പദ്ധതി ഡിസംബര്‍ ഒന്നു മുതല്‍ എല്ലാ വിദ്യാലയങ്ങളും ആരംഭിക്കണം. ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് സാധനങ്ങള്‍ ശേഖരിക്കുന്ന ക്ലാസ്സുകള്‍ക്ക് കാംപയിന്‍ ദിനമായ ഡിസംബര്‍ എട്ടിന് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സമ്മാനങ്ങള്‍ നല്‍കണം. ഓരോ തദ്ദേശ സ്ഥാപനപരിധിയിലും പരമാവധി വിവാഹച്ചടങ്ങുകള്‍ ഡിസ്‌പോസബ്ള്‍ ഫ്രീയാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ എട്ടിനു മുമ്പായി എല്ലാ തദ്ദേശ സ്ഥാപന ഓഫീസുകളും ഡിസ്‌പോസബ്ള്‍ ഫ്രീ പ്രഖ്യാപനം നടത്താനും യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ തരിശായിക്കിടക്കുന്ന ഭൂമികള്‍ കണ്ടെത്തി കുടുംബശ്രീയുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തി ഡിസംബര്‍ എട്ടിന് കൃഷിയിറക്കും. ആവശ്യമായ വിത്തുകള്‍ കൃഷിവകുപ്പ് ലഭ്യമാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുടുംബശ്രീ യുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സഹായ ത്തോടെ കുളങ്ങള്‍, ചിറകള്‍ തുടങ്ങിയവ കാംപയിന്‍ ദിവസം വൃത്തിയാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ജലക്ഷാമം പരിഗണിച്ച് കിണറുകളിലെയും കുളങ്ങളിലെയും വെള്ളംവറ്റിക്കാതെ പായലുകളും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും നീക്കുകയാണ് ചെയ്യുക. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ ഓമന, ശുചിത്വമിഷന്‍ ജില്ലാ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ സുരേഷ് കസ്തൂരി തുടങ്ങിയവര്‍ സംസാരിച്ചു. ഹരിതകേരളത്തിനു പുറമെ, സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ്, ആശുപത്രിസേവനം കൂടുതല്‍ രോഗീസൗഹൃദമാക്കുന്നതിനുള്ള ആര്‍ദ്രം പദ്ധതി, പൊതുവിദ്യാഭ്യാസത്തിന്റെ ആധുനികവല്‍ക്കരണം എന്നീ നാല് പദ്ധതികളാണ് നവകേരള മിഷനില്‍ ഉള്‍പ്പെടുത്തിയിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.