മൊഹാലി: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്സില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍. ആദ്യ ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 268 റണ്‍സെടുത്തു. നാല് റണ്‍സുമായി ആദില്‍ റഷീദും റണ്ണൊന്നുമെടുക്കാതെ ഗരത്ത് ബാറ്റിയും ക്രീസില്‍. 89 റണ്‍സെടുത്ത ബെയര്‍സ്റ്റോവിന്റെയും 43 റണ്‍സെടുത്ത ബട്ട്ലറുടെയും ഭേദപ്പെട്ട ബാറ്റിങ്ങാണ് ഇംഗ്ലണ്ടിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.
കഴിഞ്ഞ ടെസ്റ്റ് കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങള്‍ ഇന്ത്യ വരുത്തി. പരിക്കേറ്റ കെ.എല്‍. രാഹുലിന് വിശ്രമം നല്കി മലയാളിയായ കരുണ്‍ നായര്‍ക്ക് അരങ്ങേറ്റത്തിന് അവസരം നല്കി. വൃദ്ധിമാന്‍ സാഹയ്ക്ക് പകരം പാര്‍ഥിവ് പട്ടേലാണ് വിക്കറ്റ് കീപ്പറായി എത്തിയത്.
ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. സ്കോര്‍ ബോര്‍ഡില്‍ 87 റണ്‍സായപ്പോഴേക്കും നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ഹസീബ് ഹമീദ് (9), ജോ റൂട്ട് (15), ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് (27), മോയിന്‍ അലി (16) എന്നിവരാണ് മടങ്ങിയത്. ഹമീദിനെ ഉമേഷ് യാദവും ജോ റൂട്ടിനെ ജയന്ത് യാദവും അലിയെ മുഹമ്മദ് ഷാമിയും കുക്കിനെ അശ്വിനുമാണ് മടക്കിയത്. അഞ്ചാം വിക്കറ്റില്‍ ബെയര്‍സ്റ്റോവും (89) ബെന്‍ സ്റ്റോക്ക്സും (29)ചേര്‍ന്ന് നേടിയ 57 റണ്‍സാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് അവരെ കരകയറ്റിയത്. സ്കോര്‍ 144-ല്‍ എത്തിയപ്പോള്‍ സ്റ്റോക്ക്സിനെ രവീന്ദ്ര ജഡേജ പുറത്താക്കി.
പിന്നീട് ബെയര്‍സ്റ്റോവും ബട്ട്ലറും ചേര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ട് സ്കോര്‍ 200 കടത്തിവിട്ടു. എന്നാല്‍ 213-ല്‍ എത്തിയപ്പോള്‍ 43 റണ്‍സെടുത്ത ബട്ട്ലറെയും ജഡേജ തന്നെ മടക്കി. സ്കോര്‍ 258-ല്‍ എത്തിയപ്പോള്‍ സെഞ്ചുറിക്ക് 11 റണ്‍ അകലെ വച്ച് ബെയര്‍സ്റ്റോവും മടങ്ങി. ജയന്ത് യാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കി. അധികം കഴിയും മുന്നേ 25 റണ്‍സെടുത്ത ക്രിസ് വോക്സിനെ ഉമേഷ് യാദവ്ബൗള്ഡാക്കി. സ്കോര്‍ 8ന് 256. ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ്, ജയന്ത് യാദവ്, ജഡേജ എന്നിവര്‍ രണ്ടും മുഹമ്മദ് ഷാമി, അശ്വിന് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
സ്കോര്‍ബോര്‍ഡ്
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്സ്: അലിസ്റ്റര്‍ കുക്ക് സി പാര്‍ത്ഥിവ് ബി അശ്വിന് 27, ഹമീദ് സി രഹാനെ ബി ഉമേഷ് യാദവ് 9, ജോ റൂട്ട് എല്‍ബിഡബ്ല്യു ബി ജയന്ത് യാദവ് 15, മോയിന്‍ അലി സി വിജയ് ബി മുഹമ്മദ് ഷാമി 16, ബെയര്‍സ്റ്റോവ് എല്‍ബിഡബ്ല്യു ബി ജയന്ത് യാദവ് 89, ബെന്‍ സ്റ്റോക്ക്സ് സ്റ്റംപ്ഡ് പാര്ത്ഥിന് ബി ജഡേജ 29, ബട്ട്ലര്‍ സി കോഹ്ലി ബി ജഡേജ 43, വോക്സ് ബി ഉമേഷ് 25, റഷീദ് നോട്ടൗട്ട് 4, ഗരത്ത് ബാറ്റി നോട്ടൗട്ട് 0, എക്സ്ട്രാസ് 11, ആകെ 90 ഓവറില്‍ എട്ട് വിക്കറ്റിന് 268.
വിക്കറ്റ് വീഴ്ച: 1-32, 2-51, 3-51, 4-87, 5-144, 6-213, 7-258, 8-266.
ബൗളിങ്: മുഹമ്മദ് ഷാമി 20-5-52-1, ഉമേഷ് യാദവ് 16-4-58-2, ജയന്ത് യാദവ് 15-5-49-2, ആര്. അശ്വിന് 18-1-43-1, രവീന്ദ്ര ജഡേജ 21-3-56-2.
പ്രതികരിക്കാൻ ഇവിടെ എഴുതുക: